കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് തമ്പടിച്ച് തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി, അനുകൂല സാഹചര്യമെന്ന് കണക്കുകൂട്ടി എ കെ എം അഷറഫും ഫുൾ ഫോമിൽ
● 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയശതമാനം 27-ൽ നിന്ന് 22-ലേക്ക് താഴ്ന്നത് എൻഡിഎയ്ക്ക് ആശങ്കയുണ്ടാക്കുന്നു.
● മുസ്ലിം ലീഗ് കോട്ടയായ പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ കോൺഗ്രസ് തിരിച്ചുപിടിച്ചത് യുഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
● ആരിക്കാടി ടോൾ പ്ലാസ വിഷയവും വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ സജീവ ചർച്ചയാകുന്നു.
● ബിജെപിക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകളും ജില്ലാ അധ്യക്ഷ എം.എൽ. അശ്വിനിയുടെ ഫേസ്ബുക്ക് കുറിപ്പും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചർച്ചയാകുന്നു.
കുഞ്ഞിക്കണ്ണൻ മുട്ടത്ത്
മഞ്ചേശ്വരം: (KasargodVartha) പതിറ്റാണ്ടുകളുടെ ശ്രമങ്ങൾക്ക് ശേഷവും ബിജെപിക്ക് ബാലികേറാമലയായി തുടരുന്ന മഞ്ചേശ്വരം സീറ്റ് പിടിച്ചെടുക്കാൻ കെ. സുരേന്ദ്രൻ മൂന്നാം തവണയും അങ്കത്തിനിറങ്ങുമ്പോൾ, മണ്ഡലത്തിലെ അനുകൂല സാഹചര്യം മുതലാക്കി സിറ്റിംഗ് എംഎൽഎ എ.കെ.എം. അഷ്റഫും കളം നിറയുന്നു.
ഇതിനിടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ ഇറക്കി നഷ്ടപ്രതാപം വീണ്ടെടുക്കാൻ സിപിഎം ശ്രമിക്കുന്നതോടെ തുളുനാടൻ മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമായി മാറുകയാണ്.
അഭ്യൂഹങ്ങളും രാഷ്ട്രീയ സാഹചര്യവും
ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി കന്നഡയിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് മഞ്ചേശ്വരത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്ത്രീയായതിനാൽ തന്റെ ചിറകുകൾ വെട്ടിമാറ്റുന്നു എന്ന പരാമർശം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടതാണോ എന്നായിരുന്നു പ്രധാന ചർച്ച.
എന്നാൽ ഇതിന് രാഷ്ട്രീയ അർത്ഥമില്ലെന്ന് അശ്വിനി പിന്നീട് വിശദീകരിച്ചു. മഞ്ചേശ്വരം ബിജെപിക്ക് എ ഗ്രേഡ് മണ്ഡലമാണെങ്കിലും തീരദേശ കർണാടകയുടെ ഹിന്ദുത്വ രാഷ്ട്രീയ സ്വാധീനമാണ് പാർട്ടിയെ എന്നും രണ്ടാം സ്ഥാനത്ത് എത്തിക്കുന്നത്.
തദ്ദേശ ഭരണത്തിലെ കണക്കുകൾ
ബദിയടുക്കയിൽ യുഡിഎഫിനൊപ്പം തുല്യത നേടിയ ശേഷം നറുക്കെടുപ്പിലൂടെ അധികാരം നേടിയത് ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളിൽ തങ്ങൾ മുന്നേറ്റം നടത്തിയെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന എന്മകജെ, കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, പുത്തിഗെ, വോർക്കാടി എന്നീ എട്ട് പഞ്ചായത്തുകളിലും ഇപ്പോൾ യുഡിഎഫ് ഭരണമാണ്.

2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 162 വാർഡുകളിൽ 36 എണ്ണം മാത്രമാണ്. വിജയശതമാനം 27-ൽ നിന്ന് 22 ആയി കുറഞ്ഞു. 2005 മുതൽ ബിജെപി കൈവശം വെച്ചിരുന്ന ജില്ലാ പഞ്ചായത്തിലെ പുത്തിഗെ ഡിവിഷൻ കോൺഗ്രസ് നേതാവ് സോമശേഖര ജെ.എസ്. തിരിച്ചുപിടിച്ചതും എൻഡിഎയ്ക്ക് തിരിച്ചടിയായി.
കരുത്ത് കാട്ടി യുഡിഎഫ്
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് കൂടുതൽ കരുത്താർജ്ജിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷണം. 2020-ൽ സ്വതന്ത്രർ ഭരിച്ചിരുന്ന മഞ്ചേശ്വരം പഞ്ചായത്ത് ലീഗ് തിരിച്ചുപിടിച്ചു. 2021-ൽ എ.കെ.എം. അഷ്റഫ് 745 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
2016-ൽ പി.ബി. അബ്ദുൽ റസാഖ് 89 വോട്ടിന് മാത്രമാണ് ജയിച്ചതെന്നിരിക്കെ ഭൂരിപക്ഷത്തിലെ വർദ്ധന ലീഗിന് ആത്മവിശ്വാസം നൽകുന്നു. "അഞ്ച് വർഷം മഞ്ചേശ്വരത്തെ എല്ലാ വിഷയങ്ങളിലും ജനങ്ങളോടൊപ്പം നിന്നു. മെഡിക്കൽ, വിദ്യാഭ്യാസ, കായിക മേഖലകളിൽ നിരവധി സൗകര്യങ്ങൾ കൊണ്ടുവന്നു. ഇപ്പോൾ എട്ട് പഞ്ചായത്തുകളിലും സ്റ്റേഡിയങ്ങൾ ഉണ്ട്," എ.കെ.എം. അഷ്റഫ് പറഞ്ഞു.
ടോൾ പ്ലാസയും പ്രചാരണവും
ആരിക്കാടി താൽക്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടിയത് ബിജെപി തങ്ങളുടെ നേട്ടമായി ഉയർത്തിക്കാട്ടുമ്പോൾ, ഇത് തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നാണ് എംഎൽഎ അവകാശപ്പെടുന്നത്. ഇരട്ട ടോൾ ഭാരം ഒഴിവായത് വലിയ ചർച്ചയാകുന്നുണ്ട്. വിജയത്തിനായി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ബിജെപി ഉത്തരമേഖല പ്രസിഡന്റ് അഡ്വ. എ. ശ്രീകാന്ത് പറഞ്ഞു.
എന്നാൽ എൽഡിഎഫ് ഷാനവാസ് പാദൂരിനെ സ്ഥാനാർത്ഥിയാക്കിയാൽ അത് ബിജെപിയുടെ വിജയത്തിന് കാരണമാകുമോ എന്ന ആശങ്ക ചിലർ പങ്കുവെക്കുന്നുണ്ട്. ഗ്രൂപ്പ് വഴക്കുകളും അശ്വിനിയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങളും ബിജെപിക്കുള്ളിൽ പുകയുന്നുണ്ട്. അശ്വനി കാസർകോട് സീറ്റിൽ സ്ഥാനാർത്ഥിയാകുമെന്നാണ് ഏറ്റവുമൊടുവിൽ പറഞ്ഞ് കേൾക്കുന്നത്. മുൻ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാറിൻ്റെ പേരും ഇവിടെ പറഞ്ഞു കേൾക്കുന്നുണ്ട്.
വോട്ട് ശതമാനത്തിലെ മാറ്റങ്ങൾ
| തെരഞ്ഞെടുപ്പ് |
യുഡിഎഫ് |
എൻഡിഎ |
എൽഡിഎഫ് |
| 2024 ലോക്സഭ |
45.46% |
35.00% |
18.46% |
| 2021 നിയമസഭ |
38.14% |
37.71% |
23.57% |
| 2016 നിയമസഭ |
35.80% |
35.74% |
26.79% |
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Political battle intensifies in Manjeshwar constituency as K. Surendran gears up for a third attempt while sitting MLA AKM Ashraf remains confident.
#Manjeshwar #Election2026 #KSurendran #AKMAshraf #ShanavasPadoor #KasaragodNews #KeralaPolitics #KVARTHA






