കെപിസിസി ജംബോ കമ്മിറ്റി ഹൈക്കമാൻഡ് അംഗീകരിച്ചില്ല: മുഖ്യമന്ത്രി സ്ഥാനമോഹികൾക്ക് തടയിടാൻ കോർ കമ്മിറ്റി
● തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ 17 അംഗ കോർ കമ്മിറ്റി രൂപീകരിച്ചു.
● കോർ കമ്മിറ്റി കെപിസിസിയുടെ ജംബോ കമ്മിറ്റിക്ക് മുകളിലായിരിക്കും പ്രവർത്തിക്കുക.
● നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ലെന്ന നിലപാട് ഹൈക്കമാൻഡ് എടുത്തു.
● കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
● എ കെ ആന്റണി, വി എം സുധീരൻ, എം എം ഹസ്സൻ തുടങ്ങിയ പ്രമുഖരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: (KasargodVartha) ഒരു നേതാവിന് 25 എന്ന നിലയിൽ കെപിസിസിയിൽ സെക്രട്ടറിമാരുടെ എണ്ണം കൂട്ടിയ നടപടി ഹൈക്കമാൻഡ് അംഗീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 17 അംഗ കോർ കമ്മിറ്റിക്ക് രൂപം നൽകി. മുഖ്യമന്ത്രിപദം മോഹം വെച്ചുള്ള നേതാക്കൾക്ക് ഈ നീക്കം തിരിച്ചടിയായി.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് 17 അംഗ കോർ കമ്മിറ്റിക്ക് ഹൈക്കമാൻഡ് നേരിട്ട് രൂപം നൽകിയത്.
കെപിസിസിയുടെ ജംബോ കമ്മിറ്റിക്ക് മുകളിലായിരിക്കും കോർ കമ്മിറ്റി പ്രവർത്തിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കില്ലെന്ന ഉറച്ച നിലപാടും ഹൈക്കമാൻഡ് എടുത്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ശശി തരൂർ എംപി, കെ മുരളീധരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കളാണ് മുഖ്യമന്ത്രിക്കായി ചരട് വലിക്കുന്നത്.
ഇത് തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനെ അടക്കം ഉൾപ്പെടുത്തി ഹൈക്കമാൻഡ് കോർ കമ്മിറ്റിക്ക് രൂപം നൽകിയത്.
ഇതിൽ മുൻ കേന്ദ്രമന്ത്രി എ കെ ആന്റണി, വി എം സുധീരൻ, എം എം ഹസ്സൻ തുടങ്ങിയവരെ ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. കോർ കമ്മിറ്റി ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂട്ടുകാർക്ക് ഷെയർ ചെയ്യുക.
Article Summary: High command rejects KPCC Jambo Committee, forms Core Committee.
#KPCC #CoreCommittee #Congress #KeralaPolitics #HighCommand #Election






