city-gold-ad-for-blogger

ആചാരസ്ഥാനികർക്ക് ആശ്വാസ വാർത്ത; വേതനം പരിഷ്കരിക്കുമെന്ന് മന്ത്രി വാസവൻ

 Minister V.N. Vasavan inaugurating the Achara Sangamam in Periya.
Photo: Special Arrangement

● ബജറ്റിൽ 5.14 കോടി രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്.
● പുതിയ ദേവസ്വം ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
● അഞ്ച് ദേവസ്വം ബോർഡ് പ്രസിഡന്റുമാരുമായി യോഗം ചേരും.
● പുതിയ ബിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് സർക്കാർ കരുതുന്നു.

പെരിയ: (KasargodVartha) ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിൽ ആചാരപരമായ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്ന സ്ഥാനികരുടെ പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് സർക്കാരിന് ബോധ്യമുണ്ടെന്ന് സഹകരണ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 

ഉടൻതന്നെ ആചാരസ്ഥാനികരുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിന് സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പെരിയ എസ്.എൻ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ആചാര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആചാരസ്ഥാനികരുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിക്കുന്നതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ 5.14 കോടി രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. വേതന പരിഷ്കരണത്തിൽ പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചുചേർത്ത് ദേവസ്വം ബില്ലിൽ സമൂലമായ മാറ്റങ്ങൾ വരുത്തി പുതിയ ബിൽ അവതരിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

നിയമവകുപ്പിൽനിന്ന് അനുകൂലമായ നിലപാട് ലഭിച്ചാൽ ഉടൻതന്നെ മലബാർ ദേവസ്വം ബോർഡ് ബില്ലും സർക്കാർ നിയമസഭയിൽ അവതരിപ്പിക്കും. പുതിയ ദേവസ്വം ബിൽ നടപ്പിലാക്കുന്നതോടെ ആചാരസ്ഥാനികരുടെതടക്കമുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർ മുഖ്യാതിഥികളായി. 

തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രസ്ഥാനികർക്കുള്ള ചികിത്സാസഹായവും ഓണക്കോടിയും ചടങ്ങിൽ വിതരണം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ, മുൻ കോട്ടയം ജില്ലാ കളക്ടർ പി.കെ. ജയശ്രീ എന്നിവർ സംസാരിച്ചു. 

സമിതി സെക്രട്ടറി നാരായണൻ ചൂരിക്കോട് സ്വാഗതവും ട്രഷറർ ഡോ. കെ.വി. ശശിധരൻ നന്ദിയും പറഞ്ഞു. ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി മേഖല പ്രസിഡന്റുമാർ, വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികർ, ഭാരവാഹികൾ, എസ്.എൻ. ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വിവരം ഷെയർ ചെയ്യൂ.

Article Summary: Kerala government plans to revise wages for temple ritual performers.

#KeralaNews #VNvasavan #TempleRituals #DevaswomBoard #Periya #WageRevision

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia