Resign | ലീഗ് നേതൃത്വം ഇടപ്പെട്ടു; മംഗൽപാടി പഞ്ചായത് പ്രസിഡന്റ് റിസാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കി; അവിശ്വാസപ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ എത്തില്ല
ഉപ്പള: (www.kasargodvartha.com) മംഗല്‍പാടി ഗ്രാമ പഞ്ചായത് പ്രസിഡന്റ് റിസാന സാബിറിനെതിരെ ഭരണപക്ഷമായ മുസ്ലിം ലീഗ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം തിങ്കളാഴ്ച നടക്കാനിരിക്കെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി വിഷയത്തില്‍ ഇടപെട്ടു. പ്രസിഡന്റ് റിസാന രാജി സന്നദ്ധത അറിയിച്ച് ജില്ലാ മുസ്ലിം ലീഗ് കമിറ്റിക്ക് കത്ത് നല്‍കി.
തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രസിഡന്റിന്റെ രാജി സെക്രടറിക്ക് കൈമാറുമെന്നാണ് വിവരം. ഇതോടെ മുസ്ലിം ലീഗിലെ അംഗങ്ങളുള്‍പെടെ 16 യുഡിഎഫ് അംഗങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ട് നില്‍ക്കും. പഞ്ചായതിലെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തില്‍ പ്രസിഡന്റ് നിരുത്തരവാദ സമീപനം സ്വീകരിച്ചു എന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ബിനാമി കരാറുകര്‍ക്ക് മാലിന്യ പ്ലാന്റില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ ആദ്യ ഗഡുവായ 15 ലക്ഷം രൂപ പാര്‍ടിയോ ഭരണ പക്ഷ അംഗങ്ങളോ അറിയാതെ നല്‍കി എന്നുമുള്ള ഗുരുതര ആരോപണത്തെ തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായത്.
ഇതേ തുടര്‍ന്ന് പ്രശ്‌നം ജില്ലാ-സംസ്ഥാന മുസ്ലിം ലീഗ് കമിറ്റിയുടെ പരിഗണനയില്‍ ചര്‍ചയ്ക്കിരിക്കെയാണ് മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത് കമിറ്റി പ്രസിഡന്റ് റിസാനയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കിയത്. ഇത് പാര്‍ടി സംസ്ഥാന-ജില്ലാ കമിറ്റികളെ ചൊടിപ്പിക്കുകയും പഞ്ചായത് മുസ്ലിം ലീഗ് കമിറ്റിയെ പിരിച്ചുവിടുകയും പുതിയ അഡ്‌ഹോക് കമിറ്റി നിലവില്‍ വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച പ്രസിഡന്റ് സ്ഥാനം രാജി വെച്ച് ഒഴിയുന്നതോടെ രണ്ടാഴ്ചയോളമായി നീണ്ട് നില്‍ക്കുന്ന പഞ്ചായതിലെ രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ് മംഗല്‍പാടിയില്‍ അവസാനിക്കുന്നത്. പുതിയ പ്രസിഡന്റിനെ ഉടനെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.
അതേ സമയം റിസാന പഞ്ചായത് മെമ്പര്‍ സ്ഥാനവും മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വവും രാജിവെക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായി റിസാന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kerala, Kasaragod, Uppala, News, Top-Headlines, UDF, President, Mangalpady, Muslim-league, Secretary, Politics,Mangalpady Panchayat President to resign.
< !- START disable copy paste -->