Division | ലീഗ്-സമസ്ത രണ്ട് വഴിക്ക് തന്നെ; തങ്ങളെ അനുകൂലിച്ച് ലീഗണികൾ; മതപണ്ഡിതന്മാരെ പിന്തുണച്ച് സുന്നി പ്രവർത്തകർ

● ലീഗ്-സമസ്ത ഭിന്നത സമ്മേളനങ്ങളിലൂടെ പുറത്തുവന്നു.
● മുജാഹിദ്, ജമാഅത്ത് ഇസ്ലാമി ആശയങ്ങളെ ശക്തമായി എതിർക്കുന്നു
● മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു.
എം എം മുഹ്‌സിൻ
മലപ്പുറം: (KasargodVartha) മുസ്ലിം ലീഗ് - സമസ്ത ഉൾപ്പോര് ആദർശ-നവോഥാന സമ്മേളനങ്ങളിലേക്ക് നീങ്ങിയതോടെ അണികൾക്കിടയിലെ ഭിന്നത മറനീക്കി പുറത്ത് വന്നത് മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നവർക്ക് തിരിച്ചടിയായി. മുസ്ലിം ലീഗ് രാഷ്ട്രീയം പറഞ്ഞാൽ മതിയെന്ന് സമസ്തയിലെ ഒരു വിഭാഗം മതപണ്ഡിതന്മാർ പറയുന്നു. മതം പറയാൻ ഇവിടെ പണ്ഡിതന്മാർ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തുണ്ടായ ലീഗ്-സമസ്ത ചേരിതിരിവ് വലിയ സമ്മേളനങ്ങളിലേക്ക് വഴി മാറിയതോടെ ലീഗും, സമസ്തയും രണ്ടു വഴിക്ക് നീങ്ങുന്നതിന്റെ സൂചനയായി വേണം കരുതാൻ.
മധ്യസ്ഥ ശ്രമങ്ങളിലൂടെ മുശാവറ ഇടപെട്ട് തർക്കം പരിഹരിക്കാനുള്ള വാതിലുകൾ ഇതോടെ അടഞ്ഞ മട്ടാണ്. ലീഗ് വിരുദ്ധ വിഭാഗം ആദർശ സമ്മേളനം എന്ന പേരിൽ വിവിധ തലങ്ങളിൽ നടത്തിയ പരിപാടികൾ സമസ്തക്കുള്ളിലെ വിഭാഗീയത പരസ്യമാക്കിയിരുന്നു. ഇതിന് മറുപടി എന്നോണം സമസ്ത മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന സമ്മേളനങ്ങൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറത്ത് ഇത്തരത്തിൽ സമ്മേളനം സംഘടിപ്പിച്ചത്.
സുന്നി - മുജാഹിദ് പ്രസ്ഥാനങ്ങളായിരുന്നു നേരത്തെ ഇത്തരത്തിൽ സമ്മേളനങ്ങൾ നടത്തി തങ്ങളുടെതാണ് ശരിയായ ആശയമെന്ന് സമർഥിച്ചിരുന്നുവെങ്കിൽ ഇപ്പോൾ സമസ്തയിലെ തന്നെ രണ്ടു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് സമ്മേളനങ്ങളുമായി രംഗത്തു വന്നിട്ടുള്ളത് മുജാഹിദ്, ജമാഅത്ത് ഇസ്ലാമി അടക്കമുള്ള പ്രസ്ഥാനങ്ങൾ നോക്കിക്കാണുന്നുണ്ട്.
മുജാഹിദ്, ജമാഅത്ത് ഇസ്ലാമി അടക്കമുള്ള പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ തുറന്ന് എതിർക്കുകയും, അവരുടെ ആശയങ്ങളോട് മൃദുസമീപനം വേണ്ടെന്ന് നിലപാട് പ്രഖ്യാപിക്കുകയും, പാരമ്പര്യ വഴികൾ ഓർമിപ്പിക്കുകയുമാണ് ആദർശ സമ്മേളനങ്ങളിലൂടെ സമസ്ത നേതാക്കൾ പകരുന്ന സന്ദേശം. അതിനിടെ വിഷയത്തിൽ കാന്തപുരം വിഭാഗം പക്ഷം ചേരാനുള്ള സാധ്യതകളും സമസ്തയിലെ ഒരു വിഭാഗം ഉറ്റുനോക്കുന്നുമുണ്ട്.
സമസ്തയിലെ ലീഗ് അനുകൂല നേതാക്കളുടെ ഒളിയമ്പുകൾ ഏറെയും ലീഗ് വിരുദ്ധ നിലപാടെടുക്കുന്ന സമസ്ത നേതാക്കൾക്ക് നേരെയാണ്. മുസ്ലിം ലീഗിനെ മാറ്റിനിർത്തി സമസ്തയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ലീഗ് അനുകൂല നിലപാടെടുക്കുന്ന കേന്ദ്ര മുശാവറ അംഗം മുസ്തഫൽ ഫൈസി പറഞ്ഞത് വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ മുസ്‌ലിം സമുദായത്തിന് വേണ്ടി രാഷ്ട്രീയമായി നിലകൊള്ളുന്ന പാർട്ടി മുസ്ലിം ലീഗാണ്. നിലവിൽ അവരെ മാറ്റിനിർത്തിക്കൊണ്ടോ, അവരെ വിമർശിച്ചുകൊണ്ടോ, ഒരു നിലനിൽപ്പും സമസ്‌തക്ക് ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുസ്‌തഫൽ ഫൈസി പറഞ്ഞത്.
നേരത്തെ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം നടത്തിയ ആദർശ സമ്മേളനത്തിൽ, പാണക്കാട് സാദിഖലി തങ്ങളുടെ ഖാദി പദവിയെ ചോദ്യംചെയ്ത് മുക്കം ഉമർ ഫൈസി നടത്തിയ വിവാദ പ്രസംഗം സമസ്തക്കുള്ളിൽ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുശാവറ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത് വരെയുള്ള സംഭവങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ പിന്നീട് എതിർ വിഭാഗത്തിലെ പ്രമുഖ പണ്ഡിതന്മാർ പാണക്കാട് ചെന്ന് ക്ഷമാപണം നടത്തിയെന്ന് പറഞ്ഞു വിഷയം മുശാവറ നേതാക്കൾ ഒതുക്കി തീർത്തിരുന്നു.
എന്നാൽ ശേഷം പണ്ഡിതന്മാർ ഇത് നിഷേധിക്കുകയും, മാപ്പ് അല്ലാഹുവിനോട് മാത്രമേ ഉള്ളൂവെന്ന് മുക്കം ഉമർ ഫൈസി തുറന്നടിക്കുകയും ചെയ്തിരുന്നു. പിന്നീട് വിഷയത്തിൽ തുടർ ചർച്ചകൾ ഉണ്ടാവുകയും നേതാക്കൾ നിലപാട് മയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് വീണ്ടും രൂക്ഷമായി. ഇതിനിടെയാണ് ലീഗ്- സമസ്ത ഭിന്നത സമ്മേളനങ്ങളിലൂടെ തെരുവിലേക്ക് നീങ്ങിയിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
League and Samasta are divided over ideological differences. While the League stands firm, Sunni activists and some religious scholars are supporting their stance.
#LeagueSamasta, #MuslimPolitics, #ReligiousDebates, #KeralaPolitics, #SamastaDivide