Kasargod Nomination | ലോക്‌സഭ തിരഞ്ഞെടുപ്പ്: കാസര്‍കോട് മണ്ഡലത്തില്‍ 13 സ്ഥാനാർഥികള്‍; നാമനിര്‍ദേശ പത്രിക സമര്‍പണം പൂര്‍ത്തിയായി
* ഇതോടെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും
കാസർകോട്: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് അവസാനിച്ചപ്പോള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളാണുള്ളത്. വ്യാഴാഴ്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചു. ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (സ്വതന്ത്രന്‍), എന്‍ ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), കെ.ആര്‍.രാജേശ്വരി (സ്വതന്ത്ര) എന്നിവരാണ് സ്‌പെസിഫൈഡ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു മുമ്പാകെ പത്രിക നല്‍കിയത്.
അശ്വിനി എം എൽ (ഭാരതീയ ജനതാ പാര്‍ട്ടി), എ.വേലായുധന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം.സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി), കേശവ നായ്ക്ക് (സ്വതന്ത്രന്‍) എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതം സമര്‍പ്പിച്ചു.
ബുധനാഴ്ച എം.വി.ബാലകൃഷ്ണന്‍ ( സിപിഎം), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ), സി.എച്ച്.കുഞ്ഞമ്പു (സിപിഎം), കെ മനോഹരന്‍ (സ്വതന്ത്രന്‍), വി.രാജേന്ദ്രന്‍ (സ്വതന്ത്രന്‍) എന്നിവർ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എം.വി.ബാലകൃഷ്ണന്‍, കെ.മനോഹരന്‍ എന്നിവര്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സി.എച്ച്.കുഞ്ഞമ്പു, വി.രാജേന്ദ്രന്‍ എന്നിവര്‍ എ.ആര്‍.ഒ ഡപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
ചൊവ്വാഴ്ച എം.സുകുമാരി (ബഹുജൻ സമാജ് പാർട്ടി), ടി.അനീഷ് കുമാര്‍ (സ്വതന്ത്രൻ), കേശവ നായ്ക് (സ്വതന്ത്രൻ) എന്നിവരാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ.അശ്വിനി എം എൽ, എ.വേലായുധന്‍ എന്നിവര്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ചയാണ്. ഈ മാസം എട്ടിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും. ഇതോടെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും.