യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറിയായിരുന്ന നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയ നടപടി കെ പി സി സി പ്രസിഡണ്ട് പിൻവലിച്ചു
Oct 23, 2021, 19:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2021) യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറിയായിരുന്ന നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയ നടപടി കെ പി സി സി പ്രസിഡണ്ട് പിൻവലിച്ചു. ഡി സി സി പ്രസിഡണ്ട് പി കെ ഫൈസലാണ് ഇക്കാര്യം അറിയിച്ചത്.
മുൻ ഡിസിസി പ്രസിഡണ്ട് ഹകീം കുന്നില്‍ നാലുമാസം മുമ്പാണ് പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നോയലിനെ പുറത്താക്കിയത്. കെ സുധാകരൻ കെപിസിസി പ്രസിഡന്റായി നിയമിതനായ ദിവസം തന്നെയാണ് പ്രധാനപ്പെട്ട നേതാവിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നത്. നവമാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റിനെ അപമാനിച്ചെന്ന പേരിലാണ് നടപടിയെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഡിസിസി പ്രസിഡണ്ട് ഗൾഫ് സന്ദർശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഉദുമയിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബാലകൃഷ്ണൻ പെരിയ തന്റെ പേരിൽ ഗള്‍ഫില്‍ വ്യാപകമായി പണപിരിവ് നടക്കുന്നുണ്ടെന്നും പിരിവ് താന്‍ അറിയാതെയാണെന്നും ഫേസ്ബുകിലൂടെ കുറിച്ചിരുന്നു.
ഇതിനുള്ള നോയല്‍ ടോമിന്‍ ജോസഫിന്റെ കമന്റ് ആണ് വിവാദമായത്. ഇത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് എന്നാരോപിച്ച് ഹകീം കുന്നിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർചയായാണ് പുറത്താക്കൽ നടപടി ഉണ്ടായത്. തുടർചയായി പാർടി അച്ചടക്ക ലഘനം നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് ഡിസിസി പ്രസിഡണ്ട് അറിയിച്ചിരുന്നത്.
ഡിസിസി പ്രസിഡണ്ട് പടിയിറങ്ങുന്നതിനു മുമ്പ് തന്നോടുള്ള പക പോക്കിയതാണെന്ന് അന്ന് നടപടിയെ നോയല്‍ ടോം ജോസഫ് പ്രതികരിച്ചിരുന്നത്. നോയലിനെ പുറത്താക്കിയത് പാർടി നടപടിക്രമങ്ങൾ പാലിക്കാതെയാന്നെന്ന് അന്ന് തന്നെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. യൂത് കോൺഗ്രസ് നേതാവായ നോയലിനെതിരെ നടപടിയെടുക്കേണ്ടത് യൂത് കോൺഗ്രസ് ആണെന്നായിരുന്നു പ്രധാന വാദം.
ഡിസിസി പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ് അംഗത്വത്തിൽ നിന്ന് നീക്കിയതെന്നാണ് ഡിസിസി വിശദീകരിച്ചിരുന്നത്. പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുള്ള കത്ത് വാട്സ് ആപിലാണ് നോയലിന് കൈമാറിയിരുന്നതെന്നതും ആക്ഷേപത്തിനിടയാക്കിയിരുന്നു. പി കെ ഫൈസൽ ഡിസിസി പ്രസിഡന്റായതോടെ പാർടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നോയലിനെതിരായ നടപടി പിൻവലിച്ചിരിക്കുന്നത്.
Keywords: Kerala, News, Kanhangad, Top-Headlines, Politics, Political party, Congress, Youth League, DCC, KPCC president withdrew action against Noel Tomin Joseph.
< !- START disable copy paste -->