Congress | പെരിയ കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ നേതാക്കൾ പങ്കെടുത്ത സംഭവം: കെപിസിസി നേതൃത്വം ഇടപെട്ടു; അന്വേഷണത്തിന് കമീഷനെ വെക്കും; പരസ്യ പ്രസ്താവന വിലക്കി
* വിവാദമായത് ഫേസ്ബുക് പോസ്റ്റുകൾ
കാസർകോട്: (KasargodVartha) പെരിയ കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ കാസർകോട് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ കെപിസിസി നേതൃത്വം ഇടപെട്ടു. വിവാദത്തെ കുറിച്ച് അന്വേഷിക്കാനായി കെപിസിസി രണ്ട് ദിവസത്തിനുള്ളിൽ കമീഷനെ വെക്കും. കെപിസിസി ജെനറൽ സെക്രടറിമാരായ വി എ നാരായണൻ, പി എ സലീം എന്നിവരായിക്കും കമീഷൻ അംഗങ്ങളെന്നാണ് അറിയുന്നത്.
രാജിഭീഷണി മുഴക്കിയ കെപിസിസി സെക്രടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ള നേതാക്കളോട് പരസ്യ വിമർശനം പാടില്ലെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താനോടും കൂടുതൽ പ്രതികരണം പാടില്ലെന്ന് കെപിസിസി അറിയിച്ചതായാണ് വിവരം.
വിഷയം ലോക്‌സഭ തിരെഞ്ഞടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാർടിക്കുള്ളിൽ വിശദമായി ചർച്ച ചെയ്യാനാണ് ധാരണ. തൽക്കാലം വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് ബാലകൃഷ്ണൻ പെരിയ കാസർകോട് വാർത്തയോട് പറഞ്ഞു. ബുധനാഴ്ച വാർത്താസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ പറയുമെന്ന് പറഞ്ഞിരുന്ന ബാലകൃഷ്ണൻ പെരിയ ഇതിൽ നിന്നും പിൻമാറിയിട്ടുണ്ട്
പെരിയ കൊലപാതക കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠനും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടുവെന്നതടക്കമുള്ള ഫേസ്ബുക് പോസ്റ്റ് കെപിസിസിയുടെ ഇടപെടലിനെ തുടർന്ന് ബാലകൃഷ്ണൻ പെരിയ പിൻവലിച്ചിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ അതിരൂക്ഷ വിമർശനമാണ് അദ്ദേഹം പോസ്റ്റിൽ ഉന്നയിച്ചിരുന്നത്. ശരത്‌ലാൽ-കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപ പോലും ചിലവാക്കിയില്ലെന്നും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.
വിവാഹ സത്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിലുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞദിവസം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇതേ തുടർന്നാണ് ബാലകൃഷ്ണൻ പെരിയയും പോസ്റ്റുമായി രംഗത്ത് വന്നത്. ഉണ്ണിത്താൻ ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, ബാലകൃഷ്ണൻ പെരിയയുടെ പേരെടുത്ത് ഫേസ്ബുക് പോസ്റ്റിട്ടതാണ് ബാലകൃഷ്ണൻ പെരിയയെ കൂടുതൽ പ്രകോപിപ്പിച്ചതെന്നാണ് വിവരം.