city-gold-ad-for-blogger

കാസർകോട്ട് എൽഡിഎഫ് 'സർപ്രൈസ്'; മറ്റൊരു പാർട്ടിയിലെ പ്രമുഖ നേതാവിനെ ഇറക്കാൻ നീക്കം, മഞ്ചേശ്വരത്ത് ഷാനവാസ് പാദൂർ?

Shanavas Padoor, LDF likely candidate for Manjeshwaram.
Photo Credit: Facebook/ Shanavas Padhoor

● മഞ്ചേശ്വരത്ത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന് സാധ്യത.
● മഞ്ചേശ്വരത്ത് ത്രികോണ മത്സരം കടുക്കും; വോട്ട് വിഭജനം ഭീഷണിയാകുമോ എന്ന് ആശങ്ക.
● യുഡിഎഫിൽ എ.കെ.എം. അഷറഫും എൻഡിഎയിൽ എം.എൽ. അശ്വിനിയും പരിഗണനയിൽ.
● തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സിപിഎം തന്ത്രം മാറ്റുന്നു.
● മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമേ എൽഡിഎഫ് പ്രഖ്യാപനമുണ്ടാകൂ.

കുഞ്ഞിക്കണ്ണൻ മുട്ടത്ത്

കാസർകോട്: (KasargodVartha) ഐ.എൻ.എൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച കാസർകോട് നിയമസഭാ സീറ്റിൽ 'സർപ്രൈസ്' സ്ഥാനാർത്ഥിയെ ഇറക്കി മണ്ഡലം പിടിക്കാൻ എൽ.ഡി.എഫ് നീക്കം. ഇതിനായി ചർച്ചകൾ സജീവമായതായി പാർട്ടി വൃത്തങ്ങളിൽ നിന്ന് സൂചനയുണ്ട്.

സി.പി.എമ്മിന്റെ പരിഗണനയിലുള്ളത് മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള പ്രമുഖ നേതാവാണ്. ഇദ്ദേഹവുമായി സി.പി.എം നേതൃത്വം പ്രാഥമിക ചർച്ചകൾ തുടങ്ങിയതായാണ് വിവരം. കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് പുറത്ത് നിന്നുള്ള കെ.എം. ഷാജിയെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫിന്റെ ഈ നീക്കം. ബദ്ധവൈരാഗിയായ ഷാജിയെ നേരിടാൻ സി.പി.എം തങ്ങളുടെ 'തുറുപ്പുചീട്ടായി' ഈ സർപ്രൈസ് സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഞ്ചേശ്വരത്ത് ഷാനവാസ് പാദൂർ?

മഞ്ചേശ്വരം മണ്ഡലത്തിൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏതാനും വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് വിട്ടുപോയതുമായ ഷാനവാസ് പാദൂരിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായതായാണ് സൂചന. ഇതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പാകും.

ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എ എ.കെ.എം. അഷറഫ് തന്നെ മത്സരിക്കാനാണ് സാധ്യത. അതേസമയം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചനയും എൻ.ഡി.എ ക്യാമ്പിൽ ശക്തമാണ്.

ldf surprise candidate kasaragod shanavas padoor manjeshwar

വോട്ട് വിഭജന ഭീഷണി

മഞ്ചേശ്വരത്ത് എൽ.ഡി.എഫും യു.ഡി.എഫും രണ്ട് മുസ്ലിം സമുദായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാൽ വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യതയേറെയാണ്. ഇതോടൊപ്പം ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെടുകയും ചെയ്താൽ അത് ബി.ജെ.പിക്ക് ഗുണകരമാകുമോ എന്ന ആശങ്ക ഇരുമുന്നണികൾക്കും ഒരുപോലെ നിലനിൽക്കുന്നുണ്ട്.

കാസർകോട് മണ്ഡലത്തിൽ കരുത്തനായ ഒരു സ്ഥാനാർത്ഥി ഉണ്ടായാൽ, അതിന്റെ ഗുണം മഞ്ചേശ്വരം മണ്ഡലത്തിലും പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എമ്മും എൽ.ഡി.എഫും. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം, ത്രികോണ മത്സര സാധ്യത, വോട്ട് ട്രെൻഡ് എന്നിവ വിശദമായി വിലയിരുത്തിയാണ് ഒരു പുതുമുഖത്തെ മുന്നോട്ട് വെക്കാനുള്ള എൽ.ഡി.എഫ് നീക്കം.

തന്ത്രങ്ങളിൽ മാറ്റം

തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, പഴയ തന്ത്രങ്ങൾ മാറ്റിപ്പിടിച്ച് എല്ലാ നിലയിലും പരീക്ഷണങ്ങൾക്ക് തയ്യാറായാണ് സി.പി.എം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 

മണ്ഡലത്തിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം, പൊതുസമ്മതിയും ജനപിന്തുണയും ഉള്ള വ്യക്തിത്വത്തെ പരിഗണിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പ്രാദേശിക തലത്തിൽ അഭിപ്രായ ശേഖരണവും രാഷ്ട്രീയ വിലയിരുത്തലുകളും നടന്നുവരികയാണ്.

മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായ ശേഷമേ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളുവെന്ന് മുന്നണിയുമായി ബന്ധപ്പെട്ട പ്രമുഖ നേതാവ് കാസർകോട് വാർത്തയോട് വെളിപ്പെടുത്തി.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: LDF is planning to field a surprise candidate in Kasaragod constituency, possibly a leader from another party, to counter Muslim League's K.M. Shaji. In Manjeshwaram, Shanavas Padoor is likely to be the LDF candidate.

#Kasaragod #LDF #UDF #Manjeshwaram #KeralaElection #CPM #MuslimLeague #Politics #News

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia