city-gold-ad-for-blogger

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവം; ഷാഫി പറമ്പിൽ എംപിക്ക് സാധ്യതയെന്ന് സൂചന, ഹൈക്കമാൻഡ് ഇടപെടൽ വേഗത്തിലാകുന്നു

KPCC Presidential Selection Intensifies; Shafi Parambil MP Emerges as Frontrunner
Photo Credit: Facebook/ Shafi Parambil, Kodikunnil Suresh

● കെ സി പക്ഷവും വി ഡി എസ് പക്ഷവും സ്വന്തം നിലയിൽ ചർച്ചകൾ നടത്തുന്നു
● കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ തുടങ്ങിയവരുടെ പേരുകളും പരിഗണനയിൽ
● എംപിമാരെ ഒഴിവാക്കി മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കണമെന്ന ആവശ്യവും ശക്തം
● എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളുമായി ചർച്ച നടത്തി

തിരുവനന്തപുരം: (KasargodVartha) വി ഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറി ഒന്നരമാസം പിന്നിട്ടിട്ടും കെപിസിസിയിൽ അഴിച്ചുപണി ഉണ്ടാകാത്തതിൽ കോൺഗ്രസ് നേതാക്കൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും ഉണ്ടായിട്ടുള്ള നീരസം ഹൈക്കമാൻഡിന് ബോധ്യപ്പെട്ടതോടെ കെപിസിസി പുനഃസംഘടനയ്ക്ക് സാധ്യതയും വേഗതയുമേറി. പാർട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണെന്ന് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കമാൻഡ് നടപടിക്ക് വേഗത കൂടിയത്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആയതിനെ തുടർന്നാണ് കെപിസിസി പുനഃസംഘടനയ്ക്കും അധ്യക്ഷ പദവിക്കുമായി നേതാക്കൾ കരുനീക്കങ്ങൾ തുടങ്ങിയത്. എംപിമാരടക്കം ഒരു ഡസനോളം നേതാക്കൾ അധ്യക്ഷ പദവിക്കായി രംഗത്തുണ്ട്. ഇതിൽനിന്ന് ഒറ്റപ്പേരിൽ എത്തിക്കാനാണ് ഇപ്പോൾ ഹൈക്കമാൻഡിൻ്റെ ശ്രമം.

കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കെ സി പക്ഷക്കാരനായി ഷാഫി പറമ്പിൽ എംപിയും വി ഡി എസ് പക്ഷക്കാരനായി കൊടിക്കുന്നിൽ സുരേഷ് എംപിയുമാണ് സജീവമായി രംഗത്തുള്ളത്. ഇതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സ്വീകാര്യത ഷാഫി പറമ്പിൽ എംപിക്കാണ്. പോരാത്തതിന് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉണ്ടായിട്ടും മുഖ്യമന്ത്രിസ്ഥാനം കൈവിട്ട കെ സി പക്ഷത്തിന് കെപിസിസി അധ്യക്ഷ പദവി വേണമെന്ന ഉറച്ച നിലപാടാണുള്ളത്. കോൺഗ്രസ് ഗ്രൂപ്പുകൾക്കൊപ്പം സമുദായ സമവാക്യവും പരിഗണനയ്ക്ക് വന്നാൽ അതും കൂടി ഷാഫി പറമ്പിലിന് അനുകൂലമാവുമെന്ന് കെ സി പക്ഷം വിലയിരുത്തുന്നുമുണ്ട്.

അതേസമയം ദളിത് നേതാവ് എന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് യോഗ്യനെന്ന് വി ഡി എസ് പക്ഷത്തിന് അഭിപ്രായമുണ്ട്. രമേശ് ചെന്നിത്തല വിഭാഗത്തിന് ജോസഫ് വാഴക്കനെ കെപിസിസി പ്രസിഡൻ്റാക്കുന്നതിനോടാണ് താല്പര്യം. ഇത് ഹൈക്കമാൻഡ് പ്രതിനിധിയെ അറിയിച്ചിട്ടുമുണ്ട്. പാർട്ടിക്ക് മുഴുവൻ സമയ പ്രവർത്തനങ്ങൾക്ക് എംപിമാരെ ഒഴിവാക്കണമെന്ന അഭിപ്രായം മുൻ കെപിസിസി പ്രസിഡൻ്റ് കൂടിയായ കെ മുരളീധരനുണ്ട്. ഈ അഭിപ്രായത്തോട് കോൺഗ്രസിൻ്റെ തലമുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും അനുകൂലിക്കുന്നുമുണ്ട്. ഇവരുടെ നിലപാടും നിർണായകമാണ്.

ഗ്രൂപ്പില്ലാതെ സ്വന്തം പേരിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആഗ്രഹിക്കുന്ന നേതാക്കളുമുണ്ട്. അടൂർ പ്രകാശ്, ആന്റോ ആന്റണി, ബെന്നി ബഹനാൻ, കെ സി ജോസഫ്, മാത്യു കുഴൽനാടൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരാണ് ഈ നേതാക്കൾ. വിഷയത്തിൽ കോൺഗ്രസ് നേതാക്കളുമായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Discussions for the new KPCC president are intensifying, with Shafi Parambil MP emerging as a frontrunner alongside other senior leaders.

#KPCC #ShafiParambil #CongressKerala #UDF #PoliticalNews #HighCommand #KeralaCongress #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia