Political Journey | കയ്യൂരിൻ്റെ പ്രിയപുത്രൻ; എം രാജഗോപാലൻ സിപിഎം ജില്ലാ സെക്രടറി പദവിയിലെത്തിയത് അരനൂറ്റാണ്ടിൻ്റെ രാഷ്ട്രീയ പാരമ്പര്യവുമായി

● 2016 മുതൽ തൃക്കരിപ്പൂർ എംഎൽഎ കൂടിയാണ്.
● 'ചെഗുവേര സ്റ്റൈൽ തൊപ്പി' യാണ് രാജഗോപാലനെ വേറിട്ട് നിർത്തുന്നത്.
● നിരവധി തവണ പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) കയ്യൂരിൻ്റെ പ്രിയ പുത്രൻ എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രടറി പദവിയിലെത്തിയത് അരനൂറ്റാണ്ടിൻ്റെ രാഷ്ട്രീയ പാരമ്പര്യവുമായി. ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യത്തിന്റെ നവോർജമാണ് എം രാജഗോപാലൻ എന്ന 64 കാരനെ നയിക്കുന്നത്. നിലവിൽ തൃക്കരിപ്പൂർ എംഎൽഎ കൂടിയാണ്.
ജില്ലയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് എത്തിയതിൻ്റെ സന്തോഷം എം രാജഗോപാലൻ സമ്മേളന നഗരിയിൽ മാധ്യമ പ്രവർത്തകർക്കായി നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. തൃക്കരിപ്പൂരിന്റെ ജനകീയ എംഎൽഎ എന്ന നിലയിൽ ജില്ലയിലെ എല്ലാ സാമൂഹ്യ- സാംസ്കാരിക- രാഷ്ടീയ വിഷയങ്ങളിലും സജീവമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ജില്ലയിൽ സിപിഎമിന്റെ പുതിയ കുതിപ്പിന്റെ മുഖം കൂടിയാകും അദ്ദേഹം.
'ചെഗുവേര സ്റ്റൈൽ തൊപ്പി' യാണ് രാജഗോപാലനെ വേറിട്ട് നിർത്തുന്നത്. ഡിവൈഎഫ്ഐയിൽ എത്തിയതോടെയാണ് തൊപ്പി ധരിക്കാൻ തുടങ്ങിയത്. പിന്നീട് തൊപ്പി ജീവിതത്തിന്റെ ഭാഗമായി. പാർടി പ്രവർത്തകർക്കിടയിൽ ചെഗുവേര എന്നറിയപ്പെടുന്ന നേതാവ് കൂടിയാണ് അദ്ദേഹം. 2016 മുതൽ തൃക്കരിപ്പൂർ എംഎൽഎയാണ്.
ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്.
ദേശാഭിമാനി ബാലസംഘത്തിലൂടെ വളരെ ചെറുപ്പത്തിലേ പൊതുപ്രവർത്തന രംഗത്തേക്ക് വന്നു. ബാലസംഘത്തിന്റെ കയ്യൂർ സെൻട്രൽ യൂണിറ്റ് സെക്രടറി, കയ്യൂർ വിലേജ് സെക്രട്ടറി, ഹൊസ്‌ദുർഗ് ഏരിയ സെക്രടറി, അഭിവക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.
എസ്എഫ്ഐ കയ്യൂർ ഗവ. ഹൈസ്കൂൾ യൂണിറ്റ് സെക്രടറി, അഭിവക്ത നീലേശ്വരം ഏരിയാ പ്രസിഡന്റ്, അവിഭക്ത കണ്ണൂർ ജില്ലാ ജോ. സെക്രടറി, കാസർകോട് ജില്ലാ സെക്രടറി, സംസ്ഥാന ജോ. സെക്രടറി, കേന്ദ്രകമിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. യുവജന സംഘടനാരംഗത്ത് കെ എസ് വൈ എഫ് ഹൊസ്‌ദുർഗ് ബ്ലോക് കമിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രടറി, സംസ്ഥാന ജോ. സെക്രടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എൻആർഇജി വർകേഴ്സ് യൂണിയൻ ജില്ലാ സെക്രടറി, അൺഎയ്‌ഡഡ് ടീചേഴ്സ് ആൻഡ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കൈത്തറി കൗൺസിൽ അംഗം, സിഐടിയു ജില്ലാ സെക്രട്ടറി, സിപിഎം ബേഡകം ഏരിയാ സെക്രടറി എന്നീ ചുമതലകളും വഹിച്ചു. വർഷങ്ങളായി സിപിഎം ജില്ലാ സെക്രടറിയറ്റ് അംഗമാണ്. കാലികറ്റ് സർവകലാശാല യൂണിയൻ ജനറൽ സെക്രടറിയും അക്കാദമിക് കൗൺസിൽ അംഗവുമായിരുന്നു.
2000-2005 ൽ കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2006-2011 വർഷത്തിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. റെയിൽവേ പാലക്കാട് ഡിവിഷൻ ഡിആർയുസിസി അംഗം, റെയ്ഡ്കോ ഡയറക്ടർ, ടെലികോം അഡ്വൈസറി കമ്മിറ്റി അംഗം (ബിഎസ്എൻഎൽ), ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ, കയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
നിരവധി തവണ പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. പരേതരായ കയ്യൂരിലെ പി ദാമോദരൻ - എം ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഐ ലക്ഷ്മിക്കുട്ടി, മക്കൾ: ഡോ. എൽ ആർ അനിന്ദിത, എൽ ആർ സിദ്ധാർഥ് (എൽഎൽബി വിദ്യാർഥി), മരുമകൻ: ഡോ.രോഹിത്.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
M. Rajagopalan, a long-time public figure, takes charge as CPM Kasaragod District Secretary, continuing a political legacy of over 50 years.
#Kasaragod #Rajagopalan #CPM #PoliticalLegacy #Kayyur #Memeber