കുമ്പളയിൽ അഴിമതി ആഞ്ഞടിക്കുമ്പോൾ: ജനകീയ മുന്നണിക്ക് 'സുവർണ്ണാവസരം'!

● പൂഴിക്കടവ്, ബസ് ഷെൽട്ടർ അഴിമതി ആരോപണങ്ങൾ ശക്തം.
● ജനകീയ മുന്നണി ആറോളം സീറ്റുകളിൽ നോട്ടമിടുന്നു.
● യുഡിഎഫ് ലെയ്‌സൺ കമ്മിറ്റി യോഗം പ്രഹസനമായി മാറി.
● അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു.
കുമ്പള: (KasargodVartha) തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കുമ്പള ഗ്രാമപഞ്ചായത്തിൽ ഇത്തവണ കൂടുതൽ സീറ്റുകൾ നേടി ജനകീയ മുന്നണിയും സിപിഐഎമ്മും നിർണായക ശക്തിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മുസ്ലീം ലീഗിനുള്ളിലെ വിമത ശല്യവും, പൂഴിക്കടവ്, ബസ് ഷെൽട്ടർ അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് യുഡിഎഫ് പ്രവർത്തകർ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിലുമാണ് ജനകീയ മുന്നണിയും സിപിഐഎമ്മും കൂടുതൽ സ്വതന്ത്രരെ രംഗത്തിറക്കി കുമ്പള ഗ്രാമപഞ്ചായത്തിൽ നിർണായക ശക്തിയാകാൻ തയ്യാറെടുക്കുന്നത്.
അഴിമതി ആരോപണം നേരിടുന്ന കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ചൊവ്വാഴ്ച നൂറോളം സിപിഐഎം പ്രവർത്തകർ സംഘടിച്ച് പ്രതിഷേധ പരിപാടി നടത്തിയത് ഇതിന്റെ തുടക്കമായി വേണം കരുതാൻ.
അഴിമതിയുണ്ടെന്ന് ആരോപണം ഉയർന്ന ബസ് ഷെൽട്ടറിൽ സ്ഥാപിച്ച ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഫോട്ടോയിൽ നിന്ന് സിപിഐഎം മെമ്പർമാരുടെ ഫോട്ടോ സിപിഐഎം പ്രവർത്തകർ പെയിന്റടിച്ച് മായ്ച്ചുകളയുകയും ചെയ്തു. ഇന്നലെ പഞ്ചായത്ത് ഓഫീസ് മാർച്ചിന് മുന്നോടിയായിരുന്നു ഈ നടപടി.
24 വാർഡുകൾ അടങ്ങിയ കുമ്പളയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് രണ്ട് സ്വതന്ത്രർ ഉൾപ്പെടെ മൂന്നുപേരെ വിജയിപ്പിക്കാൻ സാധിച്ചിരുന്നു. ഇത് ഇരട്ടിയാക്കാൻ ഇത്തവണ സാധിക്കുമെന്നും സിപിഐഎം വിലയിരുത്തുന്നുണ്ട്. ആറോളം സീറ്റുകളിൽ ‘ജനകീയ മുന്നണിയും’ നോട്ടമിടുന്നുണ്ട്.
നിലവിൽ ഒരു സ്വതന്ത്ര അംഗത്തിന്റെയും, എസ്ഡിപിഐയുടെയും പിൻബലത്തിലാണ് കുമ്പളയിൽ യുഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. ലീഗിനും കോൺഗ്രസിനും കൂടി 10 അംഗങ്ങൾ മാത്രമാണുള്ളത്. 9 സീറ്റുകളോടെ ബിജെപിയാണ് പ്രധാന പ്രതിപക്ഷ പാർട്ടി.
ബിജെപി പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും, പ്രതിപക്ഷ റോൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും സിപിഐഎമ്മിനും, ജനകീയ മുന്നണിക്കും ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം, ചൊവ്വാഴ്ച വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യുഡിഎഫ് ലെയ്‌സൺ കമ്മിറ്റി യോഗം പ്രഹസനമായി മാറുകയും ചെയ്തു. ലീഗിൽ നിന്ന് നേരത്തെ പൂഴിക്കടവ് വിവാദത്തെ തുടർന്ന് അച്ചടക്ക നടപടി നേരിടുകയും, പിന്നീട് സംസ്ഥാന നേതൃത്വം മരവിപ്പിക്കുകയും ചെയ്ത മൂന്ന് നേതാക്കൾ മാത്രമാണ് ലീഗിൽ നിന്ന് യോഗത്തിൽ പങ്കെടുത്തത്.
ഇത് കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യുകയും ചെയ്തു. മറ്റ് ലീഗ് നേതാക്കൾ വിട്ടുനിന്നത് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി നേതൃത്വത്തിന് വലിയ തിരിച്ചടിയാവുകയും ചെയ്തു.
പഞ്ചായത്തിൽ അഴിമതി ആരോപണങ്ങളും, ഭരണ പ്രതിസന്ധിയും നേരിടുമ്പോൾ മാത്രം യുഡിഎഫ് ലെയ്‌സൺ കമ്മിറ്റി വിളിച്ചുചേർക്കുന്നതിനെയും കോൺഗ്രസ് നേതാക്കൾ യോഗത്തിൽ ചോദ്യം ചെയ്തു.
ഒടുവിൽ യോഗ തീരുമാനമെന്ന നിലയിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പദ്ധതികളിലെ അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിനും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
അതിനിടെ, കുമ്പള ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതികളിൽ 5 ലക്ഷത്തിൽ കൂടുതൽ തുക ചെലവഴിച്ച എല്ലാ പദ്ധതികളിലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ ബി.എ. സിദ്ദീഖ് മൊഗ്രാൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
കുമ്പളയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Corruption allegations and infighting create opportunity for Janakeeya Munnani in Kumbala.
#KumbalaPolitics #KeralaLocalElection #CorruptionAllegations #JanakeeyaMunnani #UDFCrisis #CPIMKerala