Candidates | തദ്ദേശ ഉപതിരഞ്ഞെടുപ്പ്: നഗരസഭ ഖാസിലേൻ വാർഡിൽ കെ എം ഹനീഫ് മുസ്ലിം ലീഗ് സ്ഥാനാർഥി; മൊഗ്രാൽ പുത്തൂരിലെ 2 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു
ഫലപ്രഖ്യാപനം ജൂലൈ 31ന് നടക്കും.
കാസർകോട്: (KasargodVartha) നഗരസഭയിലെ 24-ാം വാർഡിൽ (ഖാസിലേൻ) ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിന് മുസ്ലിം ലീഗ് നേതാവ് കെ എം ഹനീഫിനെ മുസ്ലിം ലീഗ് ജില്ലാ പാർലിമെൻ്ററി ബോർഡ് തീരുമാനിച്ചതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
കൂടാതെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായതിലെ മൂന്നാം വാർഡിൽ (കോട്ടക്കുന്ന്) എൻ എസ് ഫാത്വിമത് അസ്മിന (മുസ്‌ലിം ലീഗ് സ്വാതന്ത്ര), പതിനാലാം വാർഡിൽ (കല്ലങ്കൈ സംവരണം) ധർമ്മപാൽ ദാരില്ലത്ത് (മുസ്ലിം ലീഗ് ) എന്നിവരും മത്സരിക്കും. ഇവിടെയും ജൂലൈ 30നാണ് തിരഞ്ഞെടുപ്പ്.
അഡ്വ. വി എം മുനീർ കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തോടൊപ്പം കൗൺസിലർ സ്ഥാനവും രാജിവെച്ച ഒഴിവിലാണ് ഖാസിലേനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എസ് ഡി പി ഐ അംഗം വി.ആർ. ദീക്ഷിത്തിന്റെ രാജിയെ തുടർന്നാണ് കല്ലങ്കൈയിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
മുസ്‍ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന വാർഡ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദീക്ഷിത്തിലൂടെ എസ് ഡി പി ഐ പിടിച്ചെടുക്കുകയായിരുന്നു.
മൂന്നാം വാർഡായ കോട്ടക്കുന്നിൽ മുസ്‌ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പുഷ്പ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂലൈ 30ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോടെടുപ്പ്. ഫലപ്രഖ്യാപനം ജൂലൈ 31ന് നടക്കും.