city-gold-ad-for-blogger

സെക്രട്ടറിക്കെതിരെ 'വാളോങ്ങി' കുമ്പള പഞ്ചായത്ത് ഭരണസമിതി: ഭരണം പ്രതിസന്ധിയിൽ; അഴിമതി ആരോപണങ്ങൾ കത്തുന്നു

Kumbala Panchayat office building
Photo: Special Arrangement

● ഭരണനിശ്ചലാവസ്ഥക്ക് കാരണം സെക്രട്ടറിയുടെ സമീപനമെന്ന് പ്രസിഡന്റ് ആരോപിച്ചു.
● 2025-26 വർഷത്തെ പദ്ധതികളിൽ സെക്രട്ടറി വിമുഖത കാണിക്കുന്നു.
● കെ-സ്മാർട്ട് വഴിയുള്ള അപേക്ഷകൾ സുതാര്യത ഉറപ്പാക്കുമെന്ന് ലീഗ്-കോൺഗ്രസ് അസംതൃപ്തർ.
● കെ-സ്മാർട്ട് കാലതാമസമുണ്ടാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി വാദിക്കുന്നു.

കുമ്പള: (KasargodVartha) കുമ്പള ടൗണിലെ ബസ് ഷെൽട്ടറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനിൽക്കെ, കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കടുത്ത നടപടിയുമായി രംഗത്ത്. 

സെക്രട്ടറിയുടെ സമീപകാല നടപടികൾ പഞ്ചായത്ത് ഭരണം നിശ്ചലമാക്കിയെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറാ-യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി.എ. റഹ്‌മാൻ ആരിക്കാടി, സബൂറ എം, നസീമ ഖാലിദ് എന്നിവർ പ്രസ്താവനയിറക്കി.

ഭരണസമിതി യോഗം വിളിക്കുന്നില്ലെന്നും, 2025-26 വർഷത്തേക്കുള്ള പദ്ധതികളിൽ വിമുഖത കാണിക്കുന്നുവെന്നുമാണ് പ്രധാന ആക്ഷേപം. ഇത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും, ഭരണസമിതിയെ മാത്രമല്ല, പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരെയും അവഹേളിക്കുന്ന സമീപനമാണ് സെക്രട്ടറിയുടേതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ജോയിന്റ് ഡയറക്ടർക്ക് (ജെ.ഡി) പരാതി നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പഞ്ചായത്ത് അപേക്ഷകൾ സർക്കാരിന്റെ ‘കെ-സ്മാർട്ട്’ വഴിയാകണം നൽകേണ്ടതെന്ന സെക്രട്ടറിയുടെ തീരുമാനം പദ്ധതികളിലും അപേക്ഷകളിലും സുതാര്യത ഉറപ്പുവരുത്താനാണെന്ന് ലീഗ്-കോൺഗ്രസ് അസംതൃപ്തർ പറയുന്നു. 

ഇതിനെ എതിർക്കുന്നത് അടുത്ത വാർഷിക പദ്ധതികളിൽ അഴിമതിക്ക് കളമൊരുക്കാനാണെന്നും ഇവർക്ക് ആക്ഷേപമുണ്ട്. എന്നാൽ കെ-സ്മാർട്ട് മുഖാന്തരം അപേക്ഷ നൽകുന്നത് പദ്ധതികളിലും അപേക്ഷകളിലും കാലതാമസത്തിന് ഇടയാക്കുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ കണ്ടെത്തൽ.

പഞ്ചായത്ത് ബോർഡ് യോഗം വിളിച്ചുചേർക്കേണ്ടതും അജണ്ട തീരുമാനിക്കേണ്ടതും പ്രസിഡന്റാണ്. അജണ്ടയിൽ ചേർക്കേണ്ട വിഷയങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഭയമാണ് സെക്രട്ടറിയെ പരിചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നും ലീഗ് അസംതൃപ്തർ ആരോപിക്കുന്നു. 

ബസ് ഷെൽട്ടർ നിർമ്മാണ കരാർ റദ്ദാക്കണമെന്ന് ഇതിനകം തന്നെ ഭരണമുന്നണിയിലെയും പ്രതിപക്ഷത്തെയും അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അജണ്ടയിൽ ഉൾപ്പെടുത്താനുള്ള ഭയവും ഭരണസമിതിക്കുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

പുതിയ വർഷത്തിലെ ഒട്ടനവധി പദ്ധതികൾ സംശയത്തിന്റെ നിഴലിലാണ്. പല പദ്ധതികളും കരാറില്ലാതെ നേരിട്ട് നൽകാനാണ് നീക്കം നടക്കുന്നത്. ഓരോ പദ്ധതിക്കും ബസ് ഷെൽട്ടറിന് അനുവദിച്ച തുക പോലെ കൂടുതൽ തുകകളാണ് നീക്കിവെച്ചിരിക്കുന്നതെന്നും, ഇത് കരാറുകാരുടെ കീശ വീർപ്പിക്കാനാണെന്നും ലീഗ് അസംതൃപ്തർ ആരോപിക്കുന്നു.

അതിനിടെ, ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലീഗ്-കോൺഗ്രസ് അസംതൃപ്തർ ജനകീയ മുന്നണി രൂപവത്കരിക്കാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ! മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്.

Article Summary: Kumbala Panchayat in conflict over corruption allegations.

#KumbalaPanchayat #KeralaPolitics #CorruptionAllegations #LocalGovernance #KumbalaNews #PanchayatConflict

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia