city-gold-ad-for-blogger

കുമ്പള 14-ാം വാർഡ്: കോൺഗ്രസ് സീറ്റ് നിലനിർത്തുമോ? പോരാട്ടം കടുപ്പിച്ച് പാട്ടുപാടി ആബിദാ ടീച്ചർ

LDF candidate Abida Teacher singing while campaigning for votes in Kumbala.
Photo: Special Arrangement

● കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കോൺഗ്രസ് വിജയിക്കുന്ന സുരക്ഷിത വാർഡാണ് കെ കെ പുറം.
● ഇപ്രാവശ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി ആബിദാ ടീച്ചർ മത്സരിക്കുന്നു.
● കോൺഗ്രസ് ടിക്കറ്റിൽ ആശാ വർക്കറായ എം ബൽക്കീസ് ആണ് എതിരാളി.
● മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാലിന്റെ വികസന തുടർച്ച ബൽക്കീസ് ഉയർത്തിക്കാട്ടുന്നു.
● ബിജെപിക്ക് വേണ്ടി അശ്വിത എസ് മത്സരിക്കുന്നതോടെ ത്രികോണ മത്സരം ഉറപ്പായി.

കുമ്പള: (KasargodVartha) ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡായ മൊഗ്രാൽ കെ കെ പുറത്ത് ഈ പ്രാവശ്യം പോരാട്ടം കനക്കുകയാണ്. വാർഡ് വിഭജനത്തെ തുടർന്ന് ചില പ്രദേശങ്ങൾ പുതുതായി വാർഡിൽ ഉൾപ്പെട്ടതാണ് പ്രധാനമായും മത്സരം കടുപ്പിക്കാൻ കാരണമായിരിക്കുന്നത്.

കുമ്പള ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് നേതൃത്വം കോൺഗ്രസിന് നൽകുന്ന സുരക്ഷിതമായ വാർഡായാണ് കെ കെ പുറം അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി ഇവിടെനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ച് വരുന്നത്. മുസ്ലിംലീഗിന് ഏറെ സ്വാധീനമുള്ള മേഖലയാണ് വാർഡിലുള്ളത്. അതുകൊണ്ടുതന്നെ വാർഡിൽ എന്നും യുഡിഎഫ് തേരോട്ടമാണ് ഉണ്ടാകാറ്.

ഇപ്രാവശ്യം ഇടതുമുന്നണി ഐഎൻഎല്ലിന് നൽകിയ കെ കെ പുറത്ത് വാർഡിൽ സുപരിചിതയായ ആബിദാ ടീച്ചറെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. എതിരാളിയായി കോൺഗ്രസ് ടിക്കറ്റിൽ ആശാ വർക്കർ എം ബൽക്കീസും മത്സരിക്കുന്നു. രണ്ടുപേരും വാർഡിലെ വോട്ടർമാർക്കിടയിൽ സ്വീകാര്യതയുള്ള സ്ഥാനാർത്ഥികളാണ്.

ആശാ വർക്കറായ എം ബൽക്കീസ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതിന് മുമ്പ് തന്നെ വാർഡിൽ ഉടനീളം ആശാ വർക്കർ എന്ന നിലയിലും ആരോഗ്യ പ്രവർത്തക എന്ന നിലയിലും പ്രവർത്തന രംഗത്തുള്ളവരാണ്. അതുകൊണ്ടുതന്നെ വോട്ടർമാർക്ക് ബൽക്കീസിനെ പരിചയപ്പെടുത്തേണ്ട ആവശ്യവും വരുന്നില്ല. 

എന്നാൽ എതിരാളി ആബിദാ ടീച്ചറെയും വാർഡിൽ അറിയാത്തവരായി ആരുമില്ല. ഇശൽ ഗ്രാമത്തിലെ നല്ലൊരു കലാകാരി കൂടിയാണ് ആബിദാ ടീച്ചർ. വോട്ട് തേടി കവലകളിലെത്തിയാൽ ആബിദാ ടീച്ചർ പാട്ടുപാടി വോട്ടർമാരെ കയ്യിലെടുക്കും. 

ടീച്ചറുടെ ഭർത്താവ് താജുദ്ദീൻ മൊഗ്രാൽ കഴിഞ്ഞ പ്രാവശ്യം ഇതേ വാർഡിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എതിരാളി അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാലായിരുന്നു.

നാസർ മൊഗ്രാൽ വാർഡിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും വികസന തുടർച്ചയും അവകാശപ്പെട്ടാണ് എം ബൽക്കീസ് വോട്ട് അഭ്യർത്ഥിക്കുന്നത്. 

എന്നാൽ വാർഡിൽ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിൽ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടും പരാജയമായിരുന്നുവെന്ന് പറഞ്ഞാണ് ആബിദാ ടീച്ചർ വോട്ട് അഭ്യർത്ഥിക്കുന്നത്.

തങ്ങളുടെ വോട്ടുകൾ ഒരു മുന്നണിയിലേക്കും വീഴരുതെന്ന ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം കെ കെ പുറത്തും ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. അശ്വിത എസ് ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. കെ കെ പുറത്തെ ചില പ്രദേശങ്ങളിൽ ബിജെപിക്ക് നിർണായക വോട്ട് ബാങ്കുമുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Kumbala's KK Puram ward sees a tough battle between LDF's singing candidate Abida Teacher and Congress's Asha Worker M Balkees.

#Kumbala #Kasaragod #LocalElection #KeralaPolitics #AbidaTeacher #Balkees

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia