city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തില്‍; വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് എംസി ഖമറുദ്ദീന്‍; മഞ്ചേശ്വരത്തെ മനസ് ആര്‍ക്കൊപ്പമെന്നറിയാന്‍ കാസര്‍കോട് വാര്‍ത്ത സ്ഥാനാര്‍ത്ഥിക്കൊപ്പം

മഞ്ചേശ്വരം: (www.kasargodvartha.com 14.10.2019) മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിന് ഇനി ആറു നാളുകള്‍ ബാക്കി. ഏഴാം നാള്‍ രണ്ടു ലക്ഷത്തി പതിനാലായിരത്തോളം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്. മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും നേതാക്കളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന നേതാക്കളെയാണ് മുന്നണികള്‍ എല്ലാം രംഗത്തിറക്കിയിരിക്കുന്നത്. ഇടതു മുന്നണിക്കു വേണ്ടി വോട്ടു ചോദിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മഞ്ചേശ്വരം മണ്ഡലത്തിലേക്ക് പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്ക് വോട്ടഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുന്നത് ഇവരാണെങ്കില്‍ യുഡിഎഫ് ക്യാമ്പില്‍ മണ്ഡലത്തിനകത്തുള്ള പ്രവര്‍ത്തകര്‍ തന്നെ സജീവമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളും അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയിലെ നേതാക്കളും പ്രചരണത്തിനായി എത്തുന്നത് യുഡിഎഫ് ക്യാമ്പിന് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എംപി, മുതിര്‍ന്ന നേതാവ് എംഎം ഹസ്സന്‍, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍, എം പിമാരായ രമ്യ ഹരിദാസ്, ജോസ് കെ മാണി, എന്‍കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ് എംഎല്‍എ, സിപി ജോണ്‍ തുടങ്ങിയ വലിയ നേതൃനിര തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീനു വേണ്ടി അവസാനഘട്ട പ്രചരണത്തിനായി തിങ്കളാഴ്ച മണ്ഡലത്തില്‍ എത്തി. ഇതോടെ സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകവും ചൂടേറിയതുമായി മാറിയിരിക്കുകയാണ് മഞ്ചേശ്വരത്തെ ഉപതെരെഞ്ഞെടുപ്പ്.


തിങ്കളാഴ്ച പൈവളികെ പഞ്ചായത്തിലെ കൊക്കച്ചാലില്‍ നിന്നാണ് എംസി ഖമറുദ്ദീന്റെ പ്രചരണം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി എത്തുമ്പോഴേക്കും കത്തുന്ന വെയിലിലും നിരവധി ആളുകളാണ് പ്രസംഗം കേള്‍ക്കാനും സ്ഥാനാര്‍ത്ഥിയെ കാണാനുമായി തടിച്ചു കുടിയത്. ഹൃസ്വമായ പ്രസംഗത്തിനു ശേഷം അടുത്ത പ്രചരണ കേന്ദ്രമായ കയ്യാറിലേക്ക്, തുടര്‍ന്ന് മേര്‍ക്കള, സുബ്ബയ്യക്കട്ട, ചേവാര്‍, പെര്‍മുദെ തുടങ്ങിയ 18 പ്രചരണ കേന്ദ്രങ്ങളില്‍ ആവേശ്വോജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി ബായാര്‍ പദവിലാണ് തിങ്കളാഴ്ചത്തെ പ്രചരണ പരിപാടികള്‍ക്ക് സമാപനം കുറിച്ചത്.

കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ മണ്ഡലത്തിനകത്തു നടത്തിയ വികസപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പ്രധാന പ്രചരണ വിഷയം. മുന്‍ എംഎല്‍എ പിബി അബ്ദുര്‍ റസാഖ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് യുഡിഎഫ് വോട്ടു ചോദിക്കുന്നത്. തുളുനാടിന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുവാനും മുന്‍ഗാമികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുവാനും തനിക്കാവുമെന്ന് എംസി ഖമറുദ്ദീന്‍ പറയുന്നു. വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഹൈക്കോടതിയില്‍ കെ സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് കേസ് നല്‍കിയത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. വിജയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് കേന്ദ്രത്തില്‍ ആശങ്കകള്‍ ഒന്നുമില്ല. എല്‍ഡിഎഫ്-ബിജെപി സ്ഥാനാര്‍ത്ഥികള്‍ എംസി ഖമറുദ്ദീനു മുന്നില്‍ വെല്ലുവിളിയേ അല്ലെന്നുമാണ് യിഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

അത്യുത്തര കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ കുറഞ്ഞ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. എന്നിരുന്നാലും രാഷ്ട്രീയ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടേയും മുന്‍ എംഎല്‍എ പിബി അബ്ദുര്‍ റസാഖിന്റെയും മൂന്നു പതിറ്റാണ്ടു കാലത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞു കൊണ്ടുള്ള പ്രചരണം കത്തിക്കയറുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും പിഎസ്സി നിയമനതട്ടിപ്പ്, ശബരിമല, പെരിയ ഇരട്ടക്കൊലപാതകം അടക്കമുള്ള വിവാദ വിഷയങ്ങളും മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. ഇത്തവണ മഞ്ചേശ്വരത്തെ ജനങ്ങളുടെ മനസ് ആര്‍ക്കൊപ്പം? ഒക്ടോബര്‍ 21 ന്ന് വരെ മുന്നണികള്‍ക്ക് വിശ്രമമില്ലാത്ത ദിനരാത്രങ്ങള്‍.
Keywords:  news, kasaragod, Kerala, Politics, UDF, Manjeshwaram, by-election, M.C.Khamarudheen, Government, Congress, Rajmohan Unnithan, Oommen Chandy, manjeswaram by election: kasargod vartha team with udf candidate

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia