ബസ് ഷെൽട്ടർ വിവാദം: കുമ്പള മുസ്ലിം ലീഗിൽ പ്രതിസന്ധി രൂക്ഷം, ആരോപണവിധേയർ ഒറ്റപ്പെടുന്നു

● രണ്ട് ഭാരവാഹികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
● വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ വിവാദം ബാധിക്കും.
● മണൽ അഴിമതിയിലെ അച്ചടക്ക നടപടി മരവിപ്പിച്ചത് ചർച്ചയായി.
● പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തം, രാജി ഭീഷണി.
● അസംതൃപ്തർ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ നീക്കം നടത്തുന്നു.
കുമ്പള: (KasargodVartha) ബസ് ഷെൽട്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ കുമ്പളയിലെ മുസ്ലിം ലീഗിനും യൂത്ത് ലീഗിനും വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ കുമ്പളയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ്-യൂത്ത് ലീഗ് കമ്മിറ്റി യോഗങ്ങളിൽ ആരോപണവിധേയരായ നേതാക്കൾ ഒറ്റപ്പെട്ടതോടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ നിന്ന് രണ്ട് പ്രധാന ഭാരവാഹികൾ ഇറങ്ങിപ്പോയതും സ്ഥിതിഗതികൾ വഷളാക്കി.
ബസ് ഷെൽട്ടർ പദ്ധതിയിൽ വൻ അഴിമതി നടന്നുവെന്ന് വ്യക്തമായിട്ടും, കമ്മിറ്റിയിലെ ചിലർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചതാണ് മുതിർന്ന നേതാക്കളുടെ ഇറങ്ങിപ്പോക്കിന് കാരണമെന്ന് പറയുന്നു. ഇതേ നിലപാട് തുടർന്നാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കുമ്പളയിൽ മുസ്ലിം ലീഗിന് വിജയിക്കാനാവില്ലെന്ന് ഭാരവാഹികൾ തുറന്നു പറഞ്ഞതായും വിവരമുണ്ട്.
ബസ് ഷെൽട്ടർ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടില്ലെന്ന് യോഗതീരുമാനം പ്രമേയമാക്കാൻ ചിലർ ശ്രമിച്ചെങ്കിലും മറ്റ് ഭാരവാഹികൾ ശക്തമായി എതിർത്തു. ഇതിനെത്തുടർന്ന് രണ്ട് ഭാരവാഹികൾ വേദി വിടുകയും ചെയ്തു. ഇതോടെ, പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രസ്താവന ഇറക്കിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

അതിനിടെ, 2025 ഏപ്രിൽ മാസത്തിൽ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി കുമ്പളയിലെ പഞ്ചായത്ത് കടവുമായി ബന്ധപ്പെട്ട മണൽ അഴിമതി ആരോപണങ്ങളിൽ ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറ് നേതാക്കൾക്കെതിരെ എടുത്ത അച്ചടക്ക നടപടി മരവിപ്പിച്ചത് വീണ്ടും പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. തുടർച്ചയായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതാക്കൾക്കെതിരെ ഉയർന്നുവരുന്ന അഴിമതി ആരോപണങ്ങളിൽ മുസ്ലിം ലീഗ്-യൂത്ത് ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്. പല പാർട്ടി പ്രവർത്തകരും രാജി സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അഴിമതി ആരോപണ വിധേയരായവർ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികളെ എന്ത് വിലകൊടുത്തും തോൽപ്പിക്കാനുള്ള നീക്കത്തിലാണ് അസംതൃപ്തരായ മുസ്ലിം ലീഗ് പ്രവർത്തകർ. ഇതിനായുള്ള ജനകീയ മുന്നണി നീക്കങ്ങൾ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. പാർട്ടിയിൽ വലിയ പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിൽ, നേതാക്കൾക്കെതിരെ നേരത്തെ എടുത്ത അച്ചടക്ക നടപടി മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന-ജില്ലാ നേതാക്കളെ ഇതിനകം സമീപിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തിലെ ഉള്ളടക്കം ലഭ്യമായ വിവരങ്ങളെയും ആരോപണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.
കുമ്പളയിലെ ബസ് ഷെൽട്ടർ വിവാദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Bus shelter corruption causes crisis in Kumbala Muslim League.
#Kumbala #MuslimLeague #BusShelterScam #PoliticalCrisis #CorruptionAllegations #KeralaPolitics