പുറം മോടികളല്ല, ക്രിയാത്മക ചിന്തകളാണ് കാസർകോടിന് ആവശ്യം
May 12, 2021, 16:01 IST
മുഹമ്മദ് മൊഗ്രാൽ
(www.kasrgodvartha.com 12.05.2021) കോവിഡിന്റെ തുടക്കത്തിൽ ഏറെ മുറവിളികൾക്ക് ശേഷമാണെങ്കിലും കേരള സർക്കാർ അടിയന്തിരമായി കുറെ ആരോഗ്യപ്രവർത്തകരെയും അത്യാവശ്യം ഉപകരണങ്ങളും കാസർകോട്ടെ മെഡിക്കൽ കോളേജിന് വേണ്ടി അയച്ചിരുന്നല്ലോ. അതിന്റെ തുടർച്ചയായി ഈ ഒരു വർഷം കൊണ്ട് നടപ്പാക്കാമായിരുന്ന ബാക്കി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു പ്രവർത്തന സജ്ജമാക്കാത്തതിന്റെ ഭവിശ്യത്താണ് നാം ഇന്നനുഭവിക്കുന്നത്.
എന്തെങ്കിലും നക്കാപിച്ച കിട്ടുമ്പോളേക്കും കവാത്ത് മറക്കുന്ന ജനതയായി നാം മാറിയതിന്റെ തിക്ത ഫലം. അതോടൊപ്പം എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള ടാറ്റ ഹോസ്പിറ്റലും കൂടി വരുന്നു എന്നറിഞ്ഞപ്പോൾ ഭരണകൂടങ്ങൾ പതിറ്റാണ്ടുകളായി ഈ ജില്ലയോട് കാണിച്ച അവഗണനകളുടെ ചരിത്രം നാം ഒരിക്കൽ കൂടി മറന്നു. ഏത് മേഖലകളെടുത്താലും ഓരോ സന്ദർഭങ്ങളിലും അധികാരികൾ വളരെ അവജ്ഞയോടെയും പുച്ഛത്തോടെയും തന്നെയാണ് ഈ നാടിനെ നോക്കി കണ്ടിട്ടുള്ളത്.
സാങ്കേതിക കാരണങ്ങൾ നിരത്തി ഓരോ പദ്ധതിയും ഫയലുകളിൽ വിശ്രമിച്ചു അകാല ചരമം പ്രാപിക്കുന്നതാണ് നാം എപ്പോഴും കാണാറുള്ളത്. നാം തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികൾ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ തീർത്തും പരാജയപ്പെടുന്ന കാഴ്ച ഏറെ സങ്കടകരമാണ്. ഓരോ വാർഡ് മെമ്പറിനും തന്റെ വാർഡിൽ നടപ്പിലാക്കേണ്ട വികസനത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടും പദ്ധതിയും ഉണ്ടായാലേ ആ പഞ്ചായത്തിലെ മൊത്തം വികസനത്തിനു ഒരു ചടുലതയും കാര്യക്ഷമതയും ഉണ്ടാവൂ എന്നത് പോലെ ബ്ലോക്കിലും മണ്ഡലത്തിലും ജില്ലയിലും യഥാർത്ഥ വികസനം സാധ്യമവണമെങ്കിൽ മറ്റു ജന പ്രതിനിധികളും കൂടുതൽ പ്രതിബദ്ധതയുള്ളവരും ഉത്തരവാദിത്വ ബോധമുള്ളവരും അവസരോചിതമായി പ്രവർത്തിക്കുന്നവരും ആയിരിക്കണം.
ദൗർഭാഗ്യകരമെന്ന് പറയട്ടെ സ്വന്തം രാഷ്ട്രിയ താല്പര്യങ്ങൾക്കപ്പുറം മറ്റൊരജണ്ടയും നമുക്കോ നാം തിരഞ്ഞെടുത്തയക്കുന്നവർക്കോ ഇല്ല എന്നതല്ലേ സത്യം. വീഴ്കൾ മറച്ചു വെച്ച് പരസ്പരം പഴിചാരിയും വെടക്കാക്കി തനിക്കാക്കി ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചു പൊതുസമൂഹത്തിന്റെ നേർക്ക് കൊഞ്ഞനം കുത്തുന്ന അപാര തൊലിക്കട്ടിക്കാരായ രാഷ്ട്രീയക്കാരുടെ ആ തനി ശൈലിയുണ്ടല്ലോ, അത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായാൽ കൊള്ളാം എന്ന് ഇത്തക്കാരെ ഓർമിപ്പിക്കാതിരിക്കാൻ നിർവാഹമില്ല.
കാസർകോട്ടെ സമ്പന്നരായ ഒരുപാട് ആളുകൾ മൾട്ടി ആശുപത്രികൾ അടക്കം വൻ പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം വെറും പ്രഖ്യാപനങ്ങളായി മാറി. സമ്പന്നരായ ആളുകൾ കൂടി ചേരുമ്പോൾ ഒരു പ്രബല ശക്തിയായി മാറും. എന്നാൽ ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തി നാടിന്റെ വിശാല താല്പര്യം കണക്കിലെടുത്തു ക്രിയാത്മകമായി ചെയ്യാൻ അവരിൽ പലരും മുന്നോട്ട് വരാത്തത് വേദനാജനകമാണ്.
നീതിയും നിയമവും കൈകാര്യം ചെയ്യാൻ ഈ ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന പല ഉദ്യോഗസ്ഥർക്കും പൊതുജനങ്ങളുടെ മേലെ കുതിര കയറാനും ഷൈൻ ചെയ്യാനും അനധികൃത സമ്പാദ്യത്തിനും, എങ്ങിനെയെങ്കിലും ജോലി ചെയ്തു എന്ന് വരുത്തി തീർത്ത് മാസം തോറും ശമ്പളവും വാങ്ങി സ്ഥലം കാലിയാക്കാനും മാത്രമല്ലേ നേരമുള്ളൂ. സ്വന്തം മനസ്സാക്ഷിയോട് കൂർ പുലർത്താത്തവർ കാലം കാത്ത് വെച്ച കാവ്യ നീതിക്ക് വേണ്ടി കാത്തിരുന്നേ തീരൂ.
ഗൾഫ് എന്ന മോഹവലയത്തിൽ നിന്നും പുറത്ത് കടന്ന്, ദൈനംദിനം മാറിക്കൊണ്ടിരിക്കുന്ന സമകാലീന യാഥാർഥ്യങ്ങളോട് പോരാടാൻ, നേടിയ വിദ്യാഭ്യാസവും അറിവും കൊണ്ട് അതിജീവനത്തിനും സാമൂഹിക പുരോഗതിക്കും ഒരു ബദൽ സംവീധാനം രൂപപ്പെടുത്താനോ ക്രിയാത്മകമായി സംവദിക്കാനും നമുക്ക് ചുറ്റുമുള്ള പുതു തലമുറകൾ പോലും വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്ന ദുഃഖ സത്യവും ചിന്തിക്കേണ്ടുന്നത് തന്നെയാണ്.
Keywords: Kasaragod, COVID-19, Government, Health-Department, Medical College, Politics, News, Kasargod needs positive thinking, not outward appearances.
< !- START disable copy paste -->