Rajmohan Unnithan | ലോക്‌സഭ തിരഞ്ഞെടുപ്പ്: കോൺഗ്രസ് നേതാക്കൾ പണം അടിച്ച് മാറ്റിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ; വീഡിയോ പുറത്ത്
കാസർകോട്: (KasaragodVartha) തിരഞ്ഞെടുപ്പ് തുക (Election Fund) മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ളവർ അടിച്ച് മാറ്റിയെന്ന ആരോപണവുമായി കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥിയായ രാജ്മോഹൻ ഉണ്ണിത്താൻ. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് കൺവീനർ എം എം ഹസൻ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുന്ന ഉണ്ണിത്താന്റെ വീഡിയോയാണ് പുറത്തുവന്നത്.
ചില വിദ്വാൻമാർ തിരഞ്ഞെടുപ്പ് പണം മുക്കിയിട്ടുണ്ട്. ബൂത് കമിറ്റികൾക്ക് നൽകാൻ ഏൽപിച്ച പണമാണ് ചില മണ്ഡലം പ്രസിഡൻ്റുമാർ ബൂതിലേക്ക് നൽകാതെ അടിച്ചുമാറ്റിയതെന്നാണ് ഉണ്ണിത്താന്റെ ആരോപണം.
പണം തട്ടിയെടുത്തവരെ അറിയാമെന്നും ഇവർ ആരെയും വെറുതെ വിടുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
മണ്ഡലം പ്രസിഡൻ്റുമാർക്കും ബ്ലോക് പ്രസിഡൻ്റുമാർക്കും യുഡിഎഫിനുമെല്ലാം തിരഞ്ഞെടുപ്പിൽ ആവശ്യമായ പണം നൽകി, എന്നാൽ ബൂതിലേക്ക് കൊടുക്കേണ്ട പണം ചിലർ തട്ടിയെന്നാണ് പ്രധാന ആരോപണം. മുൻ ഡിസിസി പ്രസിഡന്റ് പി ഗംഗാധരൻ നായർ അനുസ്മരണ പരിപാടിക്കിടെയാണ്
ഡിസിസി ഓഫീസിൽ വെച്ച് ഇക്കാര്യം രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചത്.
ജില്ലയിലെ പ്രധാന നേതാക്കളെല്ലാം ഈ പരിപാടിയിൽ സംബന്ധിച്ചിരുന്നു. ഉണ്ണിത്താൻ പ്രസംഗിക്കുന്ന വീഡിയോ ചിത്രീകരിച്ച ആളോട് അത് നീക്കാൻ അദ്ദേഹം പറയുന്നുണ്ടെങ്കിലും വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ ചില കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിന്റെ വിവാദം കെട്ടടങ്ങും മുമ്പെയാണ് തിരഞ്ഞെടുപ്പ് പണവുമായി ബന്ധപ്പെട്ട ആരോപണവും ഉണ്ണിത്താൻ ഉയർത്തിയിരിക്കുന്നത്.