Controversy | ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പഞ്ചായത് ഭരണവും നഷ്ടപ്പെടുമെന്ന് ഭീതി; ചെറുവത്തൂരിൽ പൂട്ടിയ കെട്ടിടത്തിൽ തന്നെ വീണ്ടും മദ്യവിൽപന ശാല തുടങ്ങും
കൺസ്യൂമർ ഫെഡ് ആണ് നേരത്തേ മദ്യശാല തുടങ്ങി ഒരു ദിവസം മാത്രം പ്രവർത്തിച്ച് അടച്ചുപൂട്ടിയത്
ചെറുവത്തൂർ: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ചെറുവത്തൂരിൽ പഞ്ചായത് ഭരണവും നഷ്ടപ്പെടുമെന്ന ഭീതി സിപിഎമിൽ സജീവ ചർച്ചയായതോടെ പൂട്ടിയ കെട്ടിടത്തിൽ തന്നെ വീണ്ടും മദ്യ വിൽപന ശാല തുങ്ങാൻ ശ്രമം ആരംഭിച്ചു. പാർടി തന്നെ മുൻകയ്യെടുത്താണ് ഇത്തരമൊരു നീക്കം തുടങ്ങിയതെന്നാണ് വിവരം പുറത്ത് വരുന്നത്. മദ്യശാല തുടങ്ങുന്നതിനുള്ള കടലാസ് പണി തുടങ്ങിയിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ കാസർകോട് വാർത്തയോട് പറഞ്ഞു.
കൺസ്യൂമർ ഫെഡ് ആണ് നേരത്തേ മദ്യശാല തുടങ്ങി ഒരു ദിവസം മാത്രം പ്രവർത്തിച്ച് അടച്ചുപൂട്ടിയത്. സിപിഎമിൻ്റെ ഉന്നത നേതാവിൻ്റെ നിർദേശപ്രകാരം പൂട്ടുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ ഇത്തവണ വരുന്നത് മദ്യ വിൽപനയിലെ രാജാവായ ബിവറേജ് കോർപറേഷൻ തന്നെയാണെന്നതാണ് പ്രത്യേകത. പെരിയ ബട്ടത്തൂരിലെ ബിവറേജ് കോർപറേഷൻ്റെ വെയർഹൗസ് ഗോഡൗണിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചെറുവത്തൂരിലെ കെട്ടിട ഉടമയിൽ നിന്നും സമ്മതപത്രം വാങ്ങിയിട്ടൂണ്ടെന്ന നിർണായക വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
പാർടിയെ ഏറെ പ്രതിസന്ധിയിലാക്കിയ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ദ്രുതഗതിലുള്ള നീക്കങ്ങളാണ് നടന്നു വരുന്നത്. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ എക്സൈസ് മന്ത്രിയായിരുന്ന സമയത്ത് ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയിരുന്നു. ഇതിന് ബാറുടമകളുടെ സംഘടന സർകാരിലേക്ക് ചില നിബന്ധന മുന്നോട്ട് വെച്ചിരുന്നു. അതിൽ ഒന്ന് നിലവിലുള്ള ബാറുകൾക്ക് സമീപം സർകാർ മദ്യശാല തുറക്കുകയാണെങ്കിൽ നാലോ അഞ്ചോ കിലോമീറ്റർ ദൂരത്ത് മാത്രമേ പാടുള്ളുവെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പ് എക്സൈസ് മന്ത്രിയായിരുന്നപ്പോൾ എം വി ഗോവിന്ദൻ നൽകിയിരുന്നു.
കൺസ്യുമർ ഫെഡ് ചെറുവത്തൂരിൽ മദ്യശാല തുറന്നപ്പോൾ ഈ മാനദണ്ഡം ലംഘിക്കപ്പെട്ടുവെന്ന് ബാറുടമകളുടെ സംഘടന സർകാരിനെയും ഇപ്പോൾ പാർടി സെക്രടറിയായിരുന്ന എം വി ഗോവിന്ദൻ മാസ്റ്ററെയും പരാതി അറിയിച്ചതിന് പിന്നാലെയാണ് ഒറ്റ ദിവസം തുറന്ന് പ്രവർത്തിച്ച മദ്യശാല പിറ്റേദിവസം തന്നെ പൂട്ടിയത്. മദ്യശാല തുറന്ന വിവരം മാലോകർ അറിയുന്നതിന് മുമ്പ് തന്നെ ആദ്യ ദിവസത്തെ കലക്ഷൻ ഒമ്പത് ലക്ഷത്തിന് മുകളിൽ ആയിരുന്നുവെന്നത് ബാറുടമകളെ വല്ലാതെ ഞെട്ടിച്ചിരുന്നു. ഇതോടെ അവർ മുകൾതട്ടിൽ നടത്തിയ ഇടപെടലോടെയാണ് മദ്യശാല അടച്ചിടാൻ നിർദേശമെത്തിയതെന്നാണ് പറയുന്നത്.
