കാസർകോട് തെരെഞ്ഞെടുപ്പ് ചൂടിലേക്ക്; ഉദുമയും കൂടി പിടിച്ചെടുത്ത് മേധാവിത്വം നേടാൻ യുഡിഎഫ്, മൂന്നും നില നിർത്താൻ എൽഡിഎഫ്, മഞ്ചേശ്വരവും കാസർകോടും സ്വപ്നം കണ്ട് ബിജെപി
Feb 26, 2021, 19:56 IST
കാസർകോട്: (www.kasargodvartha.com 26.02.2021) തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ജില്ലയിൽ ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങി.
ജില്ലയിൽ ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിലവിൽ എൽഡിഎഫിന് മൂന്നും യുഡിഎഫിന് രണ്ടും സീറ്റാണുള്ളത്. ബിജെപിക്ക് സീറ്റൊന്നും ഇല്ലെങ്കിലും രണ്ട് മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്തുണ്ട്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ യുഡിഎഫിന് ഒപ്പവും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമാണ്. നേരിയ വോട്ടിനാണ് 2016 ലെ തെരെഞ്ഞെടുപ്പിൽ ബിജെപി മഞ്ചേശ്വരത്ത് അടിയറവ് പറഞ്ഞത്.
ശക്തമായ പോരാട്ടത്തിന് ഒടുവിൽ വെറും 89 വോട്ടിന് മാത്രമായിരുന്നു ബിജെപിയുടെ കെ സുരേന്ദ്രൻ മുസ്ലിം ലീഗിന്റെ പിബി അബ്ദുൽ റസാഖിനോട് പരാജയം രുചിച്ചത്. എന്നാൽ പി.ബി. അബ്ദുൾ റസാഖിൻ്റെ മരണത്തെ തുടർന്ന് ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ ലീഡ് നേടി തിരിച്ച് വന്നു.
മൂന്ന് മുന്നണികളും വിജയിക്കാമെന്ന് വിശ്വസിക്കുന്ന അപൂർവം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കുറെ വർഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. ഈ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നും മഞ്ചേശ്വരമായിരിക്കും. നിലവിലെ എംഎൽഎ എം സി ഖമറുദ്ദീൻ, ഫാഷൻ ഗോൾഡ് ജ്വലറി തട്ടിപ്പ് ആരോപണത്തിന്റെ പേരിൽ റിമാൻഡിലായി ജയിലിൽ പോകേണ്ടി വന്നത് ഇരു മുന്നണികളും ആയുധമാക്കും.
എംസി ഖമറുദ്ദീൻ മത്സരിച്ചേക്കില്ലെന്നാണ് ഇതുവരെയുള്ള സൂചനകൾ. അങ്ങനെ എങ്കിൽ പുതുമുഖം മഞ്ചേശ്വരത്ത് വന്നേക്കാം.
മഞ്ചേശ്വരം പോലെ ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കുന്ന മണ്ഡലമാണ് കാസർകോട്. നിലവിലെ എംഎൽഎ എൻ എ നെല്ലിക്കുന്ന് തന്നെ മൂന്നാം വട്ടവും മത്സരിക്കുമെന്നാണ് റിപോർടുകൾ. പൊതുവെ മുസ്ലിം ലീഗിന് മുൻതൂക്കമുള്ള മണ്ഡലമാണിത്. 1977 മുതൽ തുടർച്ചയായി മുസ്ലിം ലീഗ് വിജയിച്ചു വരുന്നു. കാൽ നൂറ്റാണ്ട് കാലം സി ടി അഹ്‌മദ് അലി എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ എ നെല്ലിക്കുന്ന് വിജയിച്ചത്.
യുഡിഎഫ് ഇത്തവണ പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച മണ്ഡലമാണ് ഉദുമ. ഏറ്റവും ശക്തമായ മത്സരം നടന്ന കഴിഞ്ഞ തവണ പോലും മണ്ഡലം നില നിർത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2016 ൽ ഉദുമയിൽ നടന്നത്. എൽഡിഎഫിലെ കെ കുഞ്ഞിരാമനെ നേരിട്ടത് കെ സുധാകരൻ ആയിരുന്നു. എന്നാൽ 3882 വോട്ടിന് കെ കുഞ്ഞിരാമൻ ജയിച്ചു കയറി. ഇത്തവണ കാറ്റ് മാറിവീശുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം തന്നെ പിടിച്ചെടുക്കാൻ കാരണമായ പെരിയ കല്യോട്ടെ ഇരട്ട കൊലപാതകം നടന്നത് ഈ മണ്ഡലത്തിലാണ്. സംഭവം നടന്ന പുല്ലൂർ പെരിയ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലം കൊണ്ട് കുറെ കാലത്തിന് ശേഷം ഉദുമയിലൂടെ കോൺഗ്രസിന് ജില്ലയിൽ എംഎൽഎ ഉണ്ടാവുമെന്ന് അവർ കണക്ക് കൂട്ടുന്നു.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമാണ് കാഞ്ഞങ്ങാട്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ഈ മണ്ഡലം. സി പി എമാണ് ശക്തമായ സാന്നിധ്യമെങ്കിലും കാലങ്ങളായി സിപിഐ ആണ് കാഞ്ഞങ്ങാട് മത്സരിക്കുന്നത്. ഇടതുപക്ഷ പ്രവർത്തകനായ അബ്ദുൽ റഹ്‌മാൻ ഔഫിന്റെ കൊലപാതകത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രതിരോധത്തിലാവുന്ന മണ്ഡലം കൂടിയാണിത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭ നിലനിർത്തിയതടക്കം മണ്ഡല പരിധിയിൽ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസം എൽഡിഎഫിനുമുണ്ട്.
ഒരു പാർടി മാത്രം ജയിച്ച ചരിത്രമുള്ള സംസ്ഥാനത്തെ അപൂർവം കുത്തക മണ്ഡലങ്ങളിലൊന്നാണ് തൃക്കരിപ്പൂർ. മണ്ഡലം രൂപീകൃതമായ 1977 മുതൽ സിപിഎം മാത്രമാണ് ഇവിടെ ജയിച്ചു വരുന്നത്. രണ്ട് തവണ മുൻ മുഖ്യമന്ത്രി ഇകെ നായനാരും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ഒരുപാട് പാർടി ഗ്രാമങ്ങളുള്ള തൃക്കരിപ്പൂർ എല്ലാകാലത്തും എൽഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്. ശക്തമായ സാന്നിധ്യം കാഴ്ച വെക്കാനായിരിക്കും യുഡിഎഫ് ശ്രമിക്കുക.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചതിൻ്റെ ആതമവിശ്വാസം യൂഡിഎഫിനുണ്ട്. കൊലപതാക രാഷ്ട്രീയവും മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകും. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും പിണറായി വിജയൻ സർകാരിന്റെ വികസന പദ്ധതികളും എൽഡിഎഫും ഉയർത്തിക്കാട്ടും.
യോഗി ആദിത്യനാഥിനെ തന്നെ കൊണ്ട് വന്ന് ബിജെപിയും കളം പിടിച്ച് കഴിഞ്ഞു. ഇനി തീപ്പാറും പോരാട്ടത്തിൻ്റെ നാളുകളാണ്.
Keywords: Kerala, News, Kasaragod, Top-Headlines, Election, CPM, BJP, Muslim-league, UDF, Political party, Politics, Kasargod election heats up; UDF to capture Uduma and gain dominance, LDF to stay third, BJP to dream of Manjeshwar and Kasargod.
< !- START disable copy paste -->