Controversy | പഞ്ചായത്ത് നടത്തിയ കാര്‍ഷികോത്സവത്തിൽ 'നിധി'യായി മദ്യകുപ്പി; വിവാദം
വെള്ളരിക്കുണ്ട്: (KasargodVartha) വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ കാര്‍ഷികോത്സവത്തിൽ നിധി എന്ന് പേരിൽ കുഴിച്ചിട്ടത് മദ്യകുപ്പിയെന്ന് ആരോപണം. 'ചേറാണ് ചോറ്' എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന മഴപ്പൊലിമ കാര്‍ഷികോത്സവത്തിൽ പൊതുജനങ്ങൾക്കായി നടത്തിയ വയലിൽ നിധി കണ്ടെത്തൽ മത്സരത്തിലാണ് സംഭവം. പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിലെ നെൽവയലിലായിരുന്നു മത്സരം.
മത്സര സമയം തീരാൻ അഞ്ച് സെക്കൻഡ് മാത്രമുള്ളപ്പോൾ ഒരു യുവാവ് വയലിൽ നിന്ന് നിധി കണ്ടെത്തി 'കിട്ടീ.. കിട്ടീ..' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് കിട്ടിയ കുപ്പി മുകളിലേക്ക് എറിഞ്ഞ് വീണ്ടും പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നീട് കുപ്പി കയ്യിൽ പിടിച്ചു നടന്നുനീങ്ങുന്നതും കാണാം. അരലിറ്റർ കുപ്പിയിൽ നാടൻ മദ്യമായിരുന്നു സർക്കാർ നിർദേശിച്ച മഴപ്പൊലിമയിലെ സമ്മാനമെന്നാണ് ആക്ഷേപം.
മത്സരം ആരംഭിക്കുന്നതിന് മുമ്പ്, അര ലിറ്റർ കുഴിച്ചിട്ടിട്ടുണ്ട് എന്ന സംഘാടകചുമതലയുള്ള പഞ്ചായത്ത് അംഗത്തിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാം. അതേസമയം നിധി എന്ന പേരിൽ വയലിൽ മദ്യകുപ്പി കുഴിച്ചിട്ടെന്ന കാര്യം അറിയില്ലെന്നും വാർഡ് മെമ്പർ അടക്കമുള്ളവരുള്ള സംഘാടകർ ആണ് നിധി കണ്ടെത്തൽ മത്സരം നടത്തിയതെന്നും വെസ്റ്റ് എളേരി കുടുംബശ്രീ ചെയർപേർസൺ സൗദാമിനി വിജയൻ പറഞ്ഞു. എന്നാൽ ഇതേ കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്ത് പ്രസിഡണ്ടോ സെക്രട്ടറിയോ തയ്യാറായില്ല.