മലേഷ്യൻ പ്രധാനമന്ത്രിക്ക് മർകസിൽ ഉജ്ജ്വല സ്വീകരണം; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി, അപൂർവ സമാഗമങ്ങൾക്ക് സാക്ഷ്യം വഹിച്ച് കാരന്തൂർ
● ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു
● സ്വഹീഹുൽ ബുഖാരിയുടെ കൈയെഴുത്ത് പ്രതി ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി
● ഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിക്കു ശേഷമാണ് അദ്ദേഹം കേരളത്തിലെത്തിയത്
● മടവൂർ സിഎം വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിക്കും
● കരിപ്പൂർ വിമാനത്താവളത്തിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അദ്ദേഹത്തെ സ്വീകരിച്ചു
കോഴിക്കോട്: (KasargodVartha) ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിൻ്റെ ഭാഗമായി കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. വൈകീട്ട് അഞ്ച് മണിയോടെ ഔദ്യോഗിക വിമാനത്തിൽ കരിപ്പൂരിലെത്തിയ അദ്ദേഹത്തെ സംസ്ഥാന സർക്കാരിന് വേണ്ടി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് സ്വീകരിച്ചു.
ഇടി മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ ടിപി അഷ്റഫ് അലി, ടിവി ഇബ്റാഹീം എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐഎഫ്എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബിഎസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
സംസ്ഥാന പ്രോട്ടോകോൾ വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്. അഞ്ച് ദിവസത്തെ ഇന്ത്യ പര്യടനത്തിൻ്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം 2026 സെപ്റ്റംബർ 13 ഞായറാഴ്ച കോഴിക്കോട്ടെത്തിയത്.
മർകസിൽ ഉജ്ജ്വല സ്വീകരണം
തുടർന്ന് മർകസ് ലക്ഷ്യമാക്കി പുറപ്പെട്ട പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വൈകുന്നേരം 5.40-ഓടെയാണ് മർകസ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്. മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സെക്രട്ടറി സി മുഹമ്മദ് ഫൈസി, മർകസ് പ്രതിനിധികളായ ചാലിയം അബ്ദുൽ കരീം ഹാജി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ദിവാൻ ഓഫീസിലേക്ക് ആനയിച്ച അൻവർ ഇബ്റാഹീമിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വിശുദ്ധ ഖുർആൻ്റെ മലബാരി പതിപ്പും തേക്ക് തടിയിൽ നിർമിച്ച പ്രത്യേക ആദര പുരസ്‌കാരവും ഗ്രന്ഥങ്ങളും ഇംഗ്ലീഷിലുള്ള തൻ്റെ ആത്മകഥയായ 'വൺ ടൈം, വൺ ലൈഫ്' എന്ന കൃതിയുടെ പ്രതിയും നൽകി സ്വീകരിച്ചു.
യാ ശൈഖ് എന്ന് അഭിസംബോധന ചെയ്‌ത് സലാം ചൊല്ലിയാണ് അദ്ദേഹം കാന്തപുരത്തെ ആലിംഗനം ചെയ്തത്. വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, കർണാടക ആരോഗ്യ വകുപ്പ് മന്ത്രി യുടി ഖാദർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, വിപിഎം ഫൈസി വില്യാപ്പള്ളി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
കൂടിക്കാഴ്ചയും അവാർഡ് സമർപ്പണവും
ദിവാൻ ഓഫീസിൽ നടന്ന ഉന്നതതല കൂടിക്കാഴ്‌ചയിൽ മർകസും മലേഷ്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധങ്ങൾ, സാംസ്കാരിക-വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമകാര്യങ്ങൾ, നയതന്ത്ര-വാണിജ്യ-വ്യാപാര ബന്ധങ്ങൾ, മതകാര്യ വിഷയങ്ങൾ എന്നിവ ചർച്ചയായി. മർകസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ഔദ്യോഗിക സ്വീകരണ സംഗമത്തിൽ വെച്ച് മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രമുഖർക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് പ്രധാനമന്ത്രിക്ക് കൈമാറി.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി മലേഷ്യൻ സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി സ്വഹീഹുൽ ബുഖാരിയുടെ കൈയെഴുത്ത് പ്രതി ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. സ്വീകരണ സംഗമത്തിന് ശേഷം ഗ്രാൻഡ് മുഫ്തി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിലും അൻവർ ഇബ്റാഹീം പങ്കെടുത്തു.
കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സിഎം വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിക്കും. പ്രധാനമന്ത്രിയാവുന്നതിന് മുൻപ് 2022 സെപ്റ്റംബറിലായിരുന്നു അൻവർ ഇബ്റാഹീമിൻ്റെ ആദ്യ മർകസ് സന്ദർശനം. ആലങ്ങാപോയിൽ അഹമ്മദ് ഹാജിയുടെ മകനായി കാന്തപുരത്തിൽ നിന്ന് തുടങ്ങി ലോകരാഷ്ട്രങ്ങളുടെ ഉന്നതികളോളം ആത്മീയ-നയതന്ത്ര സ്വാധീനം വളർത്തിയെടുത്ത ഗ്രാൻഡ് മുഫ്തിയുടെ ചരിത്രവഴികളിലെ അവിസ്‌മരണീയമായ മറ്റൊരു അധ്യായത്തിനാണ് മർകസ് സാക്ഷ്യം വഹിച്ചത്.
സുരക്ഷ കർശനം; റെഡ് സോൺ പ്രഖ്യാപിച്ചു
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ആഭ്യന്തര വകുപ്പ് ഒരുക്കിയിരിക്കുന്നത്. 2026 സെപ്റ്റംബർ 13, 14 തീയതികളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താൽക്കാലികമായി 'റെഡ് സോൺ' ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി. ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.
കരിപ്പൂർ വിമാനത്താവളം, കൊണ്ടോട്ടി നഗരസഭ, വിവിഐപി യാത്ര ചെയ്യുന്ന പാതയോരത്തെ പഞ്ചായത്തുകൾ, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരി 'തുല ക്ലിനിക്കൽ വെൽനെസ് സാങ്ച്വറി', അതിൻ്റെ 3 കിലോമീറ്റർ ചുറ്റളവ് എന്നിവ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ, പട്ടങ്ങൾ, പടക്കങ്ങൾ, ലേസർ ബീമുകൾ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പ്രധാന പാതകളിലെല്ലാം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Malaysian PM Anwar Ibrahim received a grand welcome at Markaz, Kozhikode.
#KasargodVartha #MalaysianPM #AnwarIbrahim #MarkazKozhikode #KanthapuramAPAboobackerMusliyar #KeralaNews #MalayalamNews #IndiaMalaysiaRelations #KaripurAirport #AparnaNews






