സംവരണ വാർഡുകളുടെ നറുക്കെടുപ്പ്: സ്ഥാനാർഥി മോഹികൾക്ക് തിരിച്ചടി, നേതാക്കൾ നിരാശയിൽ
● ഇരുപത്തിമൂന്ന് വാർഡുകളിൽ പന്ത്രണ്ട് വാർഡുകളാണ് വനിതാ സംവരണമായി മാറിയത്.
● കുമ്പള റെയിൽവേ സ്റ്റേഷൻ, കൊപ്പളം, നടുപ്പളം തുടങ്ങിയ പ്രധാന വാർഡുകൾ വനിതാ സംവരണമായി.
● ജനറൽ വാർഡുകളായ കക്കളംകുന്ന്, ബംബ്രാണ തുടങ്ങിയ വാർഡുകളിൽ മത്സരിക്കാൻ നേതാക്കൾ തന്ത്രം മെനയുന്നു.
● പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ജനറൽ ആയതിനാൽ നേതാക്കൾ തമ്മിലുള്ള പോര് കടുക്കാൻ സാധ്യത.
കാസർകോട്: (KasargodVartha) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഫലം കാസർകോട് കുമ്പള ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥി മോഹികൾക്ക് കനത്ത നിരാശയായി.
'കുപ്പായം' തുന്നി വെച്ചിരുന്ന യുഡിഎഫ് നേതാക്കളുടെ പല വാർഡുകളും വനിതാ സംവരണമായി മാറിയതാണ് തിരിച്ചടിയായത്. നേതാക്കൾ പ്രധാനമായും നോട്ടമിട്ടിരുന്ന മിക്ക വാർഡുകളും സ്ത്രീ സംവരണമായി മാറിയത് മുന്നണിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
പ്രാദേശിക രാഷ്ട്രീയ രംഗം ചൂടുപിടിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാം എന്ന് കരുതിയിരുന്നവർക്കാണ് നറുക്കെടുപ്പ് വിനയായത്. കുമ്പളയിൽ ഒന്ന് (കുമ്പോൾ), രണ്ട് (ആരിക്കാടി), അഞ്ച് (ഉജാർ), ആറ് (ഉളുവാർ), പന്ത്രണ്ട് (നാരായണമംഗലം), പതിനാല് (കെ കെപ്പുറം), പതിനഞ്ച് (മൊഗ്രാൽ), പതിനാറ് (കൊപ്പളം), പതിനെട്ട് (കുമ്പള റെയിൽവേ സ്റ്റേഷൻ), പത്തൊൻപത് (നടുപ്പളം), ഇരുപത്തിയൊന്ന് (ശാന്തിപ്പള്ളം) എന്നിവയാണ് പ്രധാനമായും സ്ത്രീസംവരണ വാർഡുകളായി മാറിയത്.
ഇതിൽ, കുമ്പള റെയിൽവേ സ്റ്റേഷൻ, കൊപ്പളം, നടുപ്പളം എന്നീ വാർഡുകളിൽ ഒരു ഡസനോളം നേതാക്കൾ മത്സരിക്കാൻ വളരെയേറെ പ്രതീക്ഷയർപ്പിച്ചിരുന്നു. ഇതിനിടെ, കക്കളംകുന്ന്, ബംബ്രാണ, കൊടിയമ്മ, മുളിയടുക്ക, പേരാൽ, കോയിപ്പാടി കടപ്പുറം, ബദ്രിയ നഗർ, മാട്ടംകുഴി തുടങ്ങിയ ജനറൽ വാർഡുകളിൽ മത്സരരംഗത്തിറങ്ങാൻ നേതാക്കൾ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർഥി ജനറൽ ആയതിനാൽ, നേതാക്കൾ തമ്മിലുള്ള പോര് കടുക്കാൻ സാധ്യതയുണ്ട്.
ബിജെപി സ്ഥിരമായി മത്സരിക്കുന്ന വാർഡുകളിൽ മാറ്റം വന്നാലും അത് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. സിപിഎമ്മും ഇതേ അഭിപ്രായക്കാരാണ്.
കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ എസ്ഡിപിഐക്ക് നിലവിൽ വേറെ ശക്തികേന്ദ്രങ്ങൾ ഒന്നുമില്ലെങ്കിലും അഞ്ചോളം വാർഡുകളിൽ മത്സരിക്കാൻ അവർ തയ്യാറെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് 941 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായിരുന്നു നേരിയ മുന്നേറ്റം ഉണ്ടാക്കാനായത്. ശബരിമലയിലെ സ്വർണപ്പാളി അടക്കം ഇടതുമുന്നണി നേരിടുന്ന ഒട്ടേറെ വിഷയങ്ങൾ ഈ പ്രാവശ്യം യുഡിഎഫിന് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതാക്കൾ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണമാണ് നിലവിലുള്ളത്. ഇരുപത്തിമൂന്ന് വാർഡുകളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പന്ത്രണ്ട് വാർഡും വനിതാ സംവരണ വാർഡുകളായി മാറി. നിലവിൽ സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കി ശേഷിച്ച വാർഡുകളെ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്.
കോടതികളിൽ വരെ എത്തിയ തർക്കങ്ങളും മറ്റും പരിഹരിച്ചതിനു ശേഷമുള്ള വാർഡ് വിഭജനം പൂർത്തിയാക്കിയുള്ള ആദ്യ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിനായി ഒരുങ്ങി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ നൂറുകണക്കിന് വോട്ടർമാരെയാണ് പുതുതായി വോട്ടർ പട്ടികയിൽ ചേർത്തത്. സംസ്ഥാനത്തെ 2.83 കോടി വോട്ടർമാരിൽ 16.34 ലക്ഷം പുതിയ വോട്ടർമാരാണ്.
നേരത്തെ ഉണ്ടായിരുന്ന വോട്ടർ പട്ടികയിൽ നിന്ന് 13.54 ലക്ഷം പേരെയാണ് നീക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതുതായി ചേർന്ന യുവ വോട്ടർമാർ ജയപരാജയങ്ങളിൽ നിർണായകമാകും.
കുമ്പള പഞ്ചായത്തിലെ സംവരണ നറുക്കെടുപ്പിനെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: UDF leaders in Kumbala Panchayat disappointed as key wards become women's reserved.
#LocalBodyElection #KeralaElection #WardReservation #UDF #KumbalaPanchayat #KeralaPolitics






