Protest | വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്റെ പ്രക്ഷോഭം; കേന്ദത്തിന്റേത് ഫെഡറൽ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയെന്ന് ഇ ചന്ദ്രശേഖരൻ
● 'നാല് മാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം ലഭിച്ചിട്ടില്ല'
● എൽഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു
● ദുരിതബാധിതർക്ക് നീതി ലഭിക്കണമെന്ന് ആവശ്യം
കാഞ്ഞങ്ങാട്: (KasargodVartha) വയനാട് മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്റെ പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി. വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിന് അർഹമായ സഹായങ്ങൾ നൽകാതെയടക്കം കേന്ദ്ര സർക്കാർ കേരളത്തിനോട് വിവേചനം കാണിക്കുന്നുവെന്നാരോപിച്ചാണ് ഇടതുമുന്നണി സംസ്ഥാനത്തുടനീളം മാർച്ചും ധർണയും സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ ബഹുജന ധർണ സിപിഐ അസിസ്റ്റൻന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വയനാട് ദുരന്തം നടന്ന് നാല് മാസങ്ങൾ പിന്നിട്ടിട്ടും, ദുരിത ബാധിതരെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്രത്തിലെ ബിജെപി സർക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരള ജനതയോട് സ്വീകരിച്ചു വരുന്ന രാഷ്ട്രീയ പ്രതികാര നിലപാട് ഫെഡറൽ ഭരണഘടനാ തത്വങ്ങളോടു ള്ള വെല്ലുവിളി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. കുര്യാക്കോസ് പ്ലാപ്പറമ്പിൽ (കേരളാ കോൺഗ്രസ് - എം), കരീം ചന്തേര (എൻസിപി), കെ എം. ബാലകൃഷ്ണൻ (ജെഡിഎസ്), വി വി കൃഷ്ണൻ (ആർജെ.ഡി), എം. അനന്തൻ നമ്പ്യാർ (കോൺഗ്രസ് - എസ്), അസീസ് കടപ്പുറം (ഐ. എൻ.എൽ), പി ടി നന്ദകുമാർ (കേരളാ കോൺഗ്രസ് - പിള്ള), സണ്ണി അരമന (ജനാധിപത്യ കേരളാ കോൺഗ്രസ്), രതീഷ് പുതിയ പുരയിൽ (കേരളാ കോൺഗ്രസ് സ്കറിയ), സിപിഐ ജില്ലാ സെക്രടറി സി പി ബാബു, പി പി രാജു (ജെഡിഎസ് ), വിജയൻ മാസ്റ്റർ, കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ (കോൺഗ്രസ്-എസ്), എം ഹമീദ് ഹാജി (ഐഎൻഎൽ), മുൻ എം പി പി കരുണാകരൻ, അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ, എം രാജഗോപാലൻ എംഎൽഎ എന്നിവർ സംസാരിച്ചു.
#WayanadLandslide #LDFProtest #Kerala #CentralGovernment #BJP #NarendraModi #Federalism