എന്നാൽ ഈ തീരുമാനം സിപിഎമിന് വല്ലാത്ത തിരിച്ചടിയായി തീർന്നു. ബാറുടമയിൽ നിന്നും വൻ തുക കോഴ വാങ്ങിയാണ് സർകാരിൻ്റെ മദ്യശാല പൂട്ടിച്ചതെന്ന പ്രചാരണം വ്യാപകമായിരുന്നു. സിഐടിയു പ്രവർത്തകരായ ചുമട്ടുതൊഴിലാളികൾ, ഓടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, പാർടി അനുഭാവികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.
ഓടോറിക്ഷ സ്റ്റാൻഡിലും മദ്യശാല തുടങ്ങിയ കെട്ടിടത്തിലും ഫ്ലക്സ് ബോർഡുകൾ നിറച്ച് അവർ പാർടി ശക്തി കേന്ദ്രത്തിൽ കനത്ത വെല്ലുവിളി ഉയർത്തി. രാത്രിയിൽ ആദ്യം കെട്ടിയ ഫ്ലക്സ് പാർടി നേതാക്കൾ എത്തി നീക്കം ചെയ്തെങ്കിലും, പിന്നീട് പരസ്യമായി പകൽ തന്നെ കൂട്ടമായി വന്ന് ഫ്‌ലക്‌സ് സ്ഥാപിച്ചതോടെ നിയന്ത്രണം പാർടിയുടെ കൈവിട്ട് പോയിരുന്നു.
ഇതിനിടയിൽ പൂട്ടിയ കെട്ടിടത്തിൽ നിന്നും മദ്യം നീക്കാനെത്തിയ കൺസ്യൂമർ ഫെഡ് ഉദ്യോഗസ്ഥരെ തടത്ത് കയ്യേറ്റം ചെയ്യുമെന്ന ഘട്ടംവരെ എത്തിയിരുന്നു. പ്രതിഷേധം അതിശക്തമായതോടെ മദ്യശാലയ്ക്ക് വേണ്ടി അച്ചാംതുരുത്തി, മയിച്ച തുടങ്ങിയ സ്ഥലങ്ങളിൽ കെട്ടിടം നോക്കിയെങ്കിലും അവിടെയെല്ലാം ജനങ്ങൾ സംഘടിച്ച് മദ്യശാല തുടക്കുന്നതിനെ എതിർത്ത് തോൽപ്പിച്ചു. മദ്യശാല ചെറുവത്തൂർ വിട്ട് പോകില്ലെന്ന് പരസ്യമായി വിശദീകരണ യോഗം വിളിച്ച് സിപിഎം ജില്ലാ സെക്രടറിക്ക് പറയേണ്ടി വന്നുവെന്നതും എടുത്ത് പറയേണ്ട വസ്തുതയായിരുന്നു.
ഇതിനിടയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരികയും ചെറുവത്തൂരിൽ നിന്ന് മാത്രം പതിനായിരത്തിലധികം വോട് യുഡിഎഫ് സ്ഥാനാർത്ഥിക്കും ബിജെപി സ്ഥാനാർത്ഥിക്കുമായി ലഭിച്ചത് കാലിനടിയിലെ മണ്ണൊലിച്ചു പോയി എന്ന തിരിച്ചറിവിലേക്ക് സിപിഎമിനെ നയിച്ചു. കൺസ്യൂമർ ഫെഡ് പൊലീസിനെ ഉപയോഗിച്ച് രാത്രിക്ക് രാത്രി സ്റ്റോകുണ്ടായിരുന്ന മദ്യം തളിപ്പറമ്പിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇപ്പോൾ പഞ്ചായത് തിരഞ്ഞെടുപ്പ് ആസന്നമായതോടെയാണ് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൂട്ടിയ അതേ സ്ഥലത്ത് തന്നെ വീണ്ടും തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ പാർടി ഭരിക്കുന്ന പഞ്ചായത് ഭരണം സിപിഎമിന് നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് പറയുന്നത്. പാർടി പറഞ്ഞാൽ പ്രവർത്തകരും അണികളും എല്ലാം കേൾക്കുമെന്ന സ്ഥിതിവിശേഷമാണ് മാറി കൊണ്ടിരിക്കുന്നതെന്നും ചില പ്രവർത്തകർ പറയുന്നു.
മദ്യശാല വരുന്നതിനെ പാർടി എതിർത്തിട്ടില്ലെന്നും സർകാർ സ്ഥാപനം തുടങ്ങാനും പൂട്ടാനും സർകാരിന് അധികാരം ഉണ്ടെന്നും ഇക്കാര്യത്തിലൊന്നും പാർടി ഇടപെടാറില്ലെന്നുമായിരുന്നു ഒരു പ്രദേശിക നേതാവ് ഇതേ കുറിച്ച് പ്രതികരിച്ചത്.