Parliamentary Election | ഫ്രഞ്ച് തിരഞ്ഞെടുപ്പ്: അധികാര കസേരയ്ക്ക് തൊട്ടരികെ തീവ്രവലതുപക്ഷത്തെ വീഴ്ത്തി ഇടതുപക്ഷ സഖ്യം; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് നാഷണല്‍ റാലി; തൂക്കുസഭക്ക് സാധ്യത
577 അംഗ നാഷനല്‍ അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 289 സീറ്റാണ് ആവശ്യം
ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ല
പാരീസ്: (KasargodVartha) ഫ്രഞ്ച് പാര്‍ലമെന്റ് നാഷനല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോടെടുപ്പില്‍ ഇടതുസഖ്യത്തിന് വന്‍ മുന്നേറ്റം. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ടിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അധികാര കസേരയ്ക്ക് തൊട്ടരികില്‍ എത്തിയപ്പോഴാണ് തീവ്രവലതുപക്ഷത്തെ ഇടതുപക്ഷ സഖ്യം വീഴ്ത്തിയത്. നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ടി രണ്ടാമതെത്തി. 577 അംഗ നാഷനല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇതോടെ ഫ്രാന്‍സില്‍ തൂക്കുസഭ നിലവില്‍ വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ല. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു തീവ്രവലതുപക്ഷ പാര്‍ടി അധികാരത്തിലേറുമെന്ന് പ്രവചിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
66.63% വോട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. മക്രോണിന്റെ പാര്‍ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ചു.
ജൂണില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാഷണല്‍ റാലി മുന്നേറ്റം ഉണ്ടാക്കിയതോടെയാണ് പ്രസിഡന്റ് മാക്രോണ്‍, അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ചെറു സോഷ്യലിസ്റ്റ് പാര്‍ടികള്‍, ഗ്രീന്‍പാര്‍ടി, കമ്യൂണിസ്റ്റ് പാര്‍ടി എന്നിവര്‍ ചേര്‍ന്ന് രൂപവത്കരിച്ച സഖ്യമാണ് എന്‍പിഎഫ്.
സര്‍കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം മാത്രം പിന്നീടുമ്പോഴുള്ള അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പ്രഖ്യാപന നീക്കം പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. നാഷനല്‍ റാലി പാര്‍ടിയുടെ മുന്നേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട് ബോള്‍ താരങ്ങളും അകാഡമീഷ്യന്മാരും കലാകാരന്മാരുമൊക്കെ രംഗത്തുവന്നിരുന്നു.
577 അംഗ ഫ്രഞ്ച് അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് ഏകദേശം 289 സീറ്റുകളെങ്കിലും ആവശ്യമാണ്. നിലവില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കൂട്ടുകക്ഷി സര്‍കാര്‍ എന്നതാണ് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഫ്രാന്‍സിന് മുന്നിലെ വഴി. അല്ലെങ്കില്‍ ബിലുകള്‍(Bill) പാസാക്കുന്നതിന് വേണ്ടി നിലവിലെ സര്‍കാര്‍ പ്രവര്‍ത്തിക്കുന്നത് പോലെ അഡ് ഹോക് സര്‍കാരുകള്‍ രൂപീകരിക്കേണ്ടി വരും. പക്ഷെ വലിയൊരു രാഷ്ട്രീയ അസ്ഥിരതയാകും ഫ്രാന്‍സില്‍ അതുണ്ടാക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഔപചാരികമായ ഒരു കൂട്ടുകക്ഷി സര്‍കാരിന് പകരം മറ്റൊരു മാര്‍ഗമുള്ളത് നിയമനിര്‍മാണം നടത്താന്‍ വേണ്ടിയുള്ള താത്കാലിക സഖ്യങ്ങള്‍ ഉണ്ടാക്കുക എന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. 2022 തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയും ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്ത മാക്രോണിന്റെ റിന്‍സെസന്‍സ് പാര്‍ടിയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇതേ തന്ത്രം തന്നെയാണ് പയറ്റുന്നത്.
ജൂണ്‍ 30-ന് നടന്ന ആദ്യവട്ട വോടെടുപ്പില്‍ 33.15 ശതമാനം വോടുനേടി മരീന്‍ ലെ പെന്നിന്റെ ആര്‍എന്‍ പാര്‍ടി ഒന്നാമതെത്തിയിരുന്നു. അതിലൂടെ ആര്‍ എന്നിന്റെ 39 സ്ഥാനാര്‍ഥികള്‍ എംപി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതേനേട്ടം ജൂലൈ ഏഴിന് നടന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന അഭിപ്രായ സര്‍വേകളെ അസ്ഥാനത്താക്കിയാണ് ഇടതുസഖ്യത്തിന്റെ വന്‍ കുതിപ്പ്. ആര്‍എന്‍ വന്‍ജയം നേടുന്നത് ഒഴിവാക്കാന്‍ രണ്ടാംവട്ടത്തിനുമുമ്പ് മധ്യ, ഇടതുചേരികളിലെ ഇരുനൂറിലേറെ സ്ഥാനാര്‍ഥികള്‍ തന്ത്രപരമായ സഖ്യമുണ്ടാക്കിയിരുന്നു.
പുതിയ സര്‍കാര്‍ അധികാരത്തില്‍ വന്നാലും മക്രോണിന് പ്രസിഡന്റ് സ്ഥാനത്ത് 2027 വരെ തുടരാം. ആദ്യവട്ടത്തില്‍ ആകെ പോളിങ് 25 ശതമാനത്തില്‍ താഴെയുള്ളതും വിജയിക്ക് 50 ശതമാനമെങ്കിലും വോടുകിട്ടാത്തതുമായ മണ്ഡലത്തിലായിരുന്നു രണ്ടാംവട്ട വോടെടുപ്പ്.