തദ്ദേശപ്പോര്: പ്രമുഖ സ്ഥാനാർത്ഥികളാൽ കുമ്പള ബദ്രിയാനഗർ വാർഡ് ശ്രദ്ധാകേന്ദ്രം; വാർഡിൽ ത്രികോണ മത്സരം
● സി പി എം കളത്തിലിറക്കിയിരിക്കുന്നത് റിയാസ് മൊഗ്രാലിനെയാണ്.
● എസ് ഡി പി ഐയുടെ സ്ഥാനാർത്ഥി കഴിഞ്ഞ തവണത്തെ മെമ്പറായ അൻവർ ആരിക്കാടിയാണ്.
● വാർഡ് വിഭജനത്തിനു ശേഷം യു ഡി എഫിന് അനുകൂലമായെന്നാണ് നേതാക്കളുടെ അവകാശവാദം.
● കഴിഞ്ഞ തവണത്തെ 'ജനകീയ മെമ്പർ' എന്ന ഖ്യാതി റിയാസ് മൊഗ്രാലിനുണ്ട്.
● എസ് ഡി പി ഐക്ക് ഇവിടെ നല്ലൊരു ശതമാനം വോട്ട് ബാങ്കുണ്ട്.
കുമ്പള: (KasargodVartha) പ്രമുഖരുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാവുകയാണ് കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡായ ബദ്രിയാനഗർ. നേരത്തെ സി പി എമ്മിന് അടിത്തറയുണ്ടായിരുന്ന വാർഡ്, വാർഡ് വിഭജനത്തിന് ശേഷം യു ഡി എഫിന് അനുകൂലമായി മാറിയെന്നാണ് യു ഡി എഫ് നേതാക്കളുടെ അവകാശവാദം. എങ്കിലും പോരാട്ടം കടുപ്പിക്കാൻ തന്നെയാണ് ത്രികോണ മത്സരത്തിന് വേദിയാവുന്ന ബദ്രിയാനഗർ വാർഡിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനം.
മുസ്ലിംലീഗിലെ ദേശീയ സമിതി അംഗവും നിലവിലെ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായ വി പി അബ്ദുൽ ഖാദർ ഹാജിയെയാണ് കുമ്പളയിൽ യു ഡി എഫ് അങ്കത്തിനിറക്കിയിരിക്കുന്നത്. ‘വി പി മത്സരിച്ചാൽ അത് നേടിയിരിക്കും’ എന്നാണ് യു ഡി എഫ് പ്രവർത്തകർക്കിടയിലെ സംസാരം.
സി പി എം കളത്തിലിറക്കിയിരിക്കുന്നത് മൊഗ്രാൽ ടൗണിലെ കഴിഞ്ഞ തവണത്തെ 'ജനകീയ മെമ്പർ' എന്ന ഖ്യാതി നേടിയ റിയാസ് മൊഗ്രാലിനെയാണ്. വി പിക്ക് ശക്തനായ ഒരു എതിരാളി വേണമെന്ന എൽ ഡി എഫ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് ഇടത് നേതൃത്വം റിയാസിനെ രംഗത്തിറക്കിയിരിക്കുന്നത്.
എസ് ഡി പി ഐക്ക് നല്ലൊരു ശതമാനം വോട്ട് ബാങ്കുള്ള ബദ്രിയാനഗറിൽ, കഴിഞ്ഞ തവണത്തെ കുമ്പള ഗ്രാമപഞ്ചായത്തിലെ കുമ്പോലിൽ നിന്നുള്ള ഏക എസ് ഡി പി ഐ മെമ്പറായ അൻവർ ആരിക്കാടിയെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ കുമ്പള ഗ്രാമപഞ്ചായത്തിൽ പ്രമുഖരുടെ മത്സരം കൊണ്ട് ബദ്രിയാനഗർ വാർഡ് ശ്രദ്ധേയമാവുകയാണ്. ഇവിടെ പി ഡി പിക്കും നിർണായക സ്വാധീനമുണ്ടെങ്കിലും അവർ മത്സരരംഗത്തില്ല. പി ഡി പി വോട്ടുകൾ ആർക്ക് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.
ബദ്രിയാനഗറിലെ ത്രികോണ മത്സരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kumbla Badriyanagar ward in Kasaragod is set for a tight three-way contest between UDF, LDF, and SDPI candidates.
#Kumbla #Kasaragod #LocalBodyPolls #Badriyanagar #TrikonaMalsaram #KeralaPolitics






