Decision | നിയമസഭാ സമ്മേളനം ജനുവരി 17 മുതല്‍, നയപ്രഖ്യാപന പ്രസംഗ കരട് തയ്യാറാക്കാന്‍ ഉപസമിതി; മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
● കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ജനുവരി 17 മുതൽ.
● ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കാൻ ഉപസമിതി.
● കാഷ്യൂ ബോർഡിന് 100 കോടി രൂപ വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി.
തിരുവനന്തപുരം: (KasargodVartha) പുതുവത്സരദിനത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ 15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതല്‍ വിളിച്ചു ചേര്‍ക്കുവാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ തീരുമാനിച്ചു. കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.
നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങള്‍ വകുപ്പുകളില്‍ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.
ഗ്യാരന്റി കാലാവധി ദീര്‍ഘിപ്പിക്കല്‍
കേരള കാഷ്യൂ ബോര്‍ഡ് ലിമിറ്റഡിന് കേരള ബാങ്കില്‍ നിന്നും 100 കോടി രൂപ ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് നല്‍കിയ സര്‍ക്കാര്‍ ഗ്യാരന്റിയുടെ കാലാവധി വ്യവസ്ഥകള്‍ക്ക് വിധേയമായി 01.11.2024 മുതല്‍ 6 വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്‍കുന്നതിന് തീരുമാനിച്ചു.
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും (എന്‍.എസ്.എഫ്.ഡി.സി) വായ്പ ലഭിക്കുന്നതിനായി സംസ്ഥാന പട്ടികജാതി വികസന കോര്‍പ്പറേഷന് (കെ.എസ്.ഡി.സി) 150 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി 5 വര്‍ഷത്തേക്ക് (ആകെ 250 കോടി രൂപ) വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു.
കരാര്‍ റദ്ദാക്കി
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വേസ്റ്റ് എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് നിലവിലുള്ള പദ്ധതി അവസാനിപ്പിക്കുവാനും കോഴിക്കോട്, കൊല്ലം പ്ലാന്റുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്‍സെഷനയറുമായി ബന്ധപ്പെട്ട കണ്‍സഷന്‍ കരാര്‍ റദ്ദാക്കാനും തീരുമാനിച്ചു. ബ്രഹ്‌മപുരത്ത് ബി.പി.സി.എല്‍ ആഭിമുഖ്യത്തിലുള്ള സി.ബി.ജി പ്ലാന്റ് നിര്‍മ്മാണം നടന്നുവരുന്ന സാഹചര്യത്തിലും കോഴിക്കോടും തിരുവനന്തപുരത്തും സി.ബി.ജി പ്ലാന്റ് പ്രൊപ്പോസ് ചെയ്തിരിക്കുന്നതിനാലുമാണ് മേല്‍പ്പറഞ്ഞ കരാറുകള്‍ റദ്ദാക്കുന്നത്.
വാഹനം വാങ്ങാന്‍ അനുമതി
രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി.
#KeralaAssembly #KeralaCabinet #KeralaPolitics #IndiaPolitics #PolicySpeech