ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; കേന്ദ്ര തെരഞ്ഞെടുപ്പു കമിഷന്‍ ഉത്തരവ് ശരിവച്ച് ഹൈകോടതി
കൊച്ചി: (www.kasargodvartha.com 22.02.2021) പി ജെ ജോസഫിന് തിരിച്ചടിയായി ഹൈകോടതി ഉത്തരവ്. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിനു നല്‍കിയ കേന്ദ്ര തെരഞ്ഞടുപ്പു കമിഷന്‍ ഉത്തരവ് ശരിവച്ച് ഹൈകോടതി ഡിവിഷന്‍ ബെഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപീല്‍ തള്ളി കമിഷന്‍ ഉത്തരവ് ശരിവച്ചത്.
കമിഷന്‍ ഉത്തരവിനെതിരെ പി ജെ ജോസഫ് സിംഗിള്‍ ബെഞ്ചിനെ സമീപിക്കുകയും സിംഗിള്‍ ബെഞ്ച് തെരഞ്ഞെടുപ്പു കമിഷന്‍ ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു. ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം.
സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമിഷനു വീഴ്ച പറ്റി, കേന്ദ്ര തെരഞ്ഞെടുപ്പു കമിഷന്റെ അധികാര പരിധി കടന്നാണ് ഈ തീരുമാനത്തിലെത്തിയത് തുടങ്ങിയ വാദങ്ങളായിരുന്നു ജോസഫ് കോടതിയില്‍ അപീല്‍ സമര്‍പ്പിച്ചപ്പോള്‍ ഉയര്‍ത്തിയ വാദം. ഈ രണ്ടു വാദങ്ങളെയും ഹൈകോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല, ചിഹ്നം ജോസ് വിഭാഗത്തിനു നല്‍കിയതു ശരിവയ്ക്കുകയും ചെയ്തു.
പേരിന്റെയും ചിഹ്നത്തിന്റെയും കാര്യത്തില്‍ വസ്തുതകള്‍ കേരള കോണ്‍ഗ്രസ് എമിന്റെ പക്ഷത്തായിരിക്കെ ജനങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചു വിടാനാണ് നിയമ യുദ്ധത്തിലേക്കു എതിര്‍ കക്ഷി പോയതെന്ന് വിഷയത്തില്‍ ജോസ് കെ മാണി പ്രതികരിച്ചു.
കഴിഞ്ഞ നവംബര്‍ 20നാണ് പി ജെ ജോസഫിന്റെ അപീല്‍ സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഇതോടെ ജോസഫ് വിഭാഗത്തിനു കനത്ത തിരിച്ചടിയായി.
Keywords: News, Kerala, State, Top-Headlines, Politics, Political Party, High-Court, Kerala High Court upholds EC order awarding 'two-leaves' symbol to Jose K Mani faction