കുമ്പളയിൽ 20 പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ഇടതുമുന്നണി; സ്വതന്ത്രരടക്കം മത്സരിക്കും
● കുമ്പള നഗരത്തിലെ വികസന സ്തംഭനാവസ്ഥ പ്രധാന പ്രചാരണ വിഷയമാക്കും.
● യു.ഡി.എഫ് ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കും.
● മൊഗ്രാൽ ടൗണിലെ മെമ്പർ അബ്ദുൽ റിയാസ്, റിസാന നിയാസ് എന്നിവർ പട്ടികയിൽ.
● വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കുമ്പള പൈ ഹാളിലാണ് കൺവെൻഷൻ.
● സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ. ജയാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
കുമ്പള: (KasargodVartha) ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുമ്പളയിൽ ഇരുപത് പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ഇടതുമുന്നണി. സ്വതന്ത്ര സ്ഥാനാർഥികളെ കൂടി കളത്തിലിറക്കി കുമ്പള ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുമുന്നണി. ഐ എൻ എൽ ഉൾപ്പെടെ നാല് വാർഡുകളിൽ ഘടകകക്ഷി സ്ഥാനാർഥികൾ ജനവിധി തേടും.
കുമ്പളയിലെ ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും പരാജയപ്പെട്ട യു ഡി എഫ് ഭരണസമിതിക്കെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് എൽ ഡി എഫ് നേതാക്കൾ പറയുന്നു.
ദേശീയപാതയിൽ കെട്ടിയടക്കപ്പെട്ട കുമ്പള നഗരം, കുമ്പള നഗരത്തിലെ ബസ് സ്റ്റാൻഡ് അടക്കമുള്ള വികസന സ്തംഭനാവസ്ഥ, കുമ്പള സർക്കാർ ആശുപത്രിയോടുള്ള (സി എച്ച് സി) അവഗണന, അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം, പഞ്ചായത്ത് ഭരണസമിതിക്കെതിരെയും മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയും ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാവും ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുക.
മൊഗ്രാൽ ടൗണിലെ മെമ്പർ അബ്ദുൽ റിയാസ്, കഴിഞ്ഞ വർഷം മുസ്ലിം ലീഗ് സ്ഥാനാർഥിയായി കൊപ്പളം വാർഡിൽനിന്ന് ലീഗ് വിമത സ്ഥാനാർഥിയോട് പരാജയപ്പെട്ട മുസ്ലിം ലീഗിലെ റിസാന നിയാസ്, ജില്ലാ പഞ്ചായത്തിലേക്ക് കുമ്പള ഡിവിഷനിൽനിന്ന് മത്സരിക്കുന്ന കെ ബി യൂസഫ് അടക്കം 20 പേരുടെ പേരുകളാണ് ബുധനാഴ്ച ചേർന്ന എൽ ഡി എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം പുറത്തുവിട്ടത്. വ്യാഴാഴ്ച (നവംബർ 13, 2025) തെരഞ്ഞെടുപ്പ് കൺവെൻഷന് മുൻപ് സ്ഥാനാർഥികളെ ആനയിച്ച് കുമ്പളയിൽ പ്രകടനം നടത്തും.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കുമ്പള പൈ ഹാളിൽ വെച്ച് നടക്കുന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രമുഖ നേതാക്കൾ സംബന്ധിക്കും. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ആർ ജയാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ എൽ ഡി എഫ് പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് എൽ ഡി എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി അഭ്യർഥിച്ചു.
യോഗത്തിൽ ഏരിയ സെക്രട്ടറി സി എ സുബൈർ, കെ ബി യൂസഫ്, ജി രത്നാകര, സിദ്ധീഖലി മൊഗ്രാൽ, അഹമ്മദലി കുമ്പള, രഘുരാം ചത്രംപള്ളം, താജുദ്ദീൻ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.
ഈ വാർത്ത ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: LDF announced a 20-member candidate list, including independents, for the Kumbla Panchayat election, focusing on development issues against the UDF.
#KumblaElection #LDFCandidateList #PanchayatElection #KasargodPolitics #KeralaLocalElection #ElectionNews






