city-gold-ad-for-blogger

എൽഡിഎഫ് ജീവിക്കുന്നത് നുണ പ്രചരിപ്പിച്ച്; ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു: കെ സി വേണുഗോപാൽ; യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് കുമ്പളയിൽ തുടക്കം

 KC Venugopal inaugurating VD Satheesan's Puduyuga Yatra in Kumbla, Kasaragod.
Photo: Kumar Kasaragod

● വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുമ്പളയിൽ ഉദ്ഘാടനം ചെയ്തു.
● സത്യസന്ധരായ എസ്‌ഐടി ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപണം.
● അമ്പലക്കള്ളന്മാരെ സംരക്ഷിക്കാനുള്ള നീക്കം വിജയിക്കില്ലെന്ന് മുന്നറിയിപ്പ്.
● സിപിഎം നേതാവ് കുഞ്ഞികൃഷ്ണൻ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാരനാണെന്ന് പരാമർശം.

കുമ്പള: (KasargodVartha) എൽഡിഎഫ് സർക്കാർ നുണകൾ മാത്രം പ്രചരിപ്പിച്ചാണ് നിലനിൽക്കുന്നതെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തെ കേരള ജനത വൈകാതെ കുഴിച്ചുമൂടുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊന്നും പറയാനില്ലാത്തതിനാലാണ് കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടിയിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും സർക്കാർ അവരെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. പ്രതികളെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനാണ് ഈ നീക്കം. എന്നാൽ അമ്പലക്കള്ളന്മാരെ രക്ഷിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും, അവർ രക്ഷപ്പെട്ടുവെന്ന വിചാരം വേണ്ടെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. സത്യം മുഴുവൻ നാട്ടുകാർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിനെ ഈ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് പ്രഥമിക കുറ്റപത്രം പോലും നൽകാത്ത എസ്‌ഐടിയുടെ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ സിപിഎം നേതാവ് കുഞ്ഞികൃഷ്ണൻ നട്ടെല്ല് വളക്കാത്ത കമ്മ്യൂണിസ്റ്റുകാരനാണെന്നും വേണുഗോപാൽ പരാമർശിച്ചു. കേസിൽ സിപിഎമ്മിന്റെ പങ്ക് പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.

കേന്ദ്ര ബജറ്റിൽ കേരളത്തിന് കടലാമ സംരക്ഷണ പദ്ധതി നൽകിയതിനെ പരിഹസിച്ച വേണുഗോപാൽ, സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയും അതുപോലെയാണെന്ന് വിമർശിച്ചു. ആവശ്യത്തിന് മാത്രം തല പുറത്തിടുകയും പിന്നീട് അത് വലിക്കുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

'സാധാരണക്കാരന്റെയും ദൈവത്തിന്റെയും മുതൽ മോഷ്ടിച്ചു'; പിണറായി സർക്കാരും എം വി ഗോവിന്ദനും ദൈവശാപത്താൽ ചിത്തഭ്രമത്തിലെന്ന് കെ മുരളീധരൻ

സാധാരണക്കാരന്റെയും ദൈവത്തിന്റെയും മുതൽ കവർന്ന് ശാപം വാങ്ങിയവരാണ് എൽഡിഎഫ് സർക്കാരെന്നും പിണറായി വിജയൻ ഗവൺമെന്റ് അവസാന ശ്വാസം വലിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ ഉൾപ്പെട്ട സ്വർണ്ണം കട്ടതിന്റെ ഫലമായാണ് പിണറായി വിജയനും എം വി ഗോവിന്ദനും ദൈവശാപത്താൽ ചിത്തഭ്രമം സംഭവിച്ച രീതിയിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വർണ്ണക്കടത്ത് കേസിലെ എസ്‌ഐടിയുടെ പ്രവർത്തനം അതീവ ദയനീയമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ‘എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയും’ എന്ന തരത്തിലുള്ള കോടതിയുടെ പരാമർശത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വർണ്ണക്കള്ളന്മാരെയാകും ആദ്യം ജയിലിലടയ്ക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെയും മുരളീധരൻ വിമർശിച്ചു. രാഗേഷ് കണക്കുകൾ വ്യക്തമാക്കുന്നില്ലെന്നും കുഞ്ഞികൃഷ്ണനെ അധിക്ഷേപിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും കൊള്ളയും മുഖമുദ്രയാക്കിയ ഈ സർക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

'നിങ്ങളുടെ സമയം അവസാനിച്ചു, ഇനി ഞങ്ങളുടെ സമയം'; എൽഡിഎഫ് യാത്രയിൽ ബംഗാളിൽ നിന്ന് ആളെ ഇറക്കേണ്ട ഗതികേടാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

എൽഡിഎഫ് നടത്തുന്ന വികസന മുന്നേറ്റ ജാഥയിൽ ജനപങ്കാളിത്തം കുറവാണെന്നും സദസ്സ് നിറയ്ക്കാൻ ബംഗാളിൽ നിന്ന് ആളുകളെ ഇറക്കേണ്ട അവസ്ഥയിലാണ് ഭരണമുന്നണിയെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പേറ്റിയേ കേറ്റിയേ’ എന്ന പാട്ടിന് പകരം ‘പോറ്റിയെ ഇറക്കിയേ’ എന്ന വരി മാറ്റിപ്പാടേണ്ട ഗതികേടിലാണ് എൽഡിഎഫ് എത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും കുഞ്ഞാലിക്കുട്ടി കടുത്ത ഭാഷയിൽ പ്രതികരിച്ചു. അയ്യപ്പന്റെ സ്വർണ്ണം കട്ടവരോട് ഒരു തരത്തിലുള്ള പൊറുക്കലും ഉണ്ടാകില്ല. അത്തരം പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണതുടർച്ചയുടെ അഹങ്കാരത്തിൽ നിൽക്കുന്നവർക്കുള്ള മറുപടി ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

‘കാത്തിരുന്നോളീ.. നിങ്ങളുടെ സമയം അവസാനിച്ചു, ഇനി ഞങ്ങളുടെ സമയം’ എന്ന കർശനമായ മുന്നറിയിപ്പും കുഞ്ഞാലിക്കുട്ടി നൽകി. വരാനിരിക്കുന്നത് യുഡിഎഫിന്റെ കാലമാണെന്നും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമ്പളയിൽ നടന്ന ചടങ്ങിൽ വൻ ജനപങ്കാളിത്തമാണ് പുതുയുഗ യാത്രയ്ക്ക് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 'അധികാരത്തിൽ തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി'; തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി രാജി വെക്കണമായിരുന്നുവെന്ന് സണ്ണി ജോസഫ്

മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ അന്തസ്സുണ്ടായിരുന്നെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ രാജി വെക്കേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധി വ്യക്തമായി എൽഡിഎഫ് സർക്കാരിനെതിരെ വന്നിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

ഭരണപരമായ പരാജയങ്ങളും ജനവിരുദ്ധ നയങ്ങളുമാണ് എൽഡിഎഫ് സർക്കാരിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായത്. ജനങ്ങൾ നൽകിയ ഈ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ബോധപൂർവം ഒളിച്ചോടുകയാണ്. അധികാര ദുരുപയോഗവും അഴിമതിയും പിണറായി ഭരണത്തിന്റെ മുഖമുദ്രയായി മാറിയതായും കെപിസിസി പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചു.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പുതുയുഗ യാത്രയിലൂടെ ജനങ്ങളുടെ ശബ്ദം ശക്തമായി ഉയർത്തിക്കൊണ്ടുവരും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനവിധി യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുമ്പളയിൽ നടന്ന ചടങ്ങിൽ വൻ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് ലഭിച്ചതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

'കേരളത്തിന്റെ ഭാവിക്കായി ടീം യുഡിഎഫിന് പദ്ധതികളുണ്ട്'; ഇടതുഭരണത്തെ താഴെയിറക്കി നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് ഭരണത്തിലേറുമെന്ന് വി ഡി സതീശൻ.

തുടർച്ചയായ ഭരണത്തിലൂടെ കേരളത്തിന്റെ സർവ്വ മേഖലകളെയും പത്ത് വർഷം കൊണ്ട് നിശ്ചലമാക്കിയ ഇടതുമുന്നണി സർക്കാരിനെ താഴെയിറക്കി നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവും പുതുയുഗ യാത്രയുടെ ക്യാപ്റ്റനുമായ വി ഡി സതീശൻ. കേരളത്തിന്റെ ഭാവിക്കായി സമഗ്രമായ വികസന രൂപരേഖയോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും ഇത് ജനങ്ങളോട് വിശദീകരിക്കുകയാണ് പുതുയുഗ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കുമ്പളയിൽ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമായ ആരോഗ്യ, ഉന്നത വിദ്യാഭ്യാസ, ഗതാഗത മേഖലകളുടെ വികസനത്തിനായുള്ള പ്രത്യേക രേഖ ടീം യുഡിഎഫിന്റെ കൈവശമുണ്ട്. ഭാവി കേരളത്തെക്കുറിച്ചായിരിക്കും യാത്രയിലുടനീളം ചർച്ച ചെയ്യപ്പെടുക. ഇതിനായി വിവിധ മേഖലകളിലെ ജനങ്ങളുമായി സംവദിക്കും. യുഡിഎഫ് തയ്യാറാക്കിയ വികസന കാഴ്ചപ്പാട് കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കായി ഈ യാത്രയിൽ മുന്നോട്ടുവയ്ക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പുതുയുഗ യാത്ര കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സ്വാഗതം പറഞ്ഞു. ജാഥാ വൈസ് ക്യാപ്റ്റൻ പി കെ കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, കെ മുരളീധരൻ, എം കെ രാഘവൻ, ബെന്നി ബഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, പി എം എ സലാം, എം എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു.

ഘടകകക്ഷി നേതാക്കളായ ഷിബു ബേബി ജോൺ, പി ജെ ജോസഫ്, സി പി ജോൺ എന്നിവരും എംഎൽഎമാരായ പി വി അൻവർ, എ കെ എം അഷ്റഫ്, എൻ എ നെല്ലിക്കുന്ന്, മാത്യു കുഴൽനാടൻ, എൻ ഷംസുദ്ദീൻ, ചാണ്ടി ഉമ്മൻ, പി സി വിഷ്ണുനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സന്ദീപ് വാര്യർ, അബിൻ വർക്കി, റെജി എം ജോൺ, എസി ബാലകൃഷ്ണൻ, വികെ മിനിമോൾ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി കെ ഫൈസൽ തുടങ്ങി യുഡിഎഫ് നേതാക്കളുടെ വലിയ നിര തന്നെ ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. തിങ്ങിനിറഞ്ഞ സദസ്സിൽ ആവേശത്തോടെ വി ഡി സതീശനെ തോളിലേറ്റിയാണ് യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വരവേറ്റത്.

പുതിയ വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ.നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: AICC General Secretary KC Venugopal accused the LDF government of protecting culprits in the Sabarimala gold theft case during the inauguration of Puduyuga Yatra.

#KCVenugopal #VDSatheesan #PuduyugaYatra #UDF #KeralaPolitics #SabarimalaGoldCase #LDF #KasaragodNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia