VD Satheesan | പിണറായി വിജയൻ മരപ്പട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന കാലം വിദൂരമല്ലെന്ന് വി ഡി സതീശൻ
* 'ക്ഷേമപെൻഷൻ അടക്കം നൽകാൻ പറ്റാത്ത ഗവണ്മെന്റ് രാജി വെച്ച് ഒഴിയേണ്ടസമയം കഴിഞ്ഞു'
വെള്ളരിക്കുണ്ട്: (KasaragodVartha) ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന് ദേശീയ പാർട്ടി എന്നപദവി നഷ്ടപ്പെടുമെന്നും ചിഹ്നം കൂടി പോകുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെ മരപ്പട്ടി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നതരത്തിലുള്ള ചുവരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും വിദൂരമല്ലല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാലോത്ത് ബളാൽ മണ്ഡലം യുഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു അദ്ദേഹം.
കേരളം ഉൾപ്പെടെ ആകെ 19 സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം പ്രകടനപത്രിക ഇറക്കിയതിലൂടെ അവരുടെ തൊലിക്കട്ടി സമ്മതിച്ചു. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ അണ്ണൻ തമ്പി കളിക്കുകയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും ഭാര്യക്കും ബിസിനസിൽ പങ്കാളിത്തമുണ്ട്. ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് രാജീവ് ചന്ദ്രശേഖർ അവിടെ മത്സരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഖജനാവ് പൂച്ചകൾക്ക് പ്രസവിക്കാൻ പാകത്തിൽ കാലിയായി കിടക്കുകയാണ്. സ്വർണ വ്യാപാരികളോട് നികുതി വാങ്ങാൻ മടിക്കുന്ന പിണറായി വിജയന്റെ സർക്കാർ അവരോട് മറ്റുതരത്തിൽ ഉള്ള സ്വകാര്യ പിരിവ് നടത്തുകയാണ്. ക്ഷേമപെൻഷൻ അടക്കം നൽകാൻ പറ്റാത്ത ഗവണ്മെന്റ് രാജി വെച്ച് ഒഴിയേണ്ടസമയം കഴിഞ്ഞുവെന്നും വി ഡി സതീശൻ പറഞ്ഞു.
യോഗത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ, കെ.പി.സി.സി അംഗം മീനാക്ഷി ബാലകൃഷ്‌ണൻ, ഹകീം കുന്നിൽ, ബഷീർ വെള്ളിക്കോത്ത്, മിനി ചന്ദ്രൻ, പി.വി സുരേഷ്, ബി പ്രദീപ്കുമാർ, എം. പി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മാലോം തട്ടിൽ നിന്നും തുറന്ന വാഹനത്തിലാണ് പൊതുയോഗ വേദിയിലേക്ക് യുഡിഎഫ് പ്രവർത്തകർ വി ഡി സതീശനെ ആനയിച്ചു കൊണ്ട് വന്നത്.