പ്രചാരണ ചൂടിലും ഭരതനാട്യ വേദി കീഴടക്കി അശ്വനി; സ്ഥാനാർത്ഥിക്ക് നിറഞ്ഞ കയ്യടി
● ബദിയടുക്ക പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ബിജെപി സ്ഥാനാർത്ഥിയാണ് അശ്വനി.
● കുമ്പഡാജെ ക്ഷേത്രത്തിലെ ജാത്രമഹോത്സവത്തിൻ്റെ ഭാഗമായാണ് നൃത്തം അവതരിപ്പിച്ചത്.
● 'കലയും സാമൂഹികപ്രവർത്തനവും ഒരുപോലെ കൊണ്ടുപോകാനാകു'മെന്ന് പ്രതികരിച്ചു.
● നിലവിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.
ബദിയടുക്ക: (KasargodVartha) തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കടുത്ത മത്സരത്തിലേക്ക് നീങ്ങുമ്പോഴും തൻ്റെ കലാപരമായ പ്രതിബദ്ധത മാറ്റിവെക്കാതെ ഭരതനാട്യ വേദി കീഴടക്കി കെഎം അശ്വനി. സദസ്സിൻ്റെ നിറഞ്ഞ കയ്യടി നേടിയാണ് ഈ കലാപ്രതിഭയും പൊതുപ്രവർത്തകയുമായ സ്ഥാനാർത്ഥി പരിപാടി കഴിഞ്ഞ് വീണ്ടും പ്രചാരണത്തിൽ സജീവമായത്. പ്രചാരണ ചൂടിനിടയിലും കലാപ്രവർത്തനത്തിന് വിട്ടുവീഴ്ച ചെയ്യാത്ത അശ്വനിയുടെ പ്രകടനം വോട്ടർമാർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
ബദിയടുക്ക പഞ്ചായത്തിലെ 13-ാം വാർഡായ പെർഡാലയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അശ്വനി വ്യാഴാഴ്ച (2025 ഡിസംബർ 4) രാത്രിയാണ് നൃത്തം അവതരിപ്പിച്ചത്. തൊട്ടടുത്ത പഞ്ചായത്തായ കുമ്പഡാജെ ഗോസാഡാ മഹിഷമർദ്ദിനി ക്ഷേത്ര ജാത്രമഹോത്സവത്തിന്റെ ഭാഗമായായിരുന്നു ഈ നൃത്താവതരണം. മുൻകൂട്ടി ഏറ്റെടുത്ത നൃത്ത പരിപാടി ഒഴിവാക്കാതെ എത്തിയ അശ്വനിയുടെ പ്രകടനം ക്ഷേത്രത്തിലെ പ്രധാന ആകർഷണമായി മാറുകയും ചെയ്തു.
'കലയും പൊതുപ്രവർത്തനവും ഒരേപോലെ'
സംഗീതത്തിൻ്റെ താളത്തിനൊപ്പം ഒട്ടും കയൊപ്പ് മാറാതെ നൽകിയ ശ്രുതിമധുരമായ അവതരണം വേദിയിലെ പ്രേക്ഷകരെ ആകർഷിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയായതിനാൽ ഇത് റദ്ദാക്കാനാവില്ലെന്നായിരുന്നു നൃത്താവതരണത്തെക്കുറിച്ച് അശ്വനിയുടെ പ്രതികരണം. 'തിരഞ്ഞെടുപ്പ് പ്രചാരണം തീവ്രമായിരിക്കുകയാണ്. എങ്കിലും കലാവേദിയോട് നൽകിയ വാക്ക് പാലിക്കണമെന്ന ഉത്തരവാദിത്വം ഉണ്ടായിരുന്നു. കലയും സാമൂഹികപ്രവർത്തനവും ഒരുപോലെ കൊണ്ടുപോകാനാകുമെന്നതിനുള്ള തെളിവാണ് ഈ പ്രകടനം' എന്ന് അശ്വനി നൃത്ത പരിപാടിക്ക് ശേഷം കാസർകോട് വാർത്തയോട് പറഞ്ഞു.
പൊതുപ്രവർത്തനത്തിലെ മികവ്
നിലവിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ അശ്വനി പെർഡാല ബ്ലോക്ക് ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. 20 വർഷമായി മുസ്ലീം ലീഗ് കൈവശം വെച്ചിരുന്ന വാർഡാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ അശ്വനിയെ രംഗത്തിറക്കി ബിജെപി കഴിഞ്ഞ തവണ പിടിച്ചെടുത്തത്. എം.എ ഇംഗ്ലീഷ് ബിരുദധാരിയായ അവർ പൊതുപ്രവർത്തനത്തിന് പുറമെ ഡാൻസ് ക്ലാസ് നടത്തുകയും ചെയ്യുന്നുണ്ട്.
കുമ്പളയിലെ ഡോ. വിദ്യാലക്ഷ്മിയുടെ ശിക്ഷണത്തിലാണ് കഴിഞ്ഞ 18-ാം വർഷമായി അശ്വനി ഭരതനാട്യം അഭ്യസിക്കുന്നത്. കർണാടക ശിക്ഷണ മണ്ഡൽ നടത്തുന്ന 'വിദ്വത്ത്' പരീക്ഷ പാസായിട്ടുള്ള അശ്വനി ജില്ലാതലത്തിലും സംസ്ഥാനതലത്തും വിവിധ വേദികളിൽ നൃത്തപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. മുൻപ് ഒരു സ്കൂളിൽ അധ്യാപികയായും പ്രവർത്തിച്ചിരുന്ന അശ്വനിക്ക്, അധ്യാപനത്തോടൊപ്പം കലാരംഗത്തെ ദീർഘകാല പ്രവർത്തനവും പൊതുസമൂഹത്തിൽ വ്യത്യസ്തമായ ഒരിടം നേടിക്കൊടുത്തിട്ടുണ്ട്.
വികസന പ്രവർത്തനങ്ങളും കുടുംബ പിന്തുണയും
ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന കാലത്ത് വാർഡിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അത് ഇപ്പോഴത്തെ സ്ഥാനാർഥിത്വത്തിൽ വലിയ പിന്തുണയാകുമെന്നും അശ്വനി വ്യക്തമാക്കി. റോഡ് നിർമാണം, കുടിവെള്ള സൗകര്യങ്ങൾ, സ്ത്രീശാക്തീകരണ പരിപാടികൾ, കുട്ടികൾക്കായുള്ള കലാ–കായിക സഹായങ്ങൾ എന്നിവ അവരുടെ പ്രധാന പ്രവർത്തനങ്ങളാണ്. അശ്വനിയുടെ പൊതു പ്രവർത്തനത്തിനും കലാസമർപ്പണത്തിനും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണയുണ്ട്. കാസർകോട് കെ.വി.ആർ ഷോറൂമിലെ പർച്ചേസ് മാനേജർ ബാലസുബ്രമണ്യ ഭട്ടാണ് ഭർത്താവ്. ഒരു വയസ്സുള്ള പവൻ കൃഷ്ണനാണ് മകൻ.
സ്ഥാനാർത്ഥിയുടെ ഈ കലാപ്രകടനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: BJP candidate and Block Panchayat Member KM Ashwani performed Bharatanatyam amidst local election campaigning.
#KMAshwani #Bharatanatyam #KeralaElections #LocalPolls #Kasargod #BJP






