city-gold-ad-for-blogger

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ഒക്ടോബറിൽ വിജ്ഞാപനം, നവംബറിൽ വോട്ടെടുപ്പ്, ഡിസംബറിൽ പുതിയ ഭരണസമിതി

Sample electronic voting machine
Photo: Kasargod Vartha File

● വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകും.
● തെരുവുനായ, വന്യജീവി ആക്രമണങ്ങൾ ഒരു പ്രശ്നം.
● കാലവർഷക്കെടുതിയും കടലാക്രമണവും വിഷയമാകും.
● എംപി-എംഎൽഎ ഫണ്ടുകളുടെ വിനിയോഗം വിലയിരുത്തും.


തിരുവനന്തപുരം: (KasargodVartha) രാഷ്ട്രീയത്തിനതീതമായി പ്രാദേശിക പ്രശ്നങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. ഇതിനെ രാഷ്ട്രീയപരമായി നേരിടാൻ മുന്നണികൾ തയ്യാറെടുക്കുന്നുണ്ടെങ്കിലും, വോട്ടർമാർക്ക് പ്രാദേശിക വിഷയങ്ങളിലെ പ്രശ്നപരിഹാരങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നതിൽ പ്രധാന ഘടകം. അതുകൊണ്ടാണ് പല സ്ഥലങ്ങളിലും മുന്നണി സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നതും, സ്വതന്ത്രർ വിജയിക്കുന്നതും.

ജനങ്ങൾക്ക് എളുപ്പത്തിൽ പരാതി പറയാനും ചോദിക്കാനുമുള്ള താഴെത്തട്ടിലുള്ള ഭരണസംവിധാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. നിലവിലെ ജനപ്രതിനിധികൾക്ക് എത്രത്തോളം നീതി പുലർത്താൻ കഴിഞ്ഞുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ചർച്ച ചെയ്യുക. 

ഇവിടെ മുന്നണി സംവിധാനങ്ങൾക്ക് വോട്ടർമാർ പ്രസക്തി കൽപ്പിക്കുന്നില്ല. ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നാണ് വോട്ടർമാർ പറയുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണപരാജയം മൂടിവെക്കാനാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ അമിതമായ രാഷ്ട്രീയം കലർത്തുന്നതെന്ന ആക്ഷേപവും വോട്ടർമാർക്കുണ്ട്.

ഓരോ വാർഡിലും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, പോരായ്മകൾ, പഞ്ചായത്ത് ആസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനങ്ങൾ, സാധാരണക്കാരായ ജനങ്ങൾ ഉപയോഗപ്പെടുത്തുന്ന സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം, കുടിവെള്ളം, ശൗചാലയങ്ങൾ, യാത്രസൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറെയും വോട്ടർമാർ ചർച്ച ചെയ്യുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങൾക്കിടയിലാണ് ഈ പ്രാവശ്യം തിരഞ്ഞെടുപ്പ് വരുന്നത്. രൂക്ഷമായ തെരുവുനായ-വന്യജീവി ആക്രമണങ്ങൾ, മരണങ്ങൾ, കാലവർഷക്കെടുതി, വെള്ളക്കെട്ടുകൾ, മരണങ്ങൾ, കടലാക്രമണങ്ങൾ എന്നിവയിലൊക്കെയുള്ള പരിഹാര നടപടികളിൽ പ്രാദേശിക ഭരണകൂടങ്ങൾ തങ്ങളുടെ കടമ നിറവേറ്റിയോ എന്നതും വോട്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കും. 

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എംപി- എംഎൽഎമാരുടെ ഫണ്ടുകൾ എത്രത്തോളം അനുവദിച്ചു, അത് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കഴിഞ്ഞോ എന്നുള്ളതും തദ്ദേശ തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും.

ഇത്തരത്തിൽ ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വേളയിൽ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക് കേരളം അടുക്കുന്നത്. ഒക്ടോബർ മാസത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ നവംബറിൽ തിരഞ്ഞെടുപ്പും, ഡിസംബർ ആദ്യവാരത്തിൽ പുതിയ ഭരണസമിതിയും നിലവിൽ വരും. 

2025-26 വർഷത്തേക്കുള്ള പദ്ധതികളിലേക്കുള്ള അവസാനഘട്ട മിനുക്കു പണികളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾ. 2024-25 വർഷത്തെ പദ്ധതികളിൽ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 50% മാത്രമാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. പല പദ്ധതികളും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നുമുണ്ട്. 

ഇതിൽ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്ന പദ്ധതികളുമുണ്ട്. ഇതിനൊക്കെ പരിഹാരം കാണാൻ നിലവിലെ ഭരണസമിതിക്ക് ഇനി കഷ്ടിച്ച് രണ്ടുമാസം മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ പിന്നെ വികസന പ്രവർത്തനങ്ങളെ അത് ബാധിക്കുകയും ചെയ്യും. ഇതിനിടയിൽ പഞ്ചായത്ത് ഭരണസമിതിയും, സെക്രട്ടറിമാരും തമ്മിലുള്ള പോര് വേറെയുമുണ്ട്.

നേരത്തെ നവംബർ 1, കേരളപ്പിറവി ദിനത്തിൽ പുതിയ ഭരണസമിതി നിലവിൽ വരുന്നതായിരുന്നു കീഴ്വഴക്കം. എന്നാൽ കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടത്. അതുകൊണ്ട് ഡിസംബർ 20ന് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കും. ഇതൊക്കെ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നത്.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Kerala Local Body Elections set for November, new body by December.

#KeralaElections #LocalBodyPolls #KeralaPolitics #LocalGovernance #Election2025 #KeralaDevelopment

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia