ദേശീയ പാതയിലെ ബസ് സ്റ്റോപ്പ് വിവാദം കത്തുന്നു; 'ലീഗ് ഓഫീസ് ജംഗ്ഷൻ' എന്ന് പേര് നൽകണമെന്ന് ആവശ്യം; പ്രതിഷേധങ്ങൾക്കിടെ എം എൽ എ എത്തി; പ്രശ്നപരിഹാരമില്ലാതെ മടങ്ങി
● പരിഹാരമുണ്ടാക്കാൻ ലീഗ് നേതൃത്വം ഇടപെടുന്നില്ലെന്ന് ആരോപണം.
● ചർച്ച രഹസ്യമാക്കാൻ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
● 'ടി.എം. കുഞ്ഞി റോഡ്' എന്ന ബോർഡ് വീണ്ടും സ്ഥാപിച്ചതും പ്രതിഷേധത്തിന് കാരണമായി.
● ബസ് സ്റ്റോപ്പിന് 'ലീഗ് ഓഫീസ് ജംങ്ഷൻ' എന്ന് പേര് നൽകണമെന്ന് ആവശ്യം.
കാസർകോട്: (KasargodVartha) ദേശീയപാതയിലെ ബസ് സ്റ്റോപ്പിന്റെ പേരുമായി ബന്ധപ്പെട്ട് കാസർകോട് മൊഗ്രാലിൽ വിവാദം ആളിക്കത്തുന്നു. നിലവിൽ 'ലീഗ് ഓഫീസ് ജംങ്ഷൻ' എന്ന് അറിയപ്പെടുന്ന ബസ് സ്റ്റോപ്പിന് ദേശീയപാത അതോറിറ്റി 'ടി.എം. കുഞ്ഞി റോഡ്' എന്ന് പേര് നൽകിയതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്.
വിഷയം പരിഹരിക്കുന്നതിനായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌നപരിഹാരമുണ്ടാകാതെ മടങ്ങുകയായിരുന്നു. 20 ദിവസമായിട്ടും വിഷയത്തിൽ മുസ്ലീം ലീഗ് നേതൃത്വം ഇടപെടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ എംഎൽഎയെ പ്രതിഷേധം അറിയിച്ചു.
അതേസമയം, പരാതിക്കാരെ അറിയിക്കാതെയും ചർച്ചയ്ക്ക് ക്ഷണിക്കാതെയും രഹസ്യമായി പ്രാദേശിക നേതാക്കൾക്കൊപ്പം ഫോട്ടോ എടുക്കാനാണ് എംഎൽഎ എത്തിയതെന്നാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ ആരോപണം.
ഇത് ചോദ്യം ചെയ്തപ്പോൾ എംഎൽഎയുടെ പ്രതികരണം കൂടുതൽ പ്രതിഷേധത്തിനിടയാക്കി. ഇതിനിടെ, എംഎൽഎയുടെ സന്ദർശനം വീഡിയോയിൽ പകർത്തിയ യു.ഡി.എഫ്. പ്രവർത്തകന്റെ ഫോൺ തട്ടിത്തെറിപ്പിച്ചതായും പറയുന്നു.
വിഷയം ചർച്ച ചെയ്യാനെത്തിയ എം.എൽ.എയുടെ മുന്നിൽ കുമ്പള പഞ്ചായത്തിലെ അഴിമതി ആരോപണങ്ങളും പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ പങ്കും ഉൾപ്പെടെ ചർച്ചയായതോടെ പ്രശ്നം കൂടുതൽ വഷളാവുകയും എം.എൽ.എ. മടങ്ങുകയും ചെയ്തു.
'ലീഗ് ഓഫീസ് ജംങ്ഷൻ' എന്ന് പേര് നൽകണം
മൊഗ്രാൽ ടൗണിനും മൊഗ്രാൽ പാലത്തിനുമിടയിലുള്ള ബസ് സ്റ്റോപ്പ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി 'ലീഗ് ഓഫീസ് ജംങ്ഷൻ' എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് ഇമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എം. ഷുഹൈബ് പറഞ്ഞു.
ദേശീയപാതാ വികസനത്തെ തുടർന്ന് സർവീസ് റോഡിനോട് ചേർന്ന് നിർമിച്ച ബസ് സ്റ്റോപ്പിന് നിർമാണ കമ്പനിയായ യു.എൽ.സി.സി. 'ടി.എം. കുഞ്ഞി റോഡ്' എന്ന് ബോർഡ് സ്ഥാപിക്കുകയായിരുന്നു. എന്നാൽ, സ്ഥലത്തിന് സമീപമുള്ള ഉൾറോഡിന്റെ പേര് മാത്രമാണ് ടി.എം. കുഞ്ഞി റോഡെന്നും ഈ പേരുമായി ജംങ്ഷന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ട്രസ്റ്റ് ഭാരവാഹികൾ യു.എൽ.സി.സി. അധികൃതരുമായും പഞ്ചായത്ത് അധികൃതരുമായും എം.എൽ.എ.യുമായും ബന്ധപ്പെട്ടപ്പോൾ 'ലീഗ് ഓഫീസ് ജംങ്ഷൻ' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് 'മൊഗ്രാൽ കടവത്ത് ബസ് സ്റ്റോപ്പ്' എന്ന് പുനർനാമകരണം ചെയ്ത ബോർഡാണ് സ്ഥാപിച്ചത്. ഇത് വീണ്ടും പ്രതിഷേധങ്ങൾക്കിടയാക്കിയതോടെ ആ ബോർഡ് നീക്കം ചെയ്തു.
എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ആളുകളെല്ലാം പള്ളിയിൽ പോയ സമയത്ത് 'ടി.എം. കുഞ്ഞി റോഡ്' എന്ന പഴയ ബോർഡ് വീണ്ടും സ്ഥാപിച്ചെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. ഇത് ചിലരുടെ കുത്സിതനീക്കമാണെന്ന് ആരോപിച്ചുകൊണ്ട് വിഷയത്തിൽ വേഗത്തിൽ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എം. ഷുഹൈബ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇത് ഷെയർ ചെയ്യാനും മറക്കരുത്!
Article Summary: Kasaragod bus stop renaming causes internal conflict in Muslim League.
#Kasaragod, #BusStop, #MuslimLeague, #AKMAshraf, #KeralaPolitics, #YouthLeague






