കുമ്പള പഞ്ചായത്ത് മുളിയടുക്ക വാർഡ്: സീറ്റ് വിഭജന തർക്കത്തിൽ യുഡിഎഫ് പോര്; പോരാട്ടം കനക്കുന്നു
● റിബൽ സ്ഥാനാർത്ഥി വന്നതോടെ ലീഗും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമായി.
● കോൺഗ്രസ് സ്ഥാനാർത്ഥി സജീവ പ്രവർത്തകനായ ഗണേഷ് ഭണ്ഡാരിയാണ്.
● പിഡിപി, സിപിഎം, ബിജെപി സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.
● കേവലം 250 വോട്ടുകൾ പിടിച്ചാൽ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.
● യുഡിഎഫിലെ പിണക്കം വോട്ടാക്കി മാറ്റാൻ മറ്റ് മുന്നണികളുടെ തീവ്ര ശ്രമം.
കുമ്പള: (KasargodVartha) കുമ്പള ഗ്രാമപഞ്ചായത്തിൽ പുതുതായി രൂപം കൊണ്ട മുളിയടുക്ക പത്താം വാർഡിൽ പോരാട്ടം കനക്കുന്നു. സീറ്റ് വിഭജനത്തിൽ കുമ്പളയിൽ മുസ്ലിം ലീഗ് കോൺഗ്രസിന് നൽകിയ വാർഡാണ് മുളിയടുക്ക.
എന്നാൽ, ഈ വാർഡ് മുസ്ലിം ലീഗിന് തന്നെ നൽകണം എന്നായിരുന്നു ലീഗ് വാർഡ് കമ്മിറ്റിയുടെ ആവശ്യം. ഈ ആവശ്യം ലീഗ് പഞ്ചായത്ത് കമ്മിറ്റി നിരാകരിച്ചതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്.
പ്രദേശവാസിയും നിലവിൽ കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന സബൂറ മൊയ്തു എം ഐയെ സ്വതന്ത്ര റിബൽ സ്ഥാനാർത്ഥിയായി നിർത്തിയത് വാർഡിൽ കോൺഗ്രസും, ലീഗും നേർക്കുനേർ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു.
കുമ്പളയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ഗണേഷ് ഭണ്ഡാരിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ വാർഡായിരുന്നു മുളിയടുക്ക. യുഡിഎഫിനകത്തെ പിണക്കം എങ്ങനെ വോട്ടാക്കി മാറ്റാമെന്ന ശ്രമത്തിലും പ്രവർത്തനങ്ങളിലുമാണ് വാർഡിലെ പിഡിപിയും, സിപിഎമ്മും, ബിജെപിയും.
എം അബ്ദുൾ റസ്സാഖാണ് ഇവിടെ പിഡിപി സ്ഥാനാർത്ഥി. വാർഡിലെ ചില മേഖലകളിൽ യുവാക്കൾക്കിടയിൽ പിഡിപിക്ക് സ്വാധീനമുണ്ട്. എക്കാലവും എൽഡിഎഫിന് പിന്തുണ നൽകിവരുന്ന പിഡിപിയെ ഇടതുമുന്നണി സീറ്റ് വിഭജന ചർച്ചകളിൽ പരിഗണിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് പിഡിപിയുടെ സ്ഥാനാർത്ഥിത്വം എന്നത് ശ്രദ്ധേയമാണ്.
സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രമേശ പിയാണ് ഇവിടെ സിപിഎം സ്ഥാനാർഥി. സിപിഎം പ്രവർത്തകർക്കിടയിലും നാട്ടുകാർക്കിടയിലും ജാതിമതഭേദമന്യേ രമേശൻ സ്വീകാര്യനാണ്.
കർഷകനായ പത്മനാഭയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രവർത്തനങ്ങളിൽ ബൂത്ത് തലത്തിൽ പത്മനാഭ മുൻപന്തിയിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെയാണ് വാർഡിൽ പത്മനാഭനെ ബിജെപി പരിഗണിച്ചതും.
കേവലം 250 ഓളം വോട്ടുകൾ പിടിച്ചാൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അഞ്ച് സ്ഥാനാർത്ഥികളും കടുത്ത വോട്ട് പിടുത്തത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: UDF internal conflict erupts in Kumbla Panchayat's Muliyadukka Ward as a rebel candidate from the Muslim League contests against the Congress candidate.
#Kumbla #Kasaragod #LocalElection #UDFConflict #RebelCandidate #KeralaPolitics






