തദ്ദേശ തിരഞ്ഞെടുപ്പ്: ബത്തേരി വാർഡിനെച്ചൊല്ലി കോൺഗ്രസ് - ലീഗ് പോര് മുറുകുന്നു

● ബത്തേരി വാർഡ് തർക്കത്തിൽ.
● ബിജെപി വിജയിച്ച വാർഡാണിത്.
● ലീഗ് വാർഡിൽ അവകാശവാദം ഉന്നയിക്കുന്നു.
● ജനകീയ മുന്നണിക്ക് സാധ്യത.
● കോൺഗ്രസ് നേതൃത്വം അതൃപ്തിയിൽ.
കുമ്പള: (KasargodVartha) തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തലപൊക്കുന്നു. കുമ്പള ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തെച്ചൊല്ലി വലിയ അതൃപ്തി നിലനിൽക്കുന്നതിനിടെ, കോൺഗ്രസ് കൈവശമുള്ള വാർഡുകളിൽ മുസ്ലിം ലീഗ് കണ്ണുവെക്കുന്നത് യുഡിഎഫിനകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് വാർഡായ ബത്തേരി വിട്ടുനൽകേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. സാധാരണയായി ബിജെപി വിജയിക്കാറുള്ള ബത്തേരി വാർഡ്, വാർഡ് വിഭജനത്തിന് ശേഷം ഇത്തവണ യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ഈ വാർഡിൽ അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി സമീറ-റിയാസ് ആയിരുന്നു മത്സരിച്ചത്. 250-ഓളം വോട്ടുകൾക്കാണ് ബിജെപിയോട് പരാജയപ്പെട്ടത്.
ഈ പ്രാവശ്യവും ബത്തേരി വാർഡ് കോൺഗ്രസിന് തന്നെ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി റിയാസ് കരീം യുഡിഎഫ് നേതൃത്വത്തെ സമീപിക്കുമെന്ന് ഇതിനകം പ്രതികരിച്ചിട്ടുണ്ട്.
ഇതിനിടെ, കുമ്പളയിൽ ‘ജനകീയ മുന്നണി’ എന്ന പേരിൽ ലീഗ്-കോൺഗ്രസ് അസംതൃപ്തർ പതിനഞ്ചോളം വാർഡുകളിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായും വാർത്തകളുണ്ട്. ഇതിനായുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലീഗ്-കോൺഗ്രസ് തർക്കം രൂക്ഷമായിരിക്കുന്നത്.
കുമ്പള ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സംവിധാനത്തിൽ സാധാരണയായി 13-10 എന്ന സീറ്റ് ധാരണയിലാണ് മത്സരിക്കാറ്. കക്കളംകുന്ന്, ബംബ്രാണ, കൊടിയമ്മ, ഉളുവാറ്, കൊപ്പളം, കുമ്പോൽ, ആരിക്കാടി, ബദ്രിയ നഗർ, പേരാൽ, പെർവാഡ്, മൊഗ്രാൽ, കോയിപാടി, മാട്ടംകുഴി എന്നിവ മുസ്ലിം ലീഗിനും, മടുവ, ഉജാർ, കളത്തൂർ, ഇച്ചിലമ്പാടി, മുജംങ്കാവ്, കോട്ടക്കാർ, ശാന്തി പള്ള, കെകെ പുറം, ബത്തേരി, കുമ്പള എന്നീ വാർഡുകൾ കോൺഗ്രസിനുമാണ് പതിവായി ലഭിക്കാറ്. ഇത്തവണ ‘മുളിയടുക്ക’ എന്ന പേരിൽ ഒരു പുതിയ വാർഡ് കൂടി വന്നതോടെ അവിടെയും മുസ്ലിം ലീഗ് തന്നെ മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ മുസ്ലീം ലീഗ് മത്സരിക്കുന്ന വാർഡുകളുടെ എണ്ണം 14 ആകും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary (English): Congress-League dispute intensifies in Kumbla over Batheri ward for local elections.
#KeralaPolitics, #LocalElections, #Kumbla, #Congress, #MuslimLeague, #UDF