Government Action | മഹാരാഷ്ട്രയിൽ 24 ഏക്കർ തീരഭൂമി അദാനിക്ക് കൈമാറിയ സർക്കാർ നടപടി ചർച്ചയായി; പ്രതിഷേധവുമായി പ്രതിപക്ഷം; വിവാദം കത്തുന്നു

● ബാന്ദ്ര-വൊർളി കടൽ പാലത്തിനു സമീപമുള്ള ഭൂമിയാണ് കൈമാറിയത്.
● സിആർഇസഡ് സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.
● ഈ നീക്കത്തിനെതിരെ പ്രാദേശിക സംഘടനകളും പ്രതിഷേധിക്കുന്നു.
മുനാസിർ എം എം
മുംബൈ: (KasargodVartha) അദാനി - മോദി സൗഹൃദത്തിൽ രാജ്യത്തെ കൊള്ളയടിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ 24 ഏക്കർ തീരഭൂമി അദാനിക്ക് കൈമാറി സർക്കാർ നടപടി ചർച്ചയായി. മോദിയുടെയും അദാനിയുടെയും 'ലൂട്ട് യോജന' എന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത് വരികയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎക്ക് നൽകിയ സഹായത്തിന് 'നന്ദി' അറിയിച്ചാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ വിമർശനം.
മഹാരാഷ്ട്രയിൽ അറബിക്കടലിനോട് ചേർന്ന തീര നിയന്ത്രണ മേഖല (സിആർഎസ്) യിൽ 24 ഏക്കർ കണ്ണായ ഭൂമിയാണ് മഹാരാഷ്ട്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയത്. തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ബിജെപിക്ക് വേണ്ടി അദാനി വോട്ടർമാർക്ക് വാരിക്കോരി പണം നൽകുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നു. ബാന്ദ്ര-വൊർളി കടൽ പാലത്തിനു സമീപമുള്ള ഭൂമിയാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്.
സംഭവത്തെ 'മോദാനി ലൂട്ട് യോജന'യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, അദാനിയെ അനുകൂലിക്കുന്നതിനായി കേന്ദ്രം പാരിസ്ഥിതികവും നിയമപരവുമായ പ്രതിബദ്ധതകൾ നിരാകരിച്ചിരിക്കുകയാണെന്നും പറഞ്ഞു. അദാനിക്ക് മുകളിൽ മോദി ഭരണത്തിൽ ഒരു നിയമവും വരില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
സിആർഇസഡ് സംരക്ഷണ നിയമങ്ങളും പാരിസ്ഥിതിക അനുമതികളും വ്യക്തമായി ലംഘിച്ച് 24 ഏക്കർ വിസ്തൃതിയുള്ള വലിയതും വളരെ വിലപ്പെട്ടതുമായ പ്ലോട്ട് അദാനിക്ക് കൈമാറിയെന്നും വാണിജ്യ ആവശ്യങ്ങൾക്കും പാർപ്പിട ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥയിലാണ് ഈ പ്ലോട്ട് കടലിൽ നിന്ന് തിരിച്ചെടുത്തതെന്നും ജയറാം രമേശ് പറഞ്ഞു.
അതിനിടെ തീരദേശനിയമം ലംഘിച്ചുള്ള ഒരു നിർമാണവും അനുവദിക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തോടൊപ്പം പ്രാദേശിക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ എതിർപ്പ് അദാനി വിചാരിച്ചാൽ തീരാവുന്നതേയുള്ളൂവെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Maharashtra government has handed over 24 acres of coastal land to Adani, sparking protests from the opposition accusing Modi of favoritism towards Adani and disregarding environmental laws.
#Adani, #Maharashtra, #GovernmentAction, #OppositionProtests, #Modi, #CoastalLand