city-gold-ad-for-blogger

1466 കോടി രൂപയുടെ കേന്ദ്രസഹായത്തിനായി സംസ്ഥാനത്തെ 332 സ്കൂളുകൾ കേന്ദ്രസർക്കാരിന് കീഴിലാക്കാനുള്ള നടപടി; സിപിഐ മന്ത്രിമാരെ പിൻവലിക്കുമോ? എതിർപ്പ് രൂക്ഷം

PM SHRI school board and political protest in Kerala
Photo Credit: X/ Pinarayi Vijayan

● ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് തുല്യമാണ് ഈ പദ്ധതിയെന്ന് സിപിഐ വാദിക്കുന്നു.
● വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് പദ്ധതി വെല്ലുവിളിയാകുമെന്ന് വിമർശനം.
● സ്കൂളുകളുടെ പേരിന് മുന്നിൽ 'പി എം ശ്രീ' എന്ന് ചേർത്ത് പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബോർഡ് സ്ഥാപിക്കേണ്ടിവരും.
● സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടെ എതിർപ്പും സർക്കാർ അവഗണിച്ചു.

തിരുവനന്തപുരം: (KasargodVartha) മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന് ശേഷം, കേരളത്തിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് കേന്ദ്രസർക്കാരിന്റെ പി എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെച്ചു. 

മന്ത്രിസഭയിലും മുന്നണിയിലും സിപിഐ ഉയർത്തിയ ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധം അറിയിച്ച് സിപിഐ കടുത്ത നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. 

സിപിഐ മന്ത്രിമാരെ പിൻവലിച്ചുകൊണ്ട് പ്രതിഷേധം അറിയിക്കുകയോ അല്ലെങ്കിൽ ഇടതുമുന്നണിയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് വ്യാഴാഴ്ച തീരുമാനമെടുത്തേക്കുമെന്നാണ് അറിയുന്നത്.

1466 കോടി രൂപയുടെ കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ 332 സ്കൂളുകൾ കേന്ദ്രസർക്കാരിന്റെ കീഴിലാക്കാനുള്ളതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടെ എതിർപ്പ് പോലും അവഗണിച്ചാണ് സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും, അതുവഴി സ്കൂൾ നടത്തിപ്പും, പാഠഭാഗങ്ങളും, സിലബസും നിർണയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന്റെ വരുതിയിലാക്കുകയും ചെയ്യുന്നതാണ് പി എം ശ്രീ പദ്ധതി. പ്രസ്തുത പദ്ധതി (ദേശീയ വിദ്യാഭ്യാസ നയം - എൻഇപി) കേരളം നടപ്പിലാക്കുന്നതോടെ സംസ്ഥാനം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാവുകയാണ്. 

ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം പി എം ശ്രീ പദ്ധതി പ്രകാരം കേന്ദ്രം ഏറ്റെടുക്കുമ്പോൾ, വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് സംസ്ഥാനത്തെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാരിന്റെ കീഴിലാകുന്നത്.

പദ്ധതി നടപ്പിലാക്കിയതോടെ സ്കൂളുകളുടെ പേരിന് മുന്നിൽ ഇനി ‘പി എം ശ്രീ’ എന്ന് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയടക്കം ബോർഡും സ്ഥാപിക്കണം. ഫലത്തിൽ സംസ്ഥാന സർക്കാർ മികച്ച നിലയിൽ നടത്തിക്കൊണ്ടുപോകുന്ന സ്കൂളുകളുടെ അക്കാദമിക നിയന്ത്രണം ഇനി പൂർണ്ണമായി കേന്ദ്രസർക്കാരിന് വിട്ടുനൽകണം.

നേരത്തെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും പി എം ശ്രീ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സിപിഐ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ദേശീയ നേതാവ് എം എ ബേബി വിഷയത്തിൽ ഇടപെടുന്നത്. 

'പദ്ധതിയിൽ ഒപ്പിടുന്ന കാര്യത്തിൽ എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കും' എന്നാണ് എം എ ബേബി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനിടയിലാണ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുള്ളത്.

നേരത്തെ വിദ്യാർത്ഥി സംഘടനകളുമായി പദ്ധതി വിഷയം ചർച്ച ചെയ്തപ്പോഴും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നത് പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്നായിരുന്നു. പിന്നീട് കേന്ദ്രത്തിൽ നിന്ന് ഫണ്ട് വാങ്ങി പി എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. 

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പി എം ശ്രീയെ അനുകൂലിച്ച് രംഗത്തുവന്നത് പാർട്ടിക്ക് ഉള്ളിൽ വലിയ എതിർപ്പിന് കാരണമാവുന്നുമുണ്ട്. അതിനിടെ പി എം ശ്രീ പദ്ധതിക്കെതിരെ പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും രംഗത്തുവന്നു കഴിഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. 

Article Summary: Kerala government signs PM SHRI scheme MoU despite strong opposition from key ally CPI, leading to a major LDF crisis.

#PMSHRI #KeralaPolitics #LDFCrisis #CPIProtest #NationalEducationPolicy #PinarayiVijayan

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia