city-gold-ad-for-blogger

കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലി തുടങ്ങി: യുഡിഎഫിന്റെ ഉറച്ച കോട്ടകൾ നിർണായകം

Kumbla Grama Panchayath office building
Photo: Special Arrangement

● പേരാൽ, കോയിപ്പാടി വാർഡുകളിൽനിന്ന് വിജയിക്കുന്നവർ പ്രസിഡൻ്റ് ആകണമെന്ന് ആവശ്യം.
● കക്കളംകുന്നിൽ എ കെ ആരിഫിനും ബംബ്രാണയിൽ എം പി ഖാലിദിനും മുൻഗണന.
● കോയിപ്പാടിയിൽ വി പി അബ്ദുൽഖാദർ ഹാജി, ബി എൻ മുഹമ്മദലി എന്നിവരുടെ പേരുകൾ സജീവം.
● പേരാലിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഫസലിന്റെ പേര് പരിഗണിക്കുന്നു.

കുമ്പള: (KasargodVartha) കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി ആരാവുമെന്നതിനെച്ചൊല്ലി യുഡിഎഫിൽ ചരടുവലികളും ചർച്ചകളും തുടങ്ങി. ബംബ്രാണ, കക്കളംകുന്ന്, കോയിപ്പാടി തുടങ്ങിയ യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ നിന്നായിരിക്കും പ്രസിഡന്റിനെ കണ്ടെത്തുകയെന്നാണ് പാർട്ടി പ്രവർത്തകർ നൽകുന്ന സൂചന. 

എന്നാൽ, ഈ തവണ കുമ്പളയിലെ പേരാൽ, കോയിപ്പാടി എന്നീ വാർഡുകളിൽനിന്ന് വിജയിച്ചുവരുന്നവരായിരിക്കണം പ്രസിഡന്റാവേണ്ടതെന്ന് ഈ വാർഡുകളിലെ യുഡിഎഫ് പ്രവർത്തകർ ശക്തമായി വാദിക്കുന്നുണ്ട്.

സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ളവരിൽ കക്കളംകുന്ന് വാർഡിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫിന്റെ പേരിലാണ് മുൻഗണന. ബംബ്രാണയിൽ മുസ്ലിം ലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറി എം പി ഖാലിദിന്റെ പേരിനാണ് മുൻഗണന കാണുന്നത്. 

അതേസമയം, കോയിപ്പാടിയിൽ മുസ്ലിം ലീഗ് മുൻ ജില്ലാ ഭാരവാഹിയും പ്രവർത്തക സമിതി അംഗവുമായ വി പി അബ്ദുൽഖാദർ ഹാജി, കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി എൻ മുഹമ്മദലി എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.

യുഡിഎഫിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന മറ്റൊരു വാർഡായ പേരാലിൽ പൊതുപ്രവർത്തകനും യൂത്ത് ലീഗ് പ്രവർത്തകനുമായ ഫസലിന്റെ പേരിലാണ് മുൻഗണന. ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കമുള്ള ബദ്രിയാ നഗർ വാർഡിൽ ശക്തനായ ഒരു സ്ഥാനാർത്ഥി വരണമെന്ന് യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. 

അങ്ങനെയെങ്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് ജനറൽ സെക്രട്ടറി സത്താർ ആരിക്കാടിയുടെയും പ്രവാസി ലീഗ് നേതാവ് സെഡ് എ മൊഗ്രാലിന്റെയും പേരുകളാണ് ഉയർന്നുവരുന്നത്. ഇവിടെ സത്താർ ആരിക്കാടി അട്ടിമറി വിജയം നേടുകയാണെങ്കിൽ കുമ്പളയുടെ സ്പന്ദനം അറിയുന്ന സത്താർ ആരിക്കാടിയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ യുഡിഎഫ് പ്രവർത്തകർക്കിടയിൽ സമ്മർദമുണ്ടാകും. കൊടിയമ്മയിൽ അഷ്റഫ് കൊടിയമ്മയുടെ പേരിലാണ് മുൻഗണന.

അതിനിടെ, കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടപ്പെട്ട മൊഗ്രാൽ, കൊപ്പളം സ്ത്രീ സംവരണ വാർഡുകളിൽ പ്രാദേശിക വിഷയങ്ങളുയർത്തി 'ജനകീയ മുന്നണി' സ്ഥാനാർത്ഥികളെ നിർത്താൻ ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ ശ്രമം ആരംഭിച്ചിട്ടുണ്ട്. 

അതിനായുള്ള ചർച്ചകളും കൂടിയാലോചനകളും നടന്നുവരുന്നുമുണ്ട്. കുമ്പള മാട്ടംകുഴിയിലും കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡിലും ഇത്തരത്തിൽ സമാനമായ നീക്കം നടക്കുന്നുണ്ട്. യുഡിഎഫിനകത്തെ പടലപ്പിണക്കം ശ്രദ്ധയോടെ വീക്ഷിക്കുകയാണ് പ്രധാന പ്രതിപക്ഷമായ ബിജെപിയും സിപിഎമ്മും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.

Article Summary: UDF power struggle for Kumbla Panchayath President; strongholds Bambraana, Kakkalamkunnu, Koipady are key.

#Kumbla #UDF #PanchayathElection #Kasargod #KeralaPolitics #MuslimLeague

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia