Allegation | നവീൻ ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കെ എം ഷാജി
● ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന നവീൻ ബാബു ഇങ്ങനെയൊന്നും ചെയ്യാതിരുന്നത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് ഷാജി ചൂണ്ടിക്കാട്ടി.
● പൊതുസമ്മേളനത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മെഹബൂബ് ആയിറ്റി അധ്യക്ഷത വഹിച്ചു.
● യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.
തൃക്കരിപ്പൂർ: (KasargodVartha) കണ്ണൂരിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയിരുന്ന നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പ്രസ്താവിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യയാണെങ്കിൽ ഒരു കുറിപ്പെങ്കിലും എഴുതാനോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് സന്ദേശമയക്കാനോ ശ്രമിക്കും. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന നവീൻ ബാബു ഇങ്ങനെയൊന്നും ചെയ്യാതിരുന്നത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് ഷാജി ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യവും സിപിഎമ്മിന്റെ നിലപാടുകളും കണക്കിലെടുക്കുമ്പോൾ ഈ മരണത്തിൽ സംശയങ്ങളുണ്ടെന്നും സിപിഎമ്മും സംസ്ഥാന സർക്കാരും സിബിഐ. അന്വേഷണത്തെ എതിർക്കുന്നത് ഈ സംശയങ്ങളെ ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'വിദ്വേഷത്തിനെതിരെ, ഭിന്നിപ്പിക്കലിനെതിരെ യുവതയുടെ ചെറുത്തുനിൽപ്പ്' എന്ന സന്ദേശമുയർത്തിയാണ് തൃക്കരിപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം നടന്നത്. ബീരിച്ചേരിയിൽ നിന്ന് ആരംഭിച്ച ബാൻഡ് മേളത്തോടുകൂടിയുള്ള പ്രകടനം സമ്മേളന നഗരിയിൽ ശ്രദ്ധേയമായി.
എ.ജി.സി. ഷംഷാദ്, വി.പി.പി. ശുഹൈബ്, ഫായിസ് ബീരിച്ചേരി, മെഹബൂബ് ആയിറ്റി, സി. രാജ് വടക്കുമ്പാട്, ജാബിർ തങ്കയം, അസ്റുദ്ദീൻ മണിയനൊടി, മർസൂഖ് ബീരിച്ചേരി, എൻ.കെ.പി. ഹാഫിസ്, വി.പി.പി. നസീർ, ഷഹബാസ് വെള്ളാപ്പ് തുടങ്ങിയ യൂത്ത് ലീഗ് നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മെഹബൂബ് ആയിറ്റി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് വടക്കുമ്പാട് സ്വാഗതവും മുഖ്യഭാഷണവും നടത്തി. കെ.എം. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കൊളത്തൂർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീർ, നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി. കബീർ, പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് പി.പി. റഷീദ് ഹാജി, ജനറൽ സെക്രട്ടറി വി.വി. അബ്ദുല്ല, ട്രഷറർ ടി.പി. അഹമ്മദ് ഹാജി, കെ.എം.സി.സി. നേതാക്കളായ കെ.പി. നാസർ ഹാജി, എസ്. കുഞ്ഞഹമ്മദ് മസ്ക്കറ്റ്, ജമാൽ വൾവക്കാട്, എൻ.പി. ഹമീദ് ഹാജി, ഷാഫി വെള്ളാപ്പ്, ടി.എം. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
#NaveenBabu, #KMShaji, #DeathMystery, #CBIInquiry, #KeralaPolitics, #MuslimLeague