Leadership | കാസർകോട്ടെ ആദ്യത്തെ വനിതാ ബിജെപി ജില്ലാ പ്രസിഡന്റ് ചുമതലയേറ്റു; പാർടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് എംഎൽ അശ്വിനി

● പാർടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം എംഎൽ അശ്വിനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
● ജില്ലയിൽ ബിജെപിയെ കൂടുതൽ ശക്തമായ ഒരു പ്രസ്ഥാനമാക്കി വളർത്തുമെന്ന് അശ്വിനി പറഞ്ഞു.
● പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും അശ്വിനി കൂട്ടിച്ചേർത്തു.
കാസർകോട്: (KasargodVartha) ബിജെപിയുടെ കാസർകോട്ടെ ആദ്യത്തെ വനിതാ ജില്ലാ പ്രസിഡന്റായി എംഎൽ അശ്വിനി തിങ്കളാഴ്ച കറന്തക്കാട്ടെ ബിജെപി ആസ്ഥാനത്ത് ചുമതലയേറ്റു. പാർടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം എംഎൽ അശ്വിനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് താനുൾപെടെ മൂന്ന് വനിതകളെയാണ് ഇത്തവണ ജില്ലാ പ്രസിഡന്റുമാരായി നിയമിച്ചിട്ടുള്ളതെന്നും വനിതകൾക്ക് പാർടിയിൽ പ്രാതിനിധ്യം നൽകിയതിൽ നന്ദി അറിയിക്കുന്നുവെന്നും അശ്വിനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി പ്രവർത്തിക്കും. ജില്ലയിൽ ബിജെപിയെ കൂടുതൽ ശക്തമായ ഒരു പ്രസ്ഥാനമാക്കി വളർത്തും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചപ്പോൾ ഉണ്ടായ വോട് വർധനവ് ബിജെപിയുടെ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും അശ്വിനി അഭിപ്രായപ്പെട്ടു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അടക്കമുള്ള കാര്യങ്ങളിൽ പാർടി നേതൃത്വം തീരുമാനിച്ചാൽ അനുസരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാർടിക്കുളിൽ ഉണ്ടായിട്ടുള്ള സംഘടനാപരമായ വിഭാഗീയതയും പ്രശ്നങ്ങളും മുൻ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന്റെ നേതൃത്വത്തിൽ നേതാക്കൾ ഇടപെട്ട് നല്ല രീതിയിൽ പരിഹരിച്ചിട്ടുണ്ടെന്നും അശ്വിനി പറഞ്ഞു.
പാർടിയിൽ ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ദേശീയ നേതൃത്വത്തിന്റെ താല്പര്യപ്രകാരമാണ് കാസർകോട് ജില്ലയ്ക്ക് വനിതാ പ്രാതിനിധ്യം നൽകിയിരിക്കുന്നതെന്നും അശ്വിനിക്ക് ഒപ്പം ഉണ്ടായിരുന്ന രവീശ തന്ത്രി കുണ്ടാർ പ്രതികരിച്ചു. മൂന്ന് പേർ നോമിനേഷൻ നൽകിയെന്ന പ്രചാരണം ശരിയല്ലെന്നും അശ്വിനി മാത്രമാണ് നോമിനേഷൻ നൽകിയതെന്നും അവരെ പ്രസിഡന്റ് ആക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രടറി എസ് സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകന്‍ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ടായിരുന്ന രവീശ തന്ത്രി കുണ്ടാര്‍, നേതാക്കളായ എസ് വേലായുധന്‍, സഞ്ജീവ ഷെട്ടി, സംസ്ഥാന സെക്രടറി കെ ശ്രീകാന്ത്, വിജയ്‌റായ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
ML Ashwini becomes Kasargod’s first female BJP district president, pledging to strengthen the party and follow Modi’s vision on women empowerment.
#MLAshwini #BJP #WomenEmpowerment #Kasargod #Leadership #Modi