കുമ്പള ടോൾ സമരം: മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് അറസ്റ്റിൽ; സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി
● ദേശീയപാതയുടെ സ്ഥലത്ത് സമരം നടത്തുന്നത് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി പോലീസിൽ പരാതി നൽകിയിരുന്നു.
● ഈ പരാതിയുടെ അടിസ്ഥാനത്തിൽ സമരക്കാർക്ക് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
● നോട്ടീസ് കൈപ്പറ്റിയിട്ടും സമരക്കാർ പിരിഞ്ഞുപോകാത്തതിനാലാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി.
● അറസ്റ്റിലായ എം.എൽ.എയെ കാസർകോട് എ.ആർ ക്യാമ്പിലേക്ക് മാറ്റി.
● എം.എൽ.എയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.
കുമ്പള: (KasargodVartha) ആരിക്കാടി ദേശീയപാത 66-ൽ ടോൾ പിരിവിനെതിരെ അനിശ്ചിതകാല സമരം നടത്തിവന്ന മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫിനെ വ്യാഴാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിലെ സമരപ്പന്തലിൽ വെച്ചായിരുന്നു അറസ്റ്റ്. തുടർന്ന് സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി.
ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എം എൽ എയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന് പ്രദേശത്ത് ശക്തമായ പിന്തുണ ലഭിക്കുന്നതിനിടെയാണ് പോലീസ് നടപടി. ദേശീയപാതയുടെ സ്ഥലത്ത് സമരം നടത്തുന്നത് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ എം എൽ എയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
നോട്ടീസ് കൈപ്പറ്റിയിട്ടും സമരക്കാർ പിരിഞ്ഞുപോകാത്തത് കൊണ്ടാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അറസ്റ്റിലായ എം എൽ എയെ കാസർകോട് എ ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
അറസ്റ്റിനെ തുടർന്ന് സമരവേദിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പ്രവർത്തകരും നാട്ടുകാരും പ്രതിഷേധം ശക്തമാക്കി. കുമ്പള ടോൾ പ്ലാസയിൽ നിന്ന് പിരിവ് അവസാനിപ്പിക്കുക എന്നതാണ് സമരക്കാർ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. എം എൽ എയുടെ അറസ്റ്റിനെതിരെ തുടർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Manjeshwaram MLA AKM Ashraf arrested during Kumbala toll plaza protest; police remove protest tent citing NHAI complaint.
#KumbalaToll #AKMAshraf #Kasaragod #Protest #PoliceAction #NH66






