Politics | മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ യുഡിഎഫും ബിജെപിയും എല്ലാ കാലത്തേക്കും ബോധംകെട്ടുവീഴുമെന്ന് കെ ടി ജലീൽ

● 'ദേശീയപാതക്കെതിരെ യുഡിഎഫും ബിജെപിയും എല്ലാത്തരം എതിർപ്പും ഉയർത്തി'
● 'കേരളം ഇതിനുമുമ്പ് കാണാത്ത വികസനം യാഥാർഥ്യമാക്കിയത് പിണറായി സർക്കാർ'
● 'പിണറായി വിജയനെ ഒന്നും ചെയ്യാൻ അമിത് ഷായ്‌ക്ക് കഴിയില്ല'
സീതാംഗോളി: (KasargodVartha) ഇപ്പോൾ ദേശീയപാത വഴി പോകുന്ന ആരും ഇനി യുഡിഎഫിന് വോട്ടുചെയ്യില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ദേശീയപാതക്കെതിരെ യുഡിഎഫും ബിജെപിയും എല്ലാത്തരം എതിർപ്പും ഉയർത്തിയിരുന്നുവെന്നും ഇനി മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ അവർ എല്ലാ കാലത്തേക്കും ബോധംകെട്ടുവീഴുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കുമ്പള ഏരിയാകമ്മിറ്റി സീതാംഗോളിയിൽ സംഘടിപ്പിച്ച ‘വർഗീയ വിപത്ത്: പ്രീണനം, പ്രതിരോധം’ സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെ ടി ജലീൽ. കേരളം ഇതിനുമുമ്പ് കാണാത്ത വിധം വികസനം യാഥാർഥ്യമാക്കിയത് പിണറായി വിജയൻ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്‌ബിയെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെയും എതിർത്ത, യുഡിഎഫുകാർ ഉളുപ്പുണ്ടെങ്കിൽ ആ പദ്ധതികളിൽ നിന്ന് സഹായം ആവശ്യപ്പെടരുത്. അരവിന്ദ് കേജ്‌രിവാളിനെയും ഹേമന്ത് സോറനെയും അറസ്‌റ്റ് ചെയ്‌തതുപോലെ, കർണാടകയിൽ സിദ്ധരാമയ്യയുടെ കോടികൾ കണ്ടുകെട്ടിയതുപോലെ, പിണറായി വിജയനെ ഒന്നും ചെയ്യാൻ അമിത് ഷായ്‌ക്ക് കഴിയില്ല. പിണറായിയുടെ കയ്യിൽ ഓണക്കോടി മാത്രമല്ലാതെ, മറ്റൊരു കോടിയും ഇല്ലാത്തതിനാലാണത്.
അല്ലെങ്കിൽ പിടലിക്ക് പിടിക്കുമായിരുന്നു. കാരണം; ആർഎസ്‌എസിന്റെ കൺകണ്ട ശത്രുവാണ് പിണറായിയും സിപിഎമ്മും. ലോകത്തിലെ എല്ലാ വർഗീയ സംഘടനകളുടെയും മുഖ്യശത്രുവാണ് സിപിഎം. അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. കാരണം ഇതിലും വലിയ മതേതര സർട്ടിഫിക്കറ്റ് പാർടിക്ക് ഇനി കിട്ടാനില്ലെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.
ഏരിയാ സെക്രട്ടറി സി എ സുബൈർ അധ്യക്ഷത വഹിച്ചു. അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ, കെ ആർ ജയാനന്ദ, പി രഘുദേവൻ, ടി എം എ കരീം സംസാരിച്ചു. ഡി സുബ്ബണ്ണ ആൾവ സ്വാഗതം പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
K.T. Jaleel predicts a landslide victory for LDF in the upcoming elections, claiming that UDF and BJP will face permanent defeat due to their opposition to development projects like the national highway. He also praises the achievements of the current LDF government.
#KeralaPolitics #LDF #UDF #BJP #KTMJaleel #Development