മധൂർ പഞ്ചായത്തിലെ സ്റ്റേഡിയം മാലിന്യ സംഭരണ കേന്ദ്രമാക്കാൻ നീക്കം; ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
● നാട്ടുകാരെയും ക്ലബ്ബുകളെയും വിശ്വാസത്തിലെടുത്തില്ലെന്ന് ആരോപണം.
● കായിക പരിശീലനത്തിനായി ഉപയോഗിക്കുന്ന സ്ഥലമാണിത്.
● വാർഡ് മെമ്പർ സി.എം. ബഷീർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
● കായികമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
കാസർകോട്: (KasargodVartha) മധൂർ പഞ്ചായത്ത് 18-ാം വാർഡിൽ പഞ്ചായത്ത് സ്റ്റേഡിയം മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള ബിജെപി ഭരണ സമിതിയുടെ ഏകപക്ഷീയമായ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് 18-ാം വാർഡ് മെമ്പർ സി എം ബഷീർ മുന്നറിയിപ്പ് നൽകി. ഈ നീക്കത്തിനെതിരെ ഭരണസമിതി യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ വിയോജന കുറിപ്പ് നൽകിയിരുന്നു. ഈ ഘട്ടത്തിൽ നാട്ടുകാരെയും വിവിധ ക്ലബ് പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വിളിച്ചു ചേർത്ത് സമവായത്തിലൂടെ മാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഉറപ്പ് നല്കിയിരുന്നതായാണ് പറയുന്നത്. എന്നാൽ നൽകിയ ഉറപ്പുകൾ പാലിക്കാതെ രഹസ്യമായി മാലിന്യ സംഭരണ കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിക്കാനുള്ള ശ്രമമാണ് ഭരണ സമിതി നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.
നിരവധി കായിക താരങ്ങളും ക്ലബ്ബുകളും ആർമി, പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ, കോളജ് വിദ്യാർത്ഥികൾ എന്നിവർ കായിക പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്ന സ്റ്റേഡിയം മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കായിക മന്ത്രിക്കും സി എം ബഷീർ പരാതി നൽകിയിട്ടുണ്ട്. ഇത് ബന്ധപ്പെട്ടവരുടെ പരിഗണനയിലിരിക്കെയാണ് ബിജെപി ഭരണസമിതിയുടെ ഈ ധൃതിപിടിച്ചുള്ള നീക്കമെന്നാണ് ആക്ഷേപം.
തിങ്കളാഴ്ച നടന്ന ബോർഡ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചതിന് ശേഷം ഇടതുപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
പഞ്ചായത്തിന്റെ ഈ തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Madhur Panchayat Stadium to become a waste center, faces protest.
#Kasaragod #Madhur #Protest #WasteManagement #Stadium #Kerala






