കുമ്പള കൊടിയമ്മയിൽ വാശിയേറിയ മത്സരം: ലീഗും സ്വതന്ത്രനും നേർക്കുനേർ
● പൊതുരംഗത്ത് സജീവമായ അബ്ബാസ് മാസ്റ്റർ പരമ്പരാഗത ലീഗ് വോട്ടുകൾ പ്രതീക്ഷിക്കുന്നു.
● യുവാക്കൾക്കിടയിൽ അബ്ദുസ്സലാം സ്വീകാര്യൻ.
● ലീഗിലെ പടലപ്പിണക്കങ്ങളും പാർട്ടി പുറത്താക്കിയവരുടെ പിന്തുണയും സ്വതന്ത്ര സ്ഥാനാർത്ഥി ലക്ഷ്യമിടുന്നു.
● വികസന മുരടിപ്പാണ് അബ്ദുസ്സലാം തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാക്കുന്നത്.
● സിപിഎം സജീവ പ്രവർത്തകനായ യു എസ് ശശിധരനെയാണ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
കുമ്പള: (KasargodVartha) കുമ്പള ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ കൊടിയമ്മയിൽ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. പ്രധാനമായും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയും സ്വതന്ത്ര സ്ഥാനാർത്ഥിയും തമ്മിലാണ് ഇവിടെ മത്സരം. ഇവരോടൊപ്പം സിപിഎം സ്ഥാനാർത്ഥിയും ബിജെപിയും മത്സരരംഗത്തുണ്ട്.
മുസ്ലിം ലീഗിൽ അബ്ബാസ് മാസ്റ്റർ ആണ് സ്ഥാനാർത്ഥി. പൊതുരംഗത്തും അധ്യാപനത്തിലും ദീർഘകാലമായി നാട്ടുകാർക്കിടയിൽ സജീവമായ മുസ്ലിം ലീഗ് പ്രവർത്തകനാണ് അദ്ദേഹം. കൊടിയമ്മയുടെ ‘സ്പന്ദനം’ അറിയുന്ന സ്ഥാനാർത്ഥി എന്നാണ് ലീഗ് പ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത ലീഗ് വോട്ടുകൾ അബ്ബാസ് മാസ്റ്റർക്ക് അനുകൂല ഘടകമാണെന്നും ലീഗ് കേന്ദ്രങ്ങൾ പറയുന്നു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി തുടക്കം മുതൽ രംഗപ്രവേശം ചെയ്ത അബ്ദുസ്സലാം യുവാക്കൾക്കിടയിൽ സ്വീകാര്യനാണ്. താഴെ കൊടിയമ്മ, ചത്രപള്ളം, ഊജാർ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കൊടിയമ്മയിൽ അബ്ദുസ്സലാമിന് മേൽക്കോയ്മ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ പറയുന്നത്.
മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കിടയിൽ ഉണ്ടായിരുന്ന പടലപ്പിണക്കവും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പുറത്താക്കിയവരുടെ പിന്തുണയും അബ്ദുസ്സലാം പ്രതീക്ഷിക്കുന്നുണ്ട്. കൊടിയമ്മയിലെ കഞ്ചിക്കട്ട പാലം ഉൾപ്പെടെയുള്ള വികസന മുരടിപ്പ് അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ പ്രാവശ്യം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി അട്ടിമറി വിജയം നേടിയ സിപിഎം ഇത്തവണ പാർട്ടിയിലെ സജീവ പ്രവർത്തകനായ യു എസ് ശശിധരനെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. ലീഗ് വിരുദ്ധ വോട്ടുകളിലുണ്ടായ ഏകോപനമാണ് കഴിഞ്ഞ തവണ എൽഡിഎഫിന് തുണയായത്. മതേതര വോട്ടുകളിലാണ് ഈ പ്രാവശ്യം സിപിഎം പ്രതീക്ഷ വെച്ചുപുലർത്തുന്നത്.
ബിജെപിയിൽ യു രാജേഷ് റൈയാണ് സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകർക്കിടയിലും യുവജനങ്ങൾക്കിടയിലും സുപരിചിതനാണ് അദ്ദേഹം. ബിജെപിയുടെ നിശ്ചിത വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിക്ക് തന്നെ ലഭിക്കണമെന്നുള്ളതാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്.
ഈ പ്രാവശ്യം കൊടിയമ്മയിൽ ബിജെപിക്ക് വോട്ടുകളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ചതുർകോണ മത്സരം കൊണ്ട് ശ്രദ്ധേയമായ കൊടിയമ്മയിൽ പോരാട്ടം കനത്തതോടെ ഫലം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.
കുമ്പള കൊടിയമ്മയിലെ വാർഡ് പോരാട്ടം ആർക്കനുകൂലമാകും? നിങ്ങളുടെ പ്രവചനം കമൻ്റ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Quadrangular contest in Kumbla Kodiyamma ward is highly unpredictable, with League, Independent, CPM, and BJP candidates fighting fiercely.
#Kumbla #Kodiyamma #LocalElection #KeralaPolitics #Kasaragod #Quadrangular






