തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ജനരോഷം ആളിക്കത്തും: ഡി സി സി
● വാർഡ് വിഭജനത്തിലും വോട്ടർപട്ടികയിലും സി പി എം തിരിമറി നടത്തിയെന്ന് ഡി സി സി ആരോപിച്ചു.
● ഭൂമിശാസ്ത്രപരമായ അതിർത്തികൾ പാലിക്കാതെയാണ് വാർഡ് വിഭജനം നടത്തിയത്.
● പതിനെട്ട് വയസ് പൂർത്തിയാകാത്തവരെ വോട്ടർപട്ടികയിൽ ചേർത്തതായും യോഗം കുറ്റപ്പെടുത്തി.
● യു ഡി എഫ് ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ഡി സി സി നേതൃയോഗം വിലയിരുത്തി.
● സി പി എം ബി ജെ പി-യുടെ സാമന്ത പാർട്ടിയായി മാറാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
കാസർകോട്: (KasargodVartha) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരായി ജനരോഷം ആളിക്കത്തുമെന്നും യു ഡി എഫ് ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം വിലയിരുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിലും ഉദ്യോഗസ്ഥരെ ചട്ടുകമായി ഉപയോഗിച്ചുകൊണ്ട് സി പി എം വൻ തിരിമറി നടത്തിയതായി കാസർഗോഡ് ജില്ലാ കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത് വാർഡുകളും ഭൂമിശാസ്ത്രപരമായ ഒരതിർത്തിക്കും പരിഗണന നൽകാതെ സി പി എം പാർട്ടിയുടെ സ്ഥാപിത താൽപ്പര്യം മുൻനിർത്തി മാത്രമാണ് വിഭജനം നടത്തിയത്.
2025 ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് പൂർത്തിയാക്കിയവർക്ക് വോട്ടവകാശം നൽകാമെന്ന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശത്തെ കാറ്റിൽ പറത്തി പതിനെട്ട് വയസ്സ് പൂർത്തിയാകാത്തവരെയും വോട്ടർ പട്ടികയിൽ ചേർത്തതായും യോഗം ആരോപിച്ചു.

ജനാധിപത്യം അട്ടിമറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന സി പി എമ്മിന്റെ വ്യാമോഹം ജനങ്ങൾ തള്ളിക്കളയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയും എൽ ഡി എഫ് ഗവൺമെന്റിന്റെ ദുർഭരണവും പിണറായി സർക്കാരിനെതിരെയുള്ള ജനരോഷം ആളിക്കത്താൻ കാരണമായി. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇത് നേരിട്ട് പ്രതിഫലിക്കുമെന്നും യു ഡി എഫ് ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നും ഡി സി സി യോഗം വിലയിരുത്തി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വൻ തോൽവി മുന്നിൽ കണ്ടുകൊണ്ട് ബി ജെ പി-യുടെ സാമന്ത പാർട്ടിയായി മാറാൻ സി പി എം ശ്രമിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനുള്ള ശ്രമത്തിൽ അമർഷമുള്ള സി പി ഐക്ക് ഒന്ന് നിലവിളിക്കാനുള്ള സ്വാതന്ത്ര്യം പോലും സി പി എം അനുവദിക്കുന്നില്ല. സി പി എമ്മിന്റെ കേരള രാഷ്ട്രീയത്തിലെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ് എൽ ഡി എഫിലെ ഘടക കക്ഷികൾ പ്രതികരിക്കാൻ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു.
ഡി സി സി ഓഫീസിൽ നടന്ന നേതൃയോഗത്തിൽ പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെ പി സി സി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, നേതാക്കളായ രമേശൻ കരുവാച്ചേരി, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, അഡ്വ: എ ഗോവിന്ദൻ നായർ, പി ജി ദേവ്, സാജിദ് മവ്വൽ, ജെയിംസ് പന്തമാക്കൽ, അഡ്വ: കെ കെ രാജേന്ദ്രൻ, സോമശേഖര ഷേണി, എം കുഞ്ഞമ്പു നമ്പ്യാർ, അഡ്വ: പി വി സുരേഷ്, ടോമി പ്ലാച്ചേരി, സി വി ജെയിംസ്, വി ആർ വിദ്യാസാഗർ, ഗീത കൃഷ്ണൻ, കെ പി പ്രകാശൻ, ഹരീഷ് പി നായർ, മാമുനി വിജയൻ, സുന്ദര ആരിക്കാടി, കെ വി വിജയൻ, ജോയ് ജോസഫ്, മധുസൂദനൻ ബാലൂർ, കെ വി ഭക്തവത്സലൻ, വി ഗോപകുമാർ, എം രാജീവൻ നമ്പ്യാർ, ഫറൂഖ് ഷിറിയ, പവിത്രൻ സി നായർ, ആർ ഗംഗാധരൻ, എ വാസുദേവൻ, മിനി ചന്ദ്രൻ, കെ ഖാലിദ്, പി കുഞ്ഞിക്കണ്ണൻ, സി രാജൻ പെരിയ, കെ ബലരാമൻ നമ്പ്യാർ, സി വി ഭാവനൻ, കെ ശ്രീധരൻ മാസ്റ്റർ, മനാഫ് നുള്ളിപ്പാടി, കെ വാരിജാക്ഷൻ, ലോകനാഥ ഷെട്ടി, ലക്ഷ്മണ പ്രഭു എന്നിവർ സംസാരിച്ചു.
യോഗത്തിൽവെച്ച് കെ പി സി സി ജനറൽ സെക്രട്ടറിയായി നിയമിതനായ കെ നീലകണ്ഠനെ ഡി സി സി പ്രസിഡണ്ട് ഷാളണിയിച്ചു ആദരിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക. ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: DCC meeting criticizes Pinarayi government misrule and CPM's alleged electoral fraud.
#LDFMisrule #UDFProgress #LocalBodyElections #PinarayiGovt #KasaragodDCC #CPMElectoralFraud






