കോഴിക്ക് 160 രൂപ ഈടാക്കുന്നു; ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ജില്ലാ ഭരണകൂടം വീഴ്ച്ച സമ്മതിക്കണം: കെ നീലകണ്ഠന്‍
May 19, 2020, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 19.05.2020) ജില്ലയില്‍ കോഴിക്ക് 160 രൂപ വില ഈടാക്കുന്നതില്‍ ജില്ലാ ഭരണകൂടം വീഴ്ച സമ്മതിക്കണമെന്ന് കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍ വ്യക്തമാക്കി. കോഴിയുടെ കുത്തനെയുള്ള വില നിയന്ത്രിക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. ഇതിന് പരിഹാരം കാണണമെന്ന് അധികാരികളോട് അറിയിച്ചുവെങ്കിലും പരിഹാരം കാണാന്‍ ഇത് വരെ ആരും തയ്യാറായില്ല. കലക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു ശബ്ദ സന്ദേശമായി കോഴിക്ക് 110 രുപയാണ് വില എന്ന് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞുവെന്ന് നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. അത് യാഥാര്‍ത്യമാക്കാന്‍ ഇതു വരെ കലക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല.
സോഷ്യല്‍ മീഡിയക്ക് മുമ്പില്‍ ആര്‍ക്കും എന്തും പറയാന്‍ കഴിയും. അത് യാഥാര്‍ത്യമാക്കാനുള്ള ആര്‍ജ്ജവം ജില്ലാ കലക്ടര്‍ കാണിക്കണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടു. കലക്ടറുടെ മെല്ലെ പോക്ക് നിയന്ത്രിക്കാന്‍ അടിയന്തരമായ് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായും നീലകണ്ഠന്‍ അറിയിച്ചു.
അതേസമയം കോഴിയുടെ വില നിയന്ത്രിക്കുന്നതിനായി ജില്ലാഭരണകൂടം ഇടപെടുന്നുവെന്ന രീതിയില്‍ ഒരു തെറ്റായ വാര്‍ത്ത ചില സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടതായി കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കോഴിക്ക് ഒരു പ്രത്യേക വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കലക്ടറേറ്റില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുന്ന ഒരു ഫോണ്‍ നമ്പരും ഇതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്രകാരം ഒരു അറിയിപ്പും ജില്ലാ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വര്‍ദ്ധിച്ചതിനാല്‍ പൊലീസ് സൈബര്‍ സെല്ലിനോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന നല്‍കുന്ന വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കോഴിയുടെ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഇടപെടുന്നതിന് ജില്ല സപ്ളൈ ഓഫീസറോടും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, news, Kerala, District Collector, complaint, Politics, K Neelakandan, kpcc secretary K Neelakandan against district collector