തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോടെണ്ണിത്തുടങ്ങി; ആദ്യം തപാല്‍ ബാലറ്റുകള്‍
കാസര്‍കോട്: (www.kasargodvartha.com 16.12.2020) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോടെണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോടെണ്ണിത്തുടങ്ങിയത്. തപാല്‍ ബാലറ്റും സ്‌പെഷ്യല്‍ ബാലറ്റുമാണ് ആദ്യമെണ്ണുന്നത്. ആദ്യ ഫലസൂചനകള്‍ 8.30 ഓടെ അറിയും. ഫലം സര്‍കാരിനും മുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. മുന്‍തൂക്കം നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. വിവാദങ്ങള്‍ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
കോര്‍പ്പറേഷന്‍ ഗ്രാമപ്പഞ്ചായത്ത് ഫലം 11 മണിയോടെ അറിയും. ജില്ലാ ബ്ലോക്ക് ഫലങ്ങള്‍ രണ്ട് മണിയോടെ പൂര്‍ണ്ണമായി അറിയാനാവും.
കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.
പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് മേശകള്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. വോടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.
കാസര്‍കോട് ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലും വോടെണ്ണല്‍ ആരംഭിച്ചു. ജില്ലയില്‍ ആകെയുള്ള 1048645 വോടര്‍മാരില്‍ 809981 പേരാണ് വോട് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോടുകള്‍ കളക്ടറേറ്റില്‍ നിന്ന് എണ്ണിത്തുടങ്ങി.
ജില്ലയില്‍ 20847 പോസ്റ്റല്‍ വോടുകളാണുള്ളത്. പോസ്റ്റല്‍ വോടുകളുടെ എണ്ണമാണ് ആദ്യ ഘട്ടത്തില്‍ 9 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത്. ഇതു കൂടാതെ 3121 പേരുടെ സ്പെഷ്യല്‍ പോസ്റ്റലുകളുടെ എണ്ണലും ആരംഭിച്ചു.
വോടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം അറിയാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വാര്‍ത്തകളും വോടെണ്ണല്‍ ഫലവും അപ്പപ്പോള്‍ അറിയിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കളക്ട്രേറ്റിലെ മീഡിയ കണ്‍ട്രോള്‍ റൂമിലെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. കളക്ടറേറ്റില്‍ കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ഇവിടെ നിന്നുള്ള വിവരങ്ങള്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തല്‍സമയം ലഭിക്കും. പി ആര്‍ ഡി ലൈവ് ആപ്ലിക്കേഷനിലൂടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റിലൂടെയും വോടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 'പി.ആര്‍.ഡി ലൈവ്' ആപ്പിലൂടെ അറിയാം: https://prdlive.kerala.gov.in/news/116194
Keywords: News, Kerala, State, Election, Top-Headlines, Politics, Kasaragod, Collectorate, Local Body election Kerala 2020 Counting