Expelled | കെപിസിസി സെക്രടറി ബാലകൃഷ്ണന്‍ പെരിയ അടക്കം 4 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി; നടപടി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന്
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
കാസര്‍കോട്: (KasaragodVartha) കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ച നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി സെക്രടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക് പ്രസിഡണ്ട് രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, ടി രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അച്ചടക്ക നടപടി. പ്രമോദ് പെരിയയെ നേരത്തെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഡിസിസി പ്രസിഡണ്ട് പുറത്താക്കിയിരുന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എൻ സുബ്രഹ്‌മണ്യൻ, കെപിസിസി ജെനറൽ സെക്രടറി പി എം നിയാസ് എന്നിവരുടെ അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നാലുപേര്‍ക്കെതിരെയും നടപടിയെടുത്തതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എം പി അറിയിച്ചു. കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13-ാം പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയും പ്രതിയായ സിപിഎം നേതാവിനൊപ്പം നിന്ന് ഫോടോയെടുക്കുകയും ചെയ്‌തതാണ് വിവാദമായത്.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പാർടി നടപടിയുമായി ബന്ധപ്പെട്ട് ഉടൻ വിശദമായ പ്രതികരണം നടത്തുമെന്ന് ബാലകൃഷ്ണന്‍ പെരിയ കാസർകോട് വാർത്തയോട് പറഞ്ഞു